Latest News

കുറ്റാന്വേഷണത്തില്‍ അതിന്ദ്രീയജ്ഞാനം ഉപയോഗപ്പെടുത്തണമെന്ന ആവശ്യം വീണ്ടും സജീവമാവുന്നു

കണ്ണൂര്‍: കുറ്റാന്വേഷണത്തില്‍ അതിന്ദ്രീയജ്ഞാനം ഉപയോഗപ്പെടുത്തണമെന്ന ആവശ്യം വീണ്ടും പാരാസൈക്കോളജിസ്റ്റുകള്‍ക്കിടയില്‍ സജീവമാവുകയാണ്. സൈക്കിക്ക് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാനും പ്രമുഖ പാരാസൈക്കോളജിസ്റ്റുമായ കണ്ണൂര്‍ സ്വദേശി ഡോ. ഇ.എം. താഹിര്‍ ഞായറാഴ്ച കണ്ണൂരില്‍ ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ സെമിനാറില്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചതോടെയാണു വിഷയം വീണ്ടും ചര്‍ച്ചയായത്.

അതിന്ദ്രീയജ്ഞാനം വഴി തരപ്പെടുത്തുന്ന വിവരങ്ങള്‍ കുറ്റാന്വേഷണത്തിന് ഉപയോഗപ്പെടുത്തിയാല്‍ നിരപരാധികളുടെ കസ്റ്റഡിപീഡനം പാടേ ഒഴിവാക്കാനാവുമെന്നു ഡോ. താഹിര്‍ തെളിവുകള്‍ നിരത്തി വാദിക്കുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ പിടിയിലായവരെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി സിപിഎം രംഗത്തു വന്നിരിക്കെയാണ് ഈ അതിന്ദ്രീയ കുറ്റാന്വേഷണ ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നതെന്നതു തികച്ചും യാദൃച്ഛികം.

മറ്റുള്ളവരുടെ മനസ്സു വായിച്ചെടുക്കുന്ന ടെലിപ്പതി വിദ്യ, മരിച്ചവരുമായി ആശയ വിനിമയം നടത്തുന്ന മീഡിയം ഇടപാട്, അജ്ഞാതമായ ദൂരസ്ഥലങ്ങളിലെ ആളുകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൃത്യമായി അറിയുന്ന എക്‌സ്ട്രാ സെന്‍സറി പെര്‍സപ്ഷന്‍ തുടങ്ങി പലപല വിദ്യകള്‍ തങ്ങളുടെ കൈവശമുണ്ടെന്നു പാരാസൈക്കോളജിസ്റ്റുകള്‍ അവകാശപ്പെടാറുണ്ട്. പക്ഷേ പൊതുസമൂഹം അവരെ അത്രയ്ക്കങ്ങു മുഖവിലയ്‌ക്കെടുക്കാറില്ല. പാരാസൈക്കോളജിയെന്നാല്‍ വട്ടാണ്, അന്ധവിശ്വാസമാണ്, തട്ടിപ്പാണ് എന്നൊക്കെയാണു മുഖ്യധാരാശാസ്ത്രസമൂഹത്തിന്റെ നിലപാട്. അതിന്ദ്രീയജ്ഞാനം അവകാശപ്പെട്ടിരുന്ന പലരും ശുദ്ധതട്ടിപ്പുകാരായിരുന്നുവെന്നു പിന്നീടു തെളിഞ്ഞിട്ടുമുണ്ട്.

മണ്‍മറഞ്ഞ ഭാര്യയുമായി മീഡിയം ഇടപാടിലൂടെ സംസാരിക്കാറുണ്ടെന്ന് ഒന്നാംതരം കമ്യൂണിസ്റ്റുകാരന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അവകാശപ്പെട്ടതു പോലും മലയാളികള്‍ ഗൗനിച്ചിട്ടില്ല. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടറും ഒട്ടേറെ കേസുകളുടെ ചുരുളഴിക്കുന്നതില്‍ പൊലീസിനെ സഹായിച്ച ഫൊറന്‍സിക് വിദഗ്ധനുമായിരുന്ന അന്തരിച്ച ഡോ. മുരളീകൃഷ്ണയും പാരാസൈക്കോളജി വിശ്വാസിയായിരുന്നു.

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്കും ഡോ. മുരളീകൃഷ്ണയ്ക്കുമൊപ്പം സൈക്കിക്ക് റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചവരില്‍ ഇപ്പോള്‍ സജീവമായി രംഗത്തുള്ളതു കണ്ണൂരിലെ ഡോ. താഹിര്‍ (72) മാത്രമാണ്. കുറ്റാന്വേഷണത്തിന് അതിന്ദ്രീയജ്ഞാനം ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാരിനു മുമ്പില്‍ അവതരിപ്പിക്കാന്‍ ഡോ. മുരളീകൃഷ്ണയും താനും ചേര്‍ന്നു ചില പദ്ധതികള്‍ ആലോചിച്ചിരുന്നുവെങ്കിലും ഏതാനും വര്‍ഷം മുമ്പു ഡോ. മുരളീകൃഷ്ണ മരണപ്പെട്ടതോടെ ആ നീക്കം നിലച്ചതായി ഡോ. താഹിര്‍ പറഞ്ഞു.

അതിന്ദ്രീയജ്ഞാനം കുറ്റാന്വേഷണത്തിന് ഉപകരിച്ചതായി ഇന്ത്യയില്‍ എവിടെയും പറഞ്ഞു കേട്ടിട്ടില്ലെങ്കിലും വിദേശത്ത് ഏറെ ഉദാഹരണങ്ങളുണ്ടെന്നു ഡോ. താഹിര്‍ പറയുന്നു. ലണ്ടനിലെ നെല്ല ജോണ്‍സ് എന്ന സ്ത്രീ 1974ല്‍ ഒരു കളവുകേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചതു ചരിത്രരേഖയാണ്. കളവുപോയ വിലയേറിയൊരു പെയിന്റിങ് എവിടെയാണുള്ളതെന്ന് 20 കൊല്ലത്തിനു ശേഷം നെല്ല ജോണ്‍സ് പറഞ്ഞതു പൊലീസ് ആദ്യം വിശ്വസിച്ചില്ലെങ്കിലും സംഗതി സത്യമാണെന്നു പിന്നീടു തെളിഞ്ഞുവത്രെ.

തുടര്‍ന്നു പല കേസുകളിലും അവര്‍ പൊലീസിനെ സഹായിച്ചു. 1993ല്‍ സ്‌കോട്ടലന്‍ഡ് യാര്‍ഡ് നെല്ല ജോണ്‍സിനെ പരസ്യമായി അനുമോദിക്കുക വരെ ചെയ്തതായും രേഖകളുണ്ട്. കുറ്റാന്വേഷണത്തിനു സഹായം തേടി ചില പൊലീസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി തന്നെ വന്നു കാണാറുണ്ടെന്നും കണ്ണൂര്‍ തോട്ടടയില്‍ കൗണ്‍സലിങ് സെന്റര്‍ നടത്തുന്ന ഡോ. താഹിര്‍ പറയുന്നു.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
(കടപ്പാട്: മനോരമ)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.