Latest News

ഡീസലിന്റെ വിലനിയന്ത്രണം നീക്കി; 3.37 പൈസ കുറച്ചു

ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വിപണി വിലയ്ക്കനുസരിച്ച് ഡീസല്‍ വില നിശ്ചയിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. വില നിയന്ത്രണം നീക്കിയതോടെ ഡീസല്‍ വില ലിറ്ററിന് 3.37 രൂപ കുറയും. പുതുക്കിയ വില ശനിയാഴ്ച
അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന പുതിയ പാചകവാതക നയവും മന്ത്രിസഭ പ്രഖ്യാപിച്ചു. പുതുക്കിയ നയം അനുസരിച്ച് പാചകവാതക വില വര്‍ഷത്തില്‍ രണ്ടു തവണ പുതുക്കി നിശ്ചയിക്കും. പാചകവാതക സബ്‌സീഡി ബാങ്കുകള്‍ വഴി നല്‍കുന്ന പദ്ധതി പുതിയ രീതിയില്‍ അവതരിപ്പിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്ന സാഹചര്യത്തില്‍ ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയാന്‍ സമയമായെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും അഭിപ്രായപ്പെട്ടിരുന്നു.

മാസം തോറും ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിച്ച യു.പി.എ സര്‍ക്കാരിന്റെ നയം എന്‍ഡിഎ സര്‍ക്കാരും തുടര്‍ന്നുവരുകയായിരുന്നു. ഡീസല്‍ സബ്‌സിഡി കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി തുടര്‍ന്നുവന്ന ഈ നടപടിയിലൂടെ ഇപ്പോള്‍ ഡീസല്‍ വില്‍പനയില്‍ എണ്ണക്കമ്പനികളുടെ നഷ്ടം നികന്നിട്ടുണ്ട്.


Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.