Latest News

ഷുക്കൂര്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് വാറണ്ട്

കണ്ണൂര്‍: പട്ടുവം അരിയിലിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ വധിച്ച കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷിനെ ശാരീരിക പീഡനത്തിന് വിധേയമാക്കിയ കേസില്‍ ഇരിട്ടി ഡി.വൈ.എസ്.പി: പി. സുകുമാരന് എതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

സുമേഷ് അഡ്വ. നിക്കോളസ് ജോസഫ് മുഖേന കണ്ണൂര്‍ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എസ്.പി: പി. സുകുമാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇത് നിരസിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയില്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ വിചാരണ നേരിടാനാണ് ഡി.വൈ.എസ്.പിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. 

ഇത് അനുസരിച്ച് വ്യാഴാഴ്ച രാവിലെ അദേഹം കോടതിയില്‍ ഹാജരായി ജാമ്യം എടുക്കേണ്ടതായിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) സുരേഷ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ കെ.വി. സുമേഷിന്റെ ആസനത്തില്‍ അന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പിയായിരുന്ന പി. സുകുമാരന്‍ കമ്പി കയറ്റിയെന്നായിരുന്നു പരാതി. അറസ്റ്റിലായ സുമേഷിനെ മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കുന്ന സമയത്ത് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 

സാരമായ പരിക്കേറ്റ സുമേഷിനെ ജില്ലാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയിരുന്നു. ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് സുമേഷ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. സുമേഷിനെ ശാരീരികമായി ഉപദ്രവിച്ചതിനെതിരെ സി.പി.എം സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.