Latest News

ഉസ്മാന്‍ ഒടുവില്‍ സമ്മതിച്ചു... അണ്ടത്തോട് സ്വദേശി ബാപ്പുട്ടിയാണെന്ന്‌

ഷാര്‍ജ: നാല്‍പ്പത് കൊല്ലമായി നാടു കാണാതെ ഇപ്പോള്‍ പ്രമേഹം പിടിപ്പെട്ട് ദുബൈ ആശുപത്രിയില്‍ കിടക്കുന്ന അബ്ദുല്ല പുനത്തില്‍ ഉസ്മാന്‍ ഒടുവില്‍ സമ്മതിച്ചു-താന്‍ തൃശൂര്‍ അണ്ടത്തോട് സ്വദേശി ബാപ്പുട്ടിയാണെന്ന്. ഉപ്പാടെ പേര് താഴത്ത് വകയില്‍ മരക്കാര്‍. ഉമ്മ പരേദിക്കല്‍ ആയിശക്കുട്ടി. സഹോദരന്‍ മൂസ. സഹോദരി ആമിന. 

ബാപ്പുട്ടി വിവാഹം കഴിച്ചിട്ടില്ല. അണ്ടത്തോട് പാലത്തിന് വടക്ക് ഭാഗത്തായിരുന്നു വീട്. താന്‍ ഗള്‍ഫില്‍ വരുമ്പോള്‍ ഓടിട്ട വീടായിരുന്നു. അണ്ടത്തോട് ഭാഗത്ത് അറിയപെടുന്ന ആളായിരുന്നു ഉപ്പ.
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് 18ാം വയസില്‍ കുടുംബക്കാരോട് യാത്ര പറഞ്ഞാണ് ബാപ്പുട്ടി മനസ് നിറച്ച് മോഹങ്ങളുമായി ഗള്‍ഫില്‍ എത്തിയത്. എന്നാല്‍ പിന്നീട് തിരിച്ചുപോക്കിനെ കുറിച്ചോ കുടുംബങ്ങളെക്കുറിച്ചോ ചിന്തിക്കാതെ 40 വര്‍ഷം ബാപ്പുട്ടി ദുബൈയില്‍ തുടരുകയായിരുന്നു. ഇക്കാലമത്രയും ജോലി ചെയ്തത് ദുബൈ ഹോര്‍ലാന്‍സിലെ അറബി വീട്ടിലായിരുന്നു. പലകുറി വീട്ടിലേക്ക് പോകണമെന്നും കുടുംബക്കാരെ കാണണമെന്നും കൊതിച്ചിരുന്നു. എന്നാല്‍ അതൊന്നും വിധിയുടെ വിളയാട്ടം മൂലം നടന്നില്ലെന്ന്‌ ബാപ്പുട്ടി പറഞ്ഞു. ഇതിനിടയില്‍ വീട്ടിലെ വിവരങ്ങളൊന്നും അറിഞ്ഞില്ല.
പരിചയക്കാര്‍ പോലുമില്ലാതെ ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ് മലപ്പുറം തിരൂര്‍ സ്വദേശി ഖാലിദിനേയും സഹോദരന്‍ ഗഫൂറിനേയും കണ്ടുമുട്ടിയത്. 26 വര്‍ഷം മുമ്പായിരുന്നു അത്. ജീവിതത്തില്‍ വലിയ വഴിത്തിരിവായിരുന്നു അത്. സ്വന്തം കൂടപിറപ്പിനെ പോലെയാണ് ഇവര്‍ ബാപ്പുട്ടിയെ കണ്ടത്. ഇവര്‍ കുടുംബ സമ്മേതം ഇടക്കിടെ ബാപ്പുട്ടിയെ വന്ന് കാണും.
നാട്ടുവിശേഷങ്ങള്‍ അറിയിക്കും. എന്നാല്‍ ഇവരോട് പോലും കുടുംബത്തെക്കുറിച്ച് കൃത്യമായ വിവരം ഇയാള്‍ പറയാന്‍ കൂട്ടാക്കിയിരുന്നില്ല. 

ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ വര്‍ത്ത വന്നതോടെയാണ്‌ ഇദ്ദേഹത്തിന്‍െറ കഥ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തിരിച്ചറിയാനായി നിരവധി പേര്‍ ആശുപത്രിയിലത്തെി. ആശുപത്രി വിട്ടശേഷം എല്ലാ വിവരവും തുറന്ന് പറയാമെന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം അവധി കഴിഞ്ഞ് തിരിച്ചത്തെിയ ഗഫൂര്‍ അല്പം കടുപ്പത്തില്‍ കാര്യങ്ങള്‍ തിരക്കിയപ്പോളാണ് ഇയാള്‍ തന്‍െറ വേരുകളെക്കുറിച്ച് വാചലനായത്. എത്രയും വേഗം നാട്ടിലേക്ക് പോകാനും ബന്ധുക്കളെ കാണാനുമുള്ള തിടുക്കത്തിലാണ് ഇപ്പോള്‍ ബാപ്പുട്ടി. ബാപ്പുട്ടിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സഹോദരന്‍ മൂസയും സഹോദരി ആമിനയും ജീവിച്ചിരിപ്പുണ്ട്.
(കടപ്പാട്: മാധ്യമം)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.