Latest News

തെരുവുനായ്ക്കളില്‍നിന്നു രക്ഷപ്പെടാന്‍ ഓടിയ കുട്ടി കിണറ്റില്‍ വീണു

കല്യാശേരി: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ വന്നപ്പോള്‍ രക്ഷപ്പെടാനായി ഓടിയ വിദ്യാര്‍ഥി 26 അടി താഴ്ചയുള്ള കിണറില്‍ വീണു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം നിറഞ്ഞ കിണറ്റില്‍നിന്നു കുട്ടിയെ രക്ഷിക്കാനാകാതെ നിസ്സഹായരായി നോക്കിനില്‍ക്കേ മാങ്ങാട് ടൗണിലെ ഡ്രൈവര്‍ പട്ടേരി മുത്തു(34) കിണറ്റിലിറങ്ങി കുട്ടിയെ കരയ്ക്കു കയറ്റി.

കല്യാശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബിക്കിരിയന്‍പറമ്പിലെ എം.സൈദ് ആണു കിണറ്റില്‍ വീണത്. കുട്ടിക്കു നിസ്സാര പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടു നാലിന് മാങ്ങാട് തേറാറമ്പ് മഹാദേവ ക്ഷേത്രത്തിനടുത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്കു പോവുമ്പോഴായിരുന്നു കൂട്ടത്തോടെ നായകളുടെ ആക്രമണം. നിലവിളിച്ചോടിയ കുട്ടി ആള്‍പാര്‍പ്പില്ലാത്ത വീട്ടുപറമ്പിലെ കിണറിന്റെ ആള്‍മറയില്‍ കയറിനിന്നു. പിന്നെയും നായകള്‍ ചാടിവരുന്നതു കണ്ടപ്പോള്‍ കിണറിലേക്കു തെന്നിവീണു.

നിറയെ വെള്ളമുള്ള കിണറ്റിന്റെ മുകളിലെ പടയില്‍ പിടിച്ചുനില്‍ക്കുന്ന കുട്ടിയെ എങ്ങനെ രക്ഷിക്കുമെന്ന വേവലാതിയുമായി നാട്ടുകാര്‍ നിന്നു. അപകടസ്ഥലത്ത് എത്തിയ മുത്തു ആഴമുള്ള കിണറിലേക്കു മറ്റൊന്നും ആലോചിക്കാതെ അതിസാഹസികമായി ഇറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. മാങ്ങാട് അരയാല ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുത്തു ദേശീയപാതയില്‍ നടക്കുന്ന ഒട്ടേറെ അപകടമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.