Latest News

അപവാദപ്രചാരണം; പഞ്ചായത്തംഗവും ഭാര്യയും മകളും കിണറ്റില്‍ച്ചാടി മരിച്ചു

കണ്ണൂര്‍: രാഷ്ട്രീയ എതിരാളികള്‍ അപവാദം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് നാലംഗകുടുംബം കിണറ്റില്‍ ചാടി. അഛനും അമ്മയും ഒരു മകളും മരിച്ചു. മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മുഴക്കുന്ന് പഞ്ചായത്ത് നല്ലൂര്‍ 13ാം വാര്‍ഡംഗവും സിപിഐ എം മുഴക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവുമായ പറമ്പത്ത് സന്തോഷ്ബാബു (38), ഭാര്യ ഷൈമ(30) മകള്‍ നമിത (കുഞ്ചു7) എന്നിവരാണ് മരിച്ചത്. സന്തോഷിന്റെ മകന്‍ ഷഹീന്‍ ബാബു (കുട്ടു12)വിനെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പകല്‍ രണ്ടോടെയാണ് സംഭവം. പണി തീരാത്ത വീടിന്റെ വാര്‍പ്പിനു മുകളില്‍ കയറി വീടിനോടുചേര്‍ന്ന കിണറ്റിലേക്ക് കുട്ടികളോടൊപ്പം സന്തോഷ്ബാബു ചാടുകയായിരുന്നു. പുറകെ ഷൈമയും ചാടി. ശബ്ദം കേട്ടെത്തിയ അയല്‍വാസികളും പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുമാണ് എല്ലാവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലിലെത്തിക്കുന്നതിനിടെ മൂന്നുപേരും മരിച്ചു.

ഷൈമയുടെ പേരില്‍ ഐഎവൈ പദ്ധതി പ്രകാരം വീട് ലഭിച്ചിരുന്നു. ഇതില്‍ അഴിമതി ആരോപിച്ച് പ്രാദേശിക പ്രതിപക്ഷ നേതാക്കള്‍ നാട്ടില്‍ വ്യാജ പ്രചരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ വന്ന വാര്‍ത്തയില്‍ സന്തോഷ് ബാബുവിന്റെ പേര് പരാമര്‍ശിച്ച് അഴിമതി ആരോപിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് സന്തോഷ് ബാബു കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി രാജുവിനോട് 12 സെന്റ് സ്ഥലം മാത്രമുള്ള തന്റെ കുടുംബത്തിന് നിയമപരമായാണ് വീട് ലഭിച്ചതെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ കുടുംബമടക്കം ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞിരുന്നതായി വിവരമുണ്ട്.

എന്നാല്‍, ശനിയാഴ്ച രാവിലെ നല്ലൂരിലും പരിസര പ്രദേശത്തും പത്ര വാര്‍ത്ത ഫോട്ടോസ്റ്റാറ്റെടുത്ത് ചിലര്‍ പതിച്ചു. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട സന്തോഷ്ബാബുവും കുടുംബവും അസ്വസ്ഥരായിരുന്നു. നമിത നല്ലൂര്‍ എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നല്ലൂരിലെ പറമ്പത്ത് ഗോവിന്ദന്‍, ഗൗരി ദമ്പതികളുടെ മകനാണ് സന്തോഷ്ബാബു. കതിരൂര്‍ പുല്യോട് സ്വദേശിയാണ് ഷൈമ. പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നല്ലൂരിലേക്ക് കൊണ്ടുവരും.


Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.