Latest News

അടുക്കള മുറിയിലെ കസേരക്കുരുക്കില്‍ നിന്നും ലക്ഷ്മി അമ്മ ബന്ധനങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങി

പടന്നക്കാട് : ജീവിത ദുരിതങ്ങള്‍ക്കൊടുവില്‍ എല്ലാവിധ കെട്ടുപാടുകളില്‍ നിന്നും മോചിതയായി ലക്ഷ്മിഅമ്മ വിടവാങ്ങി. തമിഴ്‌നാട് പഴനിയിലെ പരേതനായ രാമസ്വാമിയുടെ ഭാര്യ ലക്ഷ്മിഅമ്മ എന്ന 89 കാരിയുടെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞിരുന്നു. 

പടന്നക്കാട് കരുവളത്തെ മകള്‍ പാര്‍വ്വതിയുടെ വീട്ടിലെ അടുക്കള മുറിയില്‍ കസേരയില്‍ ബന്ധിക്കപ്പെട്ട ലക്ഷ്മിഅമ്മയുടെ ചിത്രവും വാര്‍ത്തയും മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഈ വൃദ്ധമാതാവിന്റെ തുടര്‍ജീവിതം ഭദ്രമാക്കുന്നതിനുള്ള ഇടപെടലുകള്‍ പോലീസും സന്നദ്ധസംഘടന പ്രവര്‍ത്തകരും നടത്തിയത്. 

പാര്‍വ്വതിയുടെ വീട്ടിലെ മുറിയില്‍ ലക്ഷ്മിഅമ്മയെ പൂട്ടിയിട്ട് പകല്‍ നേരത്ത് പാര്‍വ്വതിയും ഭര്‍ത്താവ് രാധാകൃഷ്ണനും ജോലിക്കും മക്കള്‍ സ്‌കൂളിലേക്കും പോവുകയായിരുന്നു പതിവ്. 2013 ഒക്‌ടോബര്‍ 10 ന് വാര്‍ഡ് കൗണ്‍സിലര്‍ ടി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പുറത്തു നിന്നും പൂട്ടിയ വാതില്‍ തുറന്ന് അകത്ത് കയറുകയും ലക്ഷ്മിഅമ്മയെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ ഇക്കാര്യം ഹൊസ്ദുര്‍ഗ് താലൂക്ക് നിയമ സഹായ സമിതിയെ അറിയിക്കുകയും സമിതി ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ചെയര്‍മാന്‍ ഹൊസ്ദുര്‍ഗ് സബ്ജഡ്ജി എന്‍ ആര്‍ കൃഷ്ണകുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. 

സബ് ജഡ്ജ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്നത്തെ ഹൊസ്ദുര്‍ഗ് എസ് ഐ ഇ വി സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരുവളത്തെ വീട്ടില്‍ എത്തുകയും വീട്ടുടമസ്ഥയായ പാര്‍വ്വതി അടക്കമുള്ള മക്കളോട് ലക്ഷ്മിഅമ്മയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് ഹൊസ്ദുര്‍ഗ് കോടതിയില്‍ നടന്ന മെഗാ അദാലത്തിലേക്ക് ലക്ഷ്മിഅമ്മയെയും മക്കളെയും വിളിപ്പിച്ചു. ലക്ഷ്മിഅമ്മയും മക്കളായ കുമ്പളയിലെ സുബ്രഹ്മണ്യന്‍, പുതുക്കൈയിലെ ചന്ദ്രന്‍, മൂവാരിക്കുണ്ടിലെ മുകേഷ്, പാര്‍വ്വതി, ചീമേനിയിലെ രവി, മീനാക്ഷി എന്നിവരാണ് അദാലത്തില്‍ ഹാജരായത്. 

മക്കള്‍ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ലക്ഷ്മിഅമ്മയെ പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റാനാണ് നിയമസഹായസമിതി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ലക്ഷ്മിഅമ്മയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇളയമകനായ ചീമേനിയിലെ രവി അറിയിച്ചതിനെ തുടര്‍ന്ന് ഈ വയോവൃദ്ധയെ രവിക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം രവിക്കൊപ്പം കഴിഞ്ഞ ലക്ഷ്മിഅമ്മയെ വാര്‍ദ്ധക്യ സഹജമായ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ലക്ഷ്മിഅമ്മ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ലക്ഷ്മിഅമ്മയെ ആണ്‍ മക്കള്‍ തിരിഞ്ഞു നോക്കാതിരുന്ന സാഹചര്യത്തില്‍ താന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും വീട്ടിനകത്ത് അടങ്ങിയിരിക്കാതെ ചോറില്‍ മണ്ണെണ്ണ ഒഴിക്കുകയും മണ്ണ് വാരിയിടുകയും എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവുകയും ചെയ്യുന്നതിനാലാണ് മുറിയില്‍ കെട്ടിയിടേണ്ടി വന്നതെന്നുമാണ് പാര്‍വ്വതി വ്യക്തമാക്കിയിരുന്നത്. താന്‍ ഇക്കാര്യത്തില്‍ നിസ്സഹായയായിരുന്നുവെന്നും ഇതിന്റെ പേരില്‍ താന്‍ ഏറെ മാനസിക പീഡനം അനുഭവിക്കേണ്ടി വന്നുവെന്നും പാര്‍വ്വതി പറയുന്നു. കരുവളത്തെ വീട്ടുവളപ്പിലാണ് ലക്ഷ്മിഅമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.