Latest News

സിനിമ തീയറ്ററിലെ കൊല: പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

കോഴിക്കോട് : ആര്‍പി മാളിലെ ഫിലിം സിറ്റിയില്‍ ടിക്കറ്റ് വിതരണത്തര്‍ക്കത്തെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന രണ്ടു പേരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റ് എടുക്കാനെത്തിയ ആര്‍പി മാളിലെ തന്നെ അമിഗോസ് വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ പുതിയങ്ങാടി കോയാ റോഡ് പുത്തന്‍പുരയില്‍ ഹൗസില്‍ സര്‍ജാസ് (26), ജീവനക്കാരന്‍ ഒളവണ്ണ തിരുവത്തുപറമ്പ് സന്‍ മന്‍സിലില്‍ സി.പി. അജ്മല്‍(24) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ രണ്ടു പേരും ചേര്‍ന്ന് മള്‍ട്ടിപ്ലെക്‌സിലെ ടിക്കറ്റ് വിതരണക്കാരെയും മരിച്ച സത്യപ്രകാശിനെയും മര്‍ദിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയതിനു പുറമെ ഇവര്‍ക്കെതിരായ ദൃക്‌സാക്ഷി മൊഴികളും പൊലീസിനു ലഭിച്ചു. അതേസമയം, പണമടച്ച് റിസര്‍വ് ചെയ്ത ഷോ കഴിഞ്ഞതിനാല്‍ അടുത്ത ഷോയ്ക്ക് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ കൗണ്ടറിലെ ജീവനക്കാര്‍ തരാന്‍ തയാറായില്ലെന്നും തര്‍ക്കത്തിനിടെ ഇവരിലൊരാള്‍ കോളറില്‍ പിടിച്ചു വലിച്ചെന്നും പ്രതികള്‍ പൊലീസിനോടു പറഞ്ഞു. ടിക്കറ്റിനായി ചെലവായ തുക ആവശ്യപ്പെട്ടപ്പോള്‍ അതും തരാന്‍ കൂട്ടാക്കിയില്ല.

ഇതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നും ഇരുകൂട്ടരും പരസ്പരം മര്‍ദിച്ചെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. രണ്ടു പേരെയും 20 വരെ റിമാന്‍ഡു ചെയ്തു. ശാസ്ത്രീയ പരിശോധനയില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്തെ ചുമരില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാംപിള്‍ രാസപരിശോധനയ്ക്കായി കൈമാറി. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ശ്വാസം മുട്ടലും ആന്തരിക രക്തസ്രാവവുമാണു മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

അതേസമയം, അക്രമത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ഇരുവര്‍ക്കും പുറമെ ഏതാനും പേര്‍ സംഘര്‍ഷത്തില്‍ ഇടപെടുന്നതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ടെങ്കിലും അക്രമത്തില്‍ ഇവരുടെ പങ്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. റിസര്‍വ് ചെയ്തത് രണ്ടു പേര്‍ക്കുള്ള ടിക്കറ്റ് ആയതിനാല്‍ സര്‍ജാസും അജ്മലും മാത്രമാകാം ജീവനക്കാരെ മര്‍ദിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നടക്കാവ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരിച്ച സത്യപ്രകാശിനോടുള്ള ആദരസൂചകമായി മാള്‍ ചൊവ്വാഴ്ച
അടച്ചിടണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളുടെ നേതൃത്വത്തില്‍ രാവിലെ മാളിലേക്കു മാര്‍ച്ച് നടത്തി. തെളിവെടുപ്പിനായി അടച്ചിട്ട മാളും ഫിലിം സിറ്റിയും ബുധനാഴ്ച തുറക്കും.




Keywords:  Kerala NewsHealth News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.