Latest News

സുന്ദരിയമ്മ കൊലക്കേസ്: പോലീസ് കേസ് കെട്ടിച്ചമച്ചത്, പ്രതിയെ വെറുതെ വിട്ടു

കോഴിക്കോട്: സുന്ദരിയമ്മ കൊലക്കേസില്‍ പ്രതി ജബ്ബാറിനെ കോടതി വെറുതെവിട്ടു. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സി.ഐ പൃഥ്വിരാജ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രതിക്കു നല്‍കണമെന്നും വിധിച്ചു.

കേസ് ആദ്യം അന്വേഷിച്ച മുന്‍ കസബ സി.ഐ പ്രമോദ് തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടിക്കും കോടതി ശുപാര്‍ശ ചെയ്തു.

ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി ജയേഷ് എന്ന ജബ്ബാര്‍ (29) കോടതി വിധിയെ തുടര്‍ന്ന് ജയില്‍ മോചിതനായി. 

കേസിലെ ഏക പ്രതിയാണ് ജബ്ബാര്‍. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ജബ്ബാര്‍ കൊലനടന്ന് പതിമൂന്നര മാസങ്ങള്‍ക്കുശേഷമാണ് പിടിയിലാകുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കിയെന്നതാണ് കോടതിയുടെ കണ്ടെത്തല്‍. 

സുന്ദരിയമ്മയെ വെട്ടാനുപയോഗിച്ച കത്തിയെന്ന നിലയില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയ തൊണ്ടി മുതലില്‍ രക്തത്തിന്റെ അംശം കണ്ടെത്താനായില്ലെന്നു കോടതി നിരീക്ഷിച്ചു.

പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് വിധി പുറപ്പെടുവിച്ചത്. അനാഥനായ വ്യക്തിക്കെതിരെ ബോധപൂര്‍വ്വമായി കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആരുമില്ലാത്ത ജബ്ബാറിനെ ഒരു വര്‍ഷത്തോളം ജയിലില്‍ അടച്ചതിന് നഷ്ടപരിഹാരമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അതിനാല്‍ കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച ലോക്കല്‍ സിഐക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് സിഐക്കെതിരെ ഡിജിപി വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. സുന്ദരിയമ്മ കേസ് പുനരന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
2012 ജൂലൈയിലാണ് കോഴിക്കോട് മീഞ്ചന്തയില്‍ ഒറ്റക്കു താമിസിച്ചിരുന്ന സുന്ദരിയമ്മ എന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹോട്ടലുകളിലേക്ക് ഇഡ്ഡലിയുണ്ടാക്കി വിറ്റായിരുന്നു സുന്ദരിയമ്മ ഉപജീവനം നടത്തിയത്. ആദ്യം കസബ പൊലീസ് ആയിരുന്നു അന്വേഷിച്ചിരുന്നത്. കേസില്‍ പുരോഗതിയില്ലെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു.

സുന്ദരിയമ്മ പലഹാരങ്ങള്‍ എത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജബ്ബാര്‍. വിനോദയാത്രയ്ക്കു പോകാന്‍ പണം കണ്ടെത്തുന്നതിനായിരുന്നു കൊല എന്നാണ് പൊലീസ് കണ്ടെത്തല്‍. രാത്രി ഓടിളക്കി അകത്തുകയറിയ കൊലയാളിയെ കണ്ടെത്താന്‍ പൊലീസ് നൂറിലേറെ പേരെ ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് ഹോട്ടല്‍ ജീവനക്കാരനായ ജയേഷ് എന്ന ജബ്ബാറിനെ പ്രതിയാക്കിയത്. ഇയാള്‍ അനാഥനാണ്. മീഞ്ചന്ത ബൈപാസിലുള്ള ഹോട്ടല്‍ സിറ്റിലൈറ്റിലെ ക്ലീനിങ് ജീവനക്കാരനായിരുന്നു ജബ്ബാര്‍.
ഇഡ്ഡലി വിറ്റ പണവും നോമ്പുകാലത്തെ സകാത് തുകയും സുന്ദരിയമ്മയുടെ കൈയിലുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കൊലപാതകമെന്നായിരുന്നു കുറ്റപത്രം. കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് വിനോദയാത്ര നടത്താനാണ് കൊല നടത്തിയതെന്ന് സമ്മതിച്ചെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. 
കൊലയ്ക്ക് ശേഷം തലയിണയുടെ അടിയിലെ പഴ്‌സില്‍നിന്ന് 1600 രൂപ മാത്രമേ പ്രതിക്ക് ലഭിച്ചുള്ളൂ. എന്നാല്‍ കിടപ്പുമുറിയില്‍ മറ്റൊരിടത്ത് സൂക്ഷിച്ച വന്‍തുക പൊലീസ് കണ്ടെടുത്തെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.
സാഹചര്യതെളിവകളാണ് പ്രധാനമായും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. ഇവയെല്ലാം കോടതി തള്ളി. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിധി പകര്‍പ്പ് പഠിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.