Latest News

മലപ്പുറത്തെ പോരൂര്‍ പഞ്ചായത്തില്‍ ലീഗ് പിന്തുണയില്‍ ഇടതുഭരണം

മലപ്പുറം: ലീഗ്-കോണ്‍ഗ്രസ് പോരിനൊടുവില്‍ പോരൂര്‍ പഞ്ചായത്ത് ഭരണം മുസ്ലിംലീഗ് പിന്തുണയോടെ ഇടതുമുന്നണി പിടിച്ചെടുത്തു. ബുധനാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ എന്‍.സി.പി അംഗം മുംതസ് കരീമിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ഏഴിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എന്‍.എം. ബഷീറിനെയാണ് മുംതസ് പരാജയപ്പെടുത്തിയത്. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഏഴ്, മുസ്ലിം ലീഗ് മൂന്ന്, സിപി.എം അഞ്ച്, എന്‍.സി.പി ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

സി.പി.എമ്മിലെ ഉണ്ണിചാത്തനാണ് മുംതസിന്റെ പേര് നിര്‍ദേശിച്ചത്. സി.പി.എം അംഗം യു.വി. നന്ദകുമാര്‍ ഇതിനെ പിന്താങ്ങി. എല്‍.ഡി.എഫിന്റെ ആറ് അംഗങ്ങളോടൊപ്പം മുസ്ലിം ലീഗിന്റെ മൂന്ന് അംഗങ്ങളും മുംതസിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തി. സ്വതന്ത്രഅംഗം ശിവശങ്കരന്‍ വോട്ടെടുപ്പിനെത്തിയിരുന്നില്ല.

അവസാനവര്‍ഷ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലിടഞ്ഞത്. ലീഗ് മുന്നണി വിട്ടതോടെ അവിശ്വാസം കൊണ്ടുവരാന്‍ സി.പി.എം ശ്രമിച്ചെങ്കിലും അതിനുമുമ്പ് എന്‍.എം. ശങ്കരന്‍ നന്പൂതിരി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. മുംതസ് കരീം സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റായി അധികാരമേറ്റു.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.