Latest News

അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് അരക്കോടി രൂപയുടെ നഷ്ടപരിഹാരം

ഷാര്‍ജ: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് അരക്കോടിയിലധികം രൂപ നഷ്ടപരിഹാരം. ഷാര്‍ജയില്‍ മരിച്ച പാലക്കാട് പള്ളിപ്പുറം ശ്രീനിലയം വീട്ടില്‍ സന്തോഷ് കുമാറിന്റെ അനന്തരാവകാശികള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. മൂന്ന് ലക്ഷം ദിര്‍ഹവും ഒന്‍പത് ശതമാനം പ്രതിഫലവും വക്കീല്‍ ഫീസും കോടതിച്ചെലവുകളും നല്‍കാനാണ് കോടതിയുടെ വിധി.

ദുബായിയിലെ യൂണികോര്‍ അഡ്വര്‍ടൈസ്‌മെന്റ് കമ്പനി ജീവനക്കാരനായിരുന്നു സന്തോഷ് കുമാര്‍. 2011 മാര്‍ച്ചില്‍ മൊഹയിലില്‍ ഇന്ത്യക്കാരന്‍ ഓടിച്ച വാഹനമിടിച്ചായിരുന്നു മരണം. പ്രതിയില്‍നിന്ന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനമായി ഈടാക്കാന്‍ നേരത്തെ ട്രാഫിക് കോടതി ഉത്തരവിട്ടിരുന്നു. 10,000 ദിര്‍ഹം പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് പിടിച്ചുവെക്കാനും ഉത്തരവിലുണ്ടായിരുന്നു. തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി ഉത്തരവിട്ടത്. ഷാര്‍ജ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

സന്തോഷ് വാഹനത്തിന് മുന്നിലേക്ക് ചാടിയതുകാരണമാണ് അപകടം സംഭവിച്ചതെന്ന പ്രതിയുടെ വാദത്തെത്തുടര്‍ന്നാണ് ട്രാഫിക് കോടതി ശിക്ഷ ദിയാധനത്തില്‍ ഒതുക്കിയിരുന്നത്. തുടര്‍ന്ന് സന്തോഷിന്റെ കുടുംബം അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ സലാം പാപ്പിനിശ്ശേരി മുഖേന മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ അപ്പീലിലാണ് ഒരു ലക്ഷം ദിര്‍ഹം അനുവദിച്ചത്. സന്തോഷിന്റെ മരണത്തോടെ അനാഥരായ ഭാര്യ റിഷ, മക്കള്‍, വൃദ്ധമാതാവ് എന്നിവരുടെ ദുരവസ്ഥ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഴുവന്‍ നഷ്ടപരിഹാരത്തുകയും ലഭിക്കുന്നതിന് ഷാര്‍ജ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ എക്‌സിക്യൂഷന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 



Keywords: Gulf News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.