Latest News

ഹജ്ജ്: ആത്മവിശുദ്ധിയുമായി ആദ്യ സംഘം തിരിച്ചെത്തി

കൊണ്ടോട്ടി: പരിശുദ്ധഹജ്ജിന്റെ പുണ്യംനേടി മടങ്ങിയെത്തിയ ആദ്യ ഹജ്ജ്‌സംഘത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം.

164 പുരുഷന്‍മാരും 182 സ്ത്രീകളും രണ്ട് വളണ്ടിയര്‍മാരും ഉള്‍െപ്പടെ 346 ഹാജിമാരുമായാണ് സംസ്ഥാനഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ്വിമാനം തിങ്കളാഴ്ച രാവിലെ 9.50ന് കരിപ്പൂരിലെത്തിയത്. ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, എ.കെ. അബ്ദുറഹ്മാന്‍, ഡോ. വി.കെ. അഹമ്മദ് കുട്ടി, ഇ.സി. മുഹമ്മദ് എന്നിവര്‍ സ്വീകരിച്ചു.
ഹാജിമാരുടെ മടക്കം മുന്‍നിര്‍ത്തി ഹജ്ജ് ടെര്‍മിനലില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വിമാനത്തില്‍ നിന്നിറങ്ങിയ ഹാജിമാരെ അന്താരാഷ്ട്ര ടെര്‍മിനല്‍ ഹാളിലെത്തിച്ച് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഹജ്ജ് ടെര്‍മിനലിലേക്ക് കൊണ്ടുപോയി. വിശ്രമിച്ച ഹാജിമാര്‍ക്ക് ലഘുഭക്ഷണം നല്‍കി. ഇവിടൈവച്ച് കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി.

ബാഗേജുകളുടെ പരിശോധന പൂര്‍ത്തിയാക്കി താഴെ നിലയിലെത്തിച്ചതിന് ശേഷമാണ് ഹാജിമാരെ പുറത്തിറക്കിയത്. ഹജ്ജ് കമ്മിറ്റി നിയോഗിച്ച വളണ്ടിയര്‍മാര്‍ ബാഗേജുകള്‍ തരംതിരിച്ച് ട്രോളികളിലാക്കിയതിനാല്‍ ഹാജിമാര്‍ക്ക് പ്രയാസംകൂടാതെ പുറത്തിറങ്ങാനായി. അഞ്ചുലിറ്റര്‍ സംസം ഓരോ ഹാജിക്കും നല്‍കി. വിമാനമിറങ്ങി ഒരുമണിക്കൂറിനകം ഹാജിമാര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങി.
തിങ്കളാഴ്ചമുതല്‍ നവംബര്‍ മൂന്നുവരെ 19 വിമാനസര്‍വീസുകളിലായാണ് ഹാജിമാരുടെ മടക്കം ക്രമീകരിച്ചിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.