Latest News

എം.സി.ഉദയവര്‍മരാജ നീലേശ്വരം മൂന്നാംകൂര്‍ രാജാവായി സ്ഥാനമേറ്റു

നീലേശ്വരം: അള്ളട സ്വരൂപമായ നീലേശ്വരം രാജവംശത്തിലെ മൂന്നാംകൂര്‍ രാജാവായി മഠത്തില്‍ കോവിലകത്തെ എം.സി.ഉദയവര്‍മരാജ അരിയിട്ട് വാഴ്ചനടത്തി സ്ഥാനമേറ്റു. നിലവിലെ മൂന്നാംകൂര്‍ രാജാവായിരുന്ന തെക്കെ കോവിലകത്തെ ടി.സി.രാമവര്‍മ ഇളയരാജയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കൂറുവാഴ്ചാചാരപ്രകാരം നാലാംകൂര്‍ രാജാവായ ഉദയവര്‍മ രാജയ്ക്ക് മൂന്നാംകൂര്‍ രാജപദവി ലഭിച്ചത്.

സ്ഥാനാരോഹണത്തിന്റെ ഭാഗമായി തളിയില്‍ നീലകണ്‌ഠേശ്വരക്ഷേത്രം, പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലകക്ഷേത്രം, വേട്ടക്കൊരുമകന്‍ ക്ഷേത്രം, മന്നന്‍പുറത്ത് കാവ്, ഭഗവതിക്ഷേത്രം എന്നീ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം, കക്കാട്ട് മഠത്തില്‍ കോവിലകത്ത് എത്തിയ ഉദയവര്‍മരാജയെ തന്ത്രി പടിഞ്ഞാറില്ലം കേശവ പട്ടേരി നീരാഞ്ജനം ഉഴിഞ്ഞാണ് അരിയിട്ട് വാഴ്ച നടത്തിയത്. 

തളിയില്‍ ക്ഷേത്രത്തിനു സമീപമാണ് മൂന്നാംകൂര്‍ രാജാവിന്റെ താമസം. തെക്കെ കോവിലകത്തെ അഡ്വ. ടി.സി.സി.കൃഷ്ണവര്‍മ വലിയ രാജാവാണ് നിലവിലെ നീലേശ്വരം വലിയ രാജാവ്. 

പരേതയായ അയിനാഴി കോവിലകത്ത് സുഭദ്ര തമ്പുരാട്ടിയാണ് ഉദയവര്‍മരാജയുടെ ഭാര്യ. എ.സി.നന്ദകുമാര്‍, ഇന്ദുശേഖരന്‍, സന്തോഷ്‌കുമാര്‍, ശ്രീരേഖ എന്നിവര്‍ മക്കളാണ്. 

സ്ഥാനാരോഹണച്ചടങ്ങില്‍ രാജകുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.