Latest News

കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കു വിദ്യാഭ്യാസം പൂര്‍ണ സൗജന്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു കാന്‍സര്‍ ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ കാന്‍സര്‍ ചികില്‍സ സൗജന്യമാക്കുന്ന 'സുകൃതം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുകൃതം പദ്ധതിയുടെ മൂന്നാം ഘട്ടമായാകും പഠനസൗജന്യം നടപ്പാക്കുക. സുകൃതം പദ്ധതി ചലച്ചിത്രതാരം മമ്മൂട്ടി നാടിനു സമര്‍പ്പിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം കാന്‍സര്‍ ചികില്‍സ എല്ലാവര്‍ക്കും സൗജന്യമാക്കുന്നത്.

ലോകത്ത് എവിടെയുമുള്ള വിദഗ്ധ ചികില്‍സ കേരളത്തില്‍ ഇന്നു ലഭ്യമാണ്. എന്നാല്‍ ചെലവേറിയതിനാല്‍ പലര്‍ക്കും താങ്ങാനാവുന്നില്ല. അതിനാലാണു സര്‍ക്കാര്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗിയുടെ കുടുംബത്തെയാകെ സാമ്പത്തികമായി പ്രയാസത്തിലാക്കുന്ന രോഗമാണു കാന്‍സര്‍. അവരെ പരമാവധി സഹായിക്കണം എന്ന ലക്ഷ്യത്തോടെയാണു വന്‍ സാമ്പത്തികച്ചെലവുള്ള ഈ പദ്ധതി നടപ്പാക്കുന്നത്.

ഒന്നാംഘട്ടമായി തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പദ്ധതി നടപ്പാക്കും. ബിപിഎല്‍ വിഭാഗത്തിനാണ് ആദ്യഘട്ടത്തില്‍ സൗജന്യ ചികില്‍സ. രണ്ടാം ഘട്ടമായി സംസ്ഥാനത്തെ കാന്‍സര്‍ ചികില്‍സയുള്ള മുഴുവന്‍ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

വന്‍ ബാധ്യത വരുന്ന ഈ പദ്ധതിയിലേക്കു സഹായം നല്‍കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. പുകയില ഉല്‍പന്ന വില മൂന്നു ശതമാനത്തില്‍ നിന്ന് 8% ആക്കിയതില്‍ നിന്നുള്ള അധിക വരുമാനവും മദ്യത്തിന് ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസും ഇതിലേക്കു പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരുന്നു വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ കേരളത്തിന്റെ പ്രതിഷേധം 16നു ഡല്‍ഹിയില്‍ പോകുമ്പോള്‍ കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സുകൃതം പദ്ധതി നടപ്പിലാക്കാന്‍ 300 കോടി രൂപ ചെലവു വരുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 35 ലക്ഷം കുടുംബങ്ങള്‍ക്കു സഹായം എത്തിക്കും. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. അബ്ദുറബ്ബ്, കെ.പി. മോഹനന്‍, ഷിബു ബേബി ജോണ്‍ എംഎല്‍എമാരായ വി. ശിവന്‍കുട്ടി, എം.എ. വാഹിദ്, കൗണ്‍സിലര്‍ ആര്‍. ഹരികുമാര്‍, സി.കെ. മേനോന്‍, ഡോ. മാര്‍ത്താണ്ഡംപിള്ള, ആസൂത്രണ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍, ആരോഗ്യ സ്‌പെഷല്‍ സെക്രട്ടറി ഡോ. എം. ബീന, ഗായകന്‍ എം.ജി. ശ്രീകുമാര്‍, ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി.കെ. മേനോന്‍ പദ്ധതിക്കായി ഒരു കോടിയുടെ ചെക്ക് മുഖ്യമന്തിക്കു കൈമാറി.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.