Latest News

കോളജ് വിദ്യാര്‍ഥിനി മരിച്ചത് ആഭിചാരത്തെ തുടര്‍ന്നെന്നു പൊലീസ് സ്ഥിരീകരണം

പത്തനംതിട്ട: വടശേരിക്കര കുമ്പളത്താമണ്‍ കലശക്കുഴിയില്‍ പ്രസന്നകുമാറിന്റെ മകളും റാന്നി സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ആതിര (18) മരിച്ചത് ആഭിചാരക്രിയയെത്തുടര്‍ന്നു തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആഭിചാരക്രിയയുടെ ഭാഗമായി കര്‍പ്പൂരവും സാമ്പ്രാണിയും കത്തിച്ചു നടത്തിയ പൂജയ്ക്കിടെയാണ് ആതിരയ്ക്കു പൊള്ളലേറ്റതെന്നാണ് നിഗമനം. കയ്യിലും നെഞ്ചിലും പൊള്ളലേറ്റ പാടുകളുണ്ട്. ബലം പ്രയോഗിച്ച് പൊള്ളലേല്‍പ്പിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടി പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നു കരുതുന്നു.

ആതിരയുടെ പിതൃസഹോദരന്റെ മകളുടെ ഭര്‍ത്താവ് കോട്ടയം കവിയൂര്‍ കാഞ്ഞിരം ഇറമ്പത്ത് മുന്നൂറില്‍ച്ചിറ മിതോഷ് (27) ആണ് ആഭിചാരക്രിയകള്‍ ചെയ്തതെന്നു കരുതുന്നു. മിതോഷിനെയും ഇയാളുടെ ഭാര്യാപിതാവും ആതിരയുടെ പിതൃസഹോദരനുമായ വല്‍സനെയും പൊലീസ് ഫസ്്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കി. 

മിതോഷിനെയും കൊണ്ട് സംഭവം നടന്ന ഓമല്ലൂര്‍ പുത്തന്‍പീടികയിലെ വല്‍സന്റെ വീട്ടിലെത്തി തിങ്കളാഴ്ച പൊലീസ് തെളിവെടുപ്പു നടത്തി. സ്ത്രീകളടക്കമുള്ളവര്‍ ഇവിടെ പ്രതിക്കെതിരെ രോഷംകൊണ്ടു. മിതോഷിന്റെ സുഹൃത്തുക്കള്‍ ആഭിചാരക്രിയകള്‍ക്കു സഹായിച്ചിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പറഞ്ഞു.

മനഃപൂര്‍വമല്ലാത്ത നരഹത്യ, ജീവന്‍ രക്ഷിക്കാമായിരുന്നിട്ടും വൈദ്യസഹായം ലഭ്യമാക്കിയില്ല എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ആതിരയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും അതുകൊണ്ടാണ് പൂജകള്‍ നടത്തിയതെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും എന്താണ് അസുഖം എന്ന് വ്യക്തമായിട്ടില്ല. 

പൂജകള്‍ക്ക് ബന്ധുക്കളും മിതോഷിന്റെ സുഹൃത്തുക്കളുമല്ലാതെ മറ്റാരും വന്നിരിക്കില്ലെന്നാണ് പൊലീസ് കരുതുന്നത്. പൂജയുടെ ഭാഗമായി കര്‍പ്പൂരം കത്തിച്ച് അതിലേക്ക് ആതിരയുടെ കൈകള്‍ ബലം പ്രയോഗിച്ച് പിടിച്ചതില്‍ നിന്നാവാം കൈകള്‍ക്കു പൊള്ളലേറ്റിരിക്കുക എന്ന് പൊലീസ് പറയുന്നു. കൈ തിരിച്ചും മറിച്ചും കര്‍പ്പൂരാഴിക്കു നേരെ പിടിച്ചിട്ടുണ്ടാവാം. സാമ്പ്രാണി കത്തിച്ച് കീഴ്ത്താടിക്കു താഴെ പിടിച്ചതില്‍ നിന്നാവാം അവിടെ പൊള്ളലേറ്റിരിക്കുക. അതില്‍ നിന്നു തീപ്പൊരി വീണാണ് നെഞ്ചില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരിക്കുന്നതെന്നും പൊലീസ് പറയുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളൊന്നുമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച രാത്രിയാണ് ആതിരയെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ഷര്‍ട്ട് ധരിച്ച നിലയിലാണ് ആതിരയെ ആശുപത്രിയിലെത്തിച്ചിരുന്നത്. ഏതു തരത്തിലുള്ള പൂജകളാണ് നടന്നതെന്ന അന്വേഷണത്തില്‍ പൊലീസ് ഇതെല്ലാം പരിഗണിക്കുന്നുണ്ട്.

പ്രസന്നകുമാറിന്റെ സഹോദരന്‍ വല്‍സന്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ എന്നു പറഞ്ഞാണ് പുത്തന്‍പീടികയിലെ വീട്ടിലേക്കു കൊണ്ടുവന്നതെങ്കിലും അതിനുള്ള നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഡിസിസി ഓഫിസ് സെക്രട്ടറി കൂടിയായ വല്‍സനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഇപ്പോള്‍ ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്.

എസ്‌ഐ ജി. പി. മനുരാജ്, ഷാഡോ പൊലീസ് അംഗങ്ങളായ കെ. ശ്യാംലാല്‍, അജി സാമുവല്‍, ആര്‍. രാധാകൃഷ്ണന്‍, പി. ജി. സുരേഷ് കുമാര്‍, എല്‍. ടി. ലിജു, വില്‍സണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.