Latest News

റാഷിദിനെ മയക്കു മരുന്ന് പാക്കറ്റ് നല്‍കി ചതിച്ച സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട് : കുവൈത്തിലെ വിശ്വസ്ത സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കു മരുന്ന് കേസില്‍ കാഞ്ഞങ്ങാട് മീനാപ്പീസിലെ അബൂബക്കറിന്റെ മകന്‍ ചേലക്കാടത്ത് റാഷിദ് (25) കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് റാഷിദിനെ കാഞ്ഞങ്ങാട്ടേക്ക് മയക്കു മരുന്ന് ഗുളിക അടങ്ങുന്ന പാക്കറ്റ് ഏല്‍പ്പിച്ച സംഘത്തില്‍പ്പെട്ട പുതിയങ്ങാടിയിലെ കുഞ്ഞി മൊയ്തീന്റെ മകന്‍ സക്കീറിനെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷും സംഘവും അറസ്റ്റ് ചെയ്തു. 

സക്കീറിന്റെ സംഘത്തില്‍പ്പെട്ട പുതിയങ്ങാടി മാട്ടൂലിലെ നസീം മുസ്തഫയെ (26) ഹൊസ്ദുര്‍ഗ് അഡീ. എസ് ഐ കെ വി സുരേന്ദ്രനും സംഘവും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സക്കീര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജാമ്യാപേക്ഷ നിരസിച്ച കോടതി ഉപാധികളോടെ സക്കീറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ഹൊസ്ദുര്‍ഗ് സി ഐ ഓഫീസില്‍ ഹാജരായ സക്കീറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നസീം മുസ്തഫയും ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴടങ്ങിയത്. റാഷിദിനെ മയക്കു മരുന്ന് പാക്കറ്റ് നല്‍കി ചതിച്ച സംഭവത്തില്‍ റാഷിദിന്റെ മാതാവ് കുഞ്ഞാസ്യയുടെ പരാതിയനുസരിച്ച് നസീം മുസ്തഫയ്ക്കും പുതിയങ്ങാടി മാട്ടൂല്‍ സ്വദേശി ഫവാസിനുമെതിരെയാണ് ആദ്യം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. പിന്നീട് സക്കീറിനെ കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.
ആഗസ്റ്റ് 26 ന് വ്യാഴാഴ്ച രാത്രിയാണ് റാഷിദിനെ നാട്ടില്‍ നിന്നുള്ള മടക്ക യാത്രക്കിടെ കുവൈത്ത് എയര്‍ പോര്‍ട്ടില്‍ ആന്റി നാര്‍ക്കോട്ടിക്ക് വിഭാഗം കസ്റ്റഡിയിലെടുത്തത്. കുവൈത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഫവാസ്, റാഷിദിനെ ഫോണില്‍ ബന്ധപ്പെടുകയും നാട്ടില്‍ നിന്ന് പിതാവിനുള്ള മരുന്നുള്‍പ്പെടെയുള്ള പാക്കറ്റ് കുവൈത്തിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പുതിയങ്ങാടിയിലെ വീട്ടിലേക്കു പോകാന്‍ തനിക്ക് സമയമില്ലെന്നറിയിച്ചപ്പോള്‍ കാഞ്ഞങ്ങാട്ട് തന്റെ സുഹൃത്ത് പാക്കറ്റ് എത്തിച്ചു തരുമെന്ന് ഫവാസ് അറിയിച്ചു. ഇതനുസരിച്ച് റാഷിദും സുഹൃത്ത് മീനാപ്പീസ് സ്വദേശി ജാഫറും മോട്ടോര്‍ ബൈക്കില്‍ കോട്ടച്ചേരി റെയില്‍വേ ഗേറ്റിനടുത്തെത്തുമ്പോഴേക്കും ഫവാസിന്റെ സുഹൃത്തുക്കളായ നസീം മുസ്തഫയും സുഹൃത്ത് സക്കീറും അവിടെ എത്തിയിരുന്നു. നസീമാണ് പാക്കറ്റ് റാഷിദിന് കൈമാറുന്നത്. 

സംഭവത്തിനു ശേഷം ഫവാസ് കുവൈത്തില്‍ നിന്ന് മുങ്ങുകയും നസീം മുസ്തഫയും സക്കീറും ഒളിവില്‍ പോവുകയുമായിരുന്നു. ഫവാസിനെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. ചെയ്യാത്ത കുറ്റത്തിന് ഏതാണ്ട് 25 ദിവസത്തോളം കുവൈറ്റ് ജയിലില്‍ കഴിഞ്ഞ റാഷിദിനെ വ്യവസ്ഥകളോടെ പിന്നീട് കുവൈറ്റ് സുപ്രീംകോടതി ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. 

കുവൈത്തിലെ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും മുന്‍ കൈയ്യെടുത്ത് നടത്തിയ ശ്രമത്തിനൊടുവിലാണ് റാഷിദ് ജയില്‍ മോചിതനായത്.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.