Latest News

നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ ഭയാനകമായ അവസ്ഥയിലേക്ക് നയിക്കുന്നു : എം എ ബേബി

കാസര്‍കോട്: അത്യന്തം ഭയാനകമായ അവസ്ഥയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും രാജ്യത്തെ നയിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഡോ. കെ ടി ജലീല്‍ മുഖ്യപത്രാധിപരായ മുഖ്യധാര ത്രൈമാസിക മൂന്നാം ലക്കം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തില്‍ ന്യൂനപക്ഷ വംശഹത്യക്ക് കൂട്ടുനിന്ന നരേന്ദ്രമോദി ഒന്നാമനും വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായി ഉള്‍പ്പെടുത്തേണ്ട ബിജെപി പ്രസിഡന്റ് അമിത്ഷ രണ്ടാമനുമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണം. ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥകാലത്ത് നടപ്പാക്കിയതിനേക്കാളും ഭയാനകമായ അമിതാധികാര പ്രവണതയാണ് മോഡിയും സംഘവും കാട്ടുന്നതെന്നും ബേബി പറഞ്ഞു. 

ഗുജറാത്ത് കലാപത്തിന്റെ മാതൃകയിലാണ് അമിത്ഷായുടെ നേതൃത്വത്തില്‍ ഉത്തരപ്രദേശില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കി ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജപി പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ സീറ്റുകള്‍ നേടിയത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങൂം അക്രമി സംഘത്തെ വിന്യസിപ്പിച്ചാണ് ഭരണം നടത്തുന്നത്. ഈ അമിതാധികാര പ്രവണ നമ്മുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണിയാണ്. സമാധാനത്തിന്റെ മതമായി അവതരിച്ച ഇസ്ലാമിനെ ഭീകരവാദത്തിന്റെയും അസമധാനത്തിന്റെ മതമായി സാമ്രാജ്യത്വവും സംഘപരിവാറും പ്രചരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഡോ. കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കേളുവേട്ടന്‍ പഠനക്രേന്ദ്രം ഡയരക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ പരിചയപ്പെടുത്തി. ടി കെ ഹംസ, ഡോ. ഹുസൈന്‍ രണ്ടത്താണി, എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരയണന്‍ എന്നിവര്‍ സംബന്ധിച്ചു. സി എച്ച് കുഞ്ഞമ്പു സ്വാഗതവും വി കെ രാജന്‍ ന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.