Latest News

ഡോക്ടറേറ്റ് വില്‍പനയ്ക്ക്; ഏജന്റ് ഒളിക്യാമറയില്‍ കുടുങ്ങി

കാസര്‍കോട്: പണം വാങ്ങി ഡോക്ടറേറ്റ് തരപ്പെടുത്തി കൊടുക്കുന്നയാള്‍ പ്രമുഖ മലായാളം ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയതോടെ കാസര്‍കോട് ജില്ലയിലടക്കം ലക്ഷങ്ങള്‍ മുടക്കി ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രമുഖര്‍ അങ്കലാപ്പില്‍.

കൊല്ലം സ്വദേശിയായ പ്രദീപാണ് ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത്. കൊളംബോ ഓപ്പണ്‍ സര്‍വകലാശാലയിലെ ആജീവനാന്ത അംഗമാണെന്നും ഗാന്ധിപീസ് ഫൗണ്ടേഷന്റെ ചെയര്‍മാനാണെന്നും പരിചയപ്പെടുത്തിയ പ്രദീപ് മൂന്ന് ലക്ഷം നല്‍കിയാല്‍ കൊളംബോയിലെ ഒരു സര്‍വകലാശാലയുടെ പിഎച്ച്്ഡി സംഘടിപ്പിച്ചു തരാമെന്ന് ചാനല്‍ റിപ്പോര്‍ട്ടറോട് വഗ്ദാനം ചെയ്യുന്ന വീഡിയോ ക്ലിപ്പാണ് ചാനലില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ സംപ്രേഷണം ചെയ്തത്.

പ്രദീപ് നല്‍കുന്ന അപേക്ഷാഫോമില്‍ ഒപ്പിടുക, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങള്‍ നല്‍കുക, ഒപ്പം മൂന്നുലക്ഷം രൂപയും. കൊളംബോ ആസ്ഥാനമായ ഓപ്പണ്‍ സര്‍വകലാശാലയുടെ പേരിലുള്ള പി.എച്ച്.ഡി. യോഗ്യത നേരില്‍ വാങ്ങാം. വിശ്വസിപ്പിക്കാന്‍ പി.എച്ച്.ഡി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും പ്രദീപ് കാണിച്ചു. പി.എച്ച്.ഡി നല്‍കുന്നത് കൊളംബോയിലെ ഒരു കോണ്‍ഫറന്‍സ് ഹാളില്‍. തൊപ്പിയും ഗൗണും ധരിച്ച് ഫൊട്ടോയും എടുക്കാം. ഇനി, കൊളംബോയില്‍ പോയില്ലെങ്കിലും കൊച്ചിയില്‍ ഫോട്ടോയെടുക്കാന്‍ സൗകര്യമൊരുക്കാമെന്നും പ്രദീപ് വെളിപ്പെടുത്തുന്നു.

ഡോക്ടറേറ്റ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചാനല്‍ ചൊവ്വാഴ്ച രാത്രി പ്രമുഖരെ ഉള്‍പ്പെടുത്തി ചര്‍ച്ചയും സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ടെലഫോണിലൂടെ പ്രദീപും ലൈവായി പങ്കെടുത്ത് ഡോക്ടറേറ്റ്് തട്ടിപ്പിനെ വെളളപൂശാനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്ത മററുളളവരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
വര്‍ഷങ്ങളായി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാത്തത് കൊണ്ടാണ് താന്‍ പി.എച്ച്,ഡി സംഘടിപ്പിച്ചു നല്‍കുന്നതെന്നായിരുന്നു പ്രദീപന്റെ വാദം. എന്നാല്‍ ഇങ്ങിനെ ഡോക്ടറേററ് സംഘടിപ്പിച്ച ഏതെങ്കിലും പൊതു പ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്താന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എം.എന്‍ കാരശ്ശേരി പ്രദീപനെ വെല്ലുവിളിച്ചെങ്കിലും പ്രദീപ് തന്ത്രപരമായി ഒഴിഞ്ഞു മാറുകയായിരുന്നു.

അതേ സമയം ചാനല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ചതോടെ ലക്ഷങ്ങള്‍ കൊടുത്ത് ഡോക്ടറേറ്റ് സമ്പാദിച്ചവര്‍ ധര്‍മ്മ സങ്കടത്തില്‍പ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം കാസര്‍കോട്ടെ ഒരു പ്രമുഖന് ഡോക്ടറേറ്റ് ലഭിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു സായഹ്‌ന പത്രം ഈ സംഭവം തട്ടിപ്പാണെന്ന് തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പത്ര ഉടമയുടെ കച്ചവട താല്പര്യമെന്ന് പറഞ്ഞ് തടിയൂരിയവര്‍ ചാനലിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതേടെ അങ്കലാപ്പിലായിരിക്കുകയാണ്.
>> അവാര്‍ഡുകള്‍ക്ക് പിന്നാലെ ഡോക്ടറേറ്റുകളും ഫാഷനാകുന്നു


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.