Latest News

ശ്മശാനതര്‍ക്കം: നവജാതശിശുവിന്റെ മൃതദേഹവുമായി രണ്ടുമണിക്കൂര്‍ റോഡില്‍

കണ്ണൂര്‍: ശവസംസ്‌കാരം നടത്തുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം നീണ്ടപ്പോള്‍ നവജാതശിശുവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് രണ്ടുമണിക്കൂര്‍ റോഡില്‍ നില്‌ക്കേണ്ടിവന്നു.

പുതിയതെരു സ്വദേശിയുടെ കുഞ്ഞ് ജനിച്ചയുടനെ ശ്വാസകോശത്തിലെ കുഴപ്പംകാരണം ആസ്പത്രിയില്‍ മരിച്ചിരുന്നു. പണ്ടുകാലം മുതലേ കുഞ്ഞുങ്ങള്‍ മരിച്ചാല്‍ അടക്കംചെയ്യുന്ന പയ്യാമ്പലം ശ്മശാനത്തിനടുത്ത സ്ഥലത്ത് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാനെത്തിയപ്പോള്‍ സ്ഥലമുടമയുടെ ആളുകളെന്നുപറഞ്ഞ് ചിലര്‍ തടയുകയാണുണ്ടായത്.

സ്ഥലം സ്വകാര്യവ്യക്തിയുടെ സ്വത്താണെന്നും അവിടെ പ്രവേശിക്കുന്നതിനും ശവസംസ്‌കാരം നടത്തുന്നതിനും കോടതിയുടെ വിലക്കുണ്ടെന്നും പറഞ്ഞാണ് തടഞ്ഞത്. വിവരമറിഞ്ഞ് പള്ളിക്കുന്ന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.രാഗേഷിന്റെ നേതൃത്വത്തിലെത്തിയവര്‍ ശവസംസ്‌കാരം തടസ്സപ്പെടുത്തിയവരുമായി വാക്കേറ്റമായി. വര്‍ഷങ്ങളായി ശവസംസ്‌കാരം നടത്തുന്ന സ്ഥലമാണെന്നും നിലവിലുള്ള സ്ഥിതി തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവുണ്ടെന്നും രാഗേഷ് പറഞ്ഞു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി.

സ്ഥലം ഉടമകളെന്നുപറഞ്ഞവര്‍ വക്കീലുമായാണ് സ്ഥലത്തെത്തിയത്. ഇവര്‍ പോലീസുമായി കുറച്ചുനേരം കോടതിവിധിയെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ സമയമത്രയും കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആംബുലന്‍സില്‍ ഇരിക്കുകയായിരുന്നു. മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായെങ്കിലും നാട്ടുകാര്‍ ഇടപെട്ട് അത് ഒഴിവാക്കി. ടൗണ്‍ എസ്.ഐ. സനല്‍കുമാര്‍ കോടതിവിധിയുടെ പകര്‍പ്പ് പരിശോധിച്ചശേഷമാണ് ശവസംസ്‌കാരം നടത്താന്‍ അനുമതി നല്കിയത്. തുടര്‍ന്ന് 3.30-ന് ശവസംസ്‌കാരം നടത്തി.

വര്‍ഷങ്ങളായി കുട്ടികള്‍ മരിച്ചാല്‍ ശവസംസ്‌കാരം നടത്താറുള്ളത് പയ്യാമ്പലത്തെ ശ്മശാനത്തിലാണെന്നും അതുകൊണ്ടാണ് ഇവിടേക്ക് വന്നതെന്നും മൃതദേഹവുമായെത്തിയവര്‍ പറഞ്ഞു. ഈ സ്ഥലം മുമ്പ് പലതവണ വിവാദങ്ങള്‍ക്കിടയായിട്ടുണ്ട്. 2008-ലും 2011-ലും സ്ഥലത്തെ കല്ലറകള്‍ പൊളിച്ചത് വിവാദമായിരുന്നു. അതിന്റെ പേരില്‍ കേസും അറസ്റ്റുമൊക്കെ നടന്നിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.