Latest News

മൂന്നു വീടുകളില്‍ നിന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍

കൊച്ചി:  മൂന്നു വീടുകളില്‍ നിന്നായി 50 പവന്‍ സ്വര്‍ണം കവര്‍ന്ന വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ എരൂര്‍ കുഴിവേലില്‍ ഹേമ സുനില്‍(39) ആണ് അറസ്റ്റിലായത്. പനമ്പിള്ളി നഗറിലെ മൂന്നു ഫ്‌ളാററുകളിലായിരുന്നു മോഷണം നടന്നത്. മേത്തര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന വിതുല ചെറിയാന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു 15 പവനും ആര്‍ഡിഎസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മൈമൂണയുടെ 15 പവനും മേത്തര്‍ ഓര്‍ക്കിഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്രതിഭയുടെ 20 പവനും സ്വര്‍ണാഭരണമാണു ഹേമ മോഷ്ടിച്ചതെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌ഐ വി. ഗോപകുമാര്‍ പറഞ്ഞു.

മോഷണം നടന്ന മൂന്നു വീടുകളിലും ഹേമ ജോലി ചെയ്തിരുന്നതായി മനസ്സിലാക്കിയതോടെ ഹേമ സൗത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സഹോദരിയുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന 15 പവന്‍ നഷ്ടപ്പെട്ടതോടെ വിതുല ചെറിയാനാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. അലമാരയില്‍ നിന്നാണു സ്വര്‍ണം നഷ്ടപ്പെട്ടത്. വീടും അലമാരയും കുത്തിതുറന്നല്ല മോഷണം നടത്തിയതെന്നു വ്യക്തമായതോടെ വീട്ടുജോലിക്കാരിയെ തന്നെയാണ് ആദ്യം സംശയിച്ചത്.

മോഷണത്തിനു ശേഷം അമ്മ മരിച്ചതായി വിതുലയെ അറിയിച്ച ഹേമ ജോലിക്കു വരാതായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹേമയുടെ അമ്മ മരിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടു. ഹേമയുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ തുടര്‍ച്ചയായി വിളിച്ചതായി കണ്ടെത്തിയ രണ്ടു നമ്പറുകള്‍ മൈമൂണയുടേയും പ്രതിഭയുടേതുമാണെന്നു കണ്ടെത്തി.

പൊലീസിന്റെ കൈവശമുണ്ടായിരുന്ന ഫോട്ടോ കാണിച്ചിട്ടും രണ്ടുവീട്ടുകാരും ഹേമയെ തിരിച്ചറിഞ്ഞില്ല. എന്നാല്‍ മോഷണം നടന്ന സമയത്ത് ഈ വീടുകളില്‍ ജോലിക്കു നിന്ന സ്ത്രീ അവരെ വിളിക്കാനായി നല്‍കിയിരുന്നത് ഒരേ നമ്പറായിരുന്നു. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് അത് കേസിലെ ആദ്യപരാതിക്കാരിയായ വിതുലയുടെ നമ്പറാണെന്നു മനസ്സിലായത്. ഇത് മൂന്നു മോഷണങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ണായക കണ്ണിയായി.

മൈമൂണയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയമണ്ട് നെക്‌ലസ് നേരത്തെ മോഷണം പോയിരുന്നു. ഇക്കാരണത്താല്‍ വീണ്ടും മോഷണം നടന്ന വിവരം നാണക്കേടു കരുതി ഇവര്‍ പുറത്തു പറഞ്ഞിരുന്നില്ല. പൊലീസിന്റെ അന്വേഷണത്തിനിടയില്‍ പ്രതിഭ സ്വന്തം വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് 20 പവന്റെ ആഭരങ്ങള്‍ നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്. ഇതോടെ രണ്ടു വീട്ടുകാരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തെളിവുകള്‍ ശക്തമായതോടെ ഹേമയെ കസ്റ്റഡിയിലെടുത്ത പൊലീസ്, പ്രതി മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഷണ്‍മുഖം റോഡിലെ ജ്വല്ലറിയില്‍ നിന്നു കണ്ടെത്തി. മോഷണ മുതല്‍വിറ്റു കിട്ടിയ പണം കൊണ്ടു വാങ്ങിയ വിലകൂടിയ സാരികള്‍, ചുരിദാറുകള്‍, സ്വര്‍ണാഭരണങ്ങള്‍, മുന്തിയ ഇനം വീട്ടുപകരണങ്ങള്‍ എന്നിവയും പൊലീസ് കണ്ടെത്തി. ഇതേ പണം കൊണ്ടു ഹേമ വാങ്ങി വളര്‍ത്തിയിരുന്ന 110 താറാവുകളേയും അഞ്ച് ആടുകളേയും ലേലം ചെയ്തു പണം കോടതിയില്‍ അടയ്ക്കാനുള്ള നടപടിയും പൊലീസ് തുടങ്ങി.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.