Latest News

ദിലീപ് വര്‍ഗീസ് : വിജയമന്ത്രത്തിന്റെ അമേരിക്കന്‍ മലയാളി മാതൃക

''ശരിയായിടത്ത് ചുവടുവയ്ക്കുക, അവിടെ ചുവടുറപ്പിക്കുക...'' എബ്രഹാം ലിങ്കന്റെ ഈ വാക്കുകള്‍ ദിലീപ് വര്‍ഗീസ് എന്ന മലയാളി ബിസിനസ് ടൈക്കൂണിനെ സംബന്ധിച്ചിടത്തേളം അന്വര്‍ത്ഥമാവുന്നു. 

1977ല്‍ മനസില്‍ നിറച്ചിട്ട ബിസിനസ് മോഹങ്ങളുമായി സിവില്‍ എഞ്ചിനിയറിംഗ് ബിരുദത്തിന്റെ ബലത്തില്‍ അമേരിക്കയില്‍ എത്തിയ ദിലീപ് വര്‍ഗീസ് ശരിയായിടത്തു തന്നെ ചുവടു വയ്ക്കുകയും അവിടെ ചുവടുറപ്പിച്ച് ക്രമാനുഗതമായ വളര്‍ച്ചയിലൂടെ ഗംഭീര വിജയം വെട്ടിപ്പിടിക്കുകയുമായിരുന്നു. 

ന്യുജേഴ്‌സിയിലും ന്യൂയോര്‍ക്കിലുമായി നൂറുമില്യനില്‍പരം ഗവണ്‍മെന്റ് കോണ്‍ട്രാക്ട് ജോലികള്‍... അര്‍പണ ബോധത്തോടെ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ പിന്തുണയോടുകൂടി പബ്‌ളിക് കോണ്‍ട്രാക്ടര്‍മാരുടെ മുന്‍നിരയിലേക്ക് കുതിക്കുന്ന വന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ... മിലിട്ടറി മേഘലയില്‍ ആയിരത്തില്‍പരം പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, അമേരിക്കന്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട് മെന്റിന്റെ വിശ്വസ്ഥനായി മാറിയ കോണ്‍ട്രാക്ടര്‍... കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം പൂര്‍ത്തീകരിച്ചത് നൂറ് മില്യനില്‍ പരം ഡോളറിന്റെ പ്രോജക്ടുകള്‍... കര്‍മഭൂമിയിലെ മുന്‍ നിര കോണ്‍ട്രാക്ടര്‍മാരില്‍ ഒരാളാകുവാന്‍ ദിലീപ് വര്‍ഗീസ് എന്ന തൃശ്ശൂര്‍ സ്വദേശിയെ സഹായിച്ച ഒരുപാട് ഘടകങ്ങളില്‍ ചിലതാണിത്.

അമേരിക്കന്‍ ഇന്ത്യക്കാരുടെ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ 'ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ കമ്പനി' സാരഥിയായ ദീലീപ് വര്‍ഗീസിന് തന്റെ വ്യവസായ നേട്ടങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും അംഗീകാരമായി പ്രശസ്തമായ പ്രവാസി ചാനലിന്റെ 'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് (നാമി) ലഭിക്കുകയുണ്ടായി.
പ്രവാസി ബിസിനസുകാരില്‍ പ്രഥമ സ്ഥാനീയനായ എം.എ യൂസഫലിയാണ് ദിലീപ് വര്‍ഗീസിന് അവാര്‍ഡ് സമ്മാനിച്ചത്. ദിലീപ് വര്‍ഗീസിന്റെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ശുഭാപ്തി വിശ്വാസവും സര്‍വോപരി ആസൂത്രണ മികവും കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തെ മികച്ച സംരംഭകനാക്കുന്നതും അസൂയാവഹമായ വിജയങ്ങള്‍ വാരിക്കൂട്ടാന്‍ പ്രാപ്തനാക്കുന്നതും. അദ്ദേഹത്തിന്റെ ജീവിതം പഠനാര്‍ഹമാണ്, ജീവിതത്തില്‍ വിജയം കൊയ്യാന്‍ വെമ്പുന്നവര്‍ക്ക് നേരിന്റെ മാതൃകയുമാണ്.

പട്ടം താണുപിള്ള കേരള മുഖ്യമന്ത്രി ആയിരിക്കെ പി.എസ്.പി സ്റ്റേറ്റ് പ്രസിഡന്റായിരുന്നു ദിലീപ് വര്‍ഗീസിന്റെ പിതാവ് ബി.സി.വര്‍ഗീസ്. ചാലക്കുടിയില്‍ നിന്ന് രണ്ടു വട്ടം നിയമസഭയിലേക്കു മത്സരിച്ചെങ്കിലും, എതിരാളി സാക്ഷാല്‍ പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു വിജയം. ഇംഗ്ലീഷിലും ഇക്കണോമിക്‌സിലും ബിരുദാനന്തര ബിരുദവും പൊളിറ്റിക്കല്‍ സയന്‍സിലും ജേര്‍ണലിസത്തിലും ഡിപ്ലോമയും നേടിയ ശേഷം ബി.സി.വര്‍ഗീസ് മദ്രാസ് ലയോള കോളേജില്‍ അധ്യാപകനായി. പിന്നെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി തന്റെ ഭൂസ്വത്തുക്കള്‍ പലതും വിറ്റഴിക്കേണ്ടിവന്നു. പിന്നീട് പട്ടം താണുപിള്ളയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പി.എസ്.പി വിട്ടു. അമ്മ ജീവിച്ചിരുപ്പുണ്ട്. ഒന്‍പതു മക്കളാണ്. അഞ്ചാണും നാലു പെണ്ണും. മൂന്നു പേര്‍ അമേരിക്കയിലുണ്ട്.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം എടുത്ത ശേഷം പൊതുജനാരോഗ്യ വകുപ്പില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ദിലീപ് അമേരിക്കയില്‍ എത്തുന്നത്. സ്വന്തം ബിസിനസ്സ് കരുപ്പിടിപ്പിക്കണമെന്ന കടുത്ത ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ദിലീപിനുണ്ടായിരുന്നു. മുടക്കു മുതല്‍ സംഘടിപ്പിക്കുന്നതിനായി പല ജോലികള്‍ ചെയ്തു. നിരവധി കോണ്ട്രാക്ടര്‍മാരുടെ കൂടെ പ്രവര്‍ത്തിച്ചു. ഇതിനിടെ ന്യുവാര്‍ക്ക് നഗരസഭയില്‍ ഉദ്യോഗസ്ഥനായ ഐസക്ക് ജോണ്‍ (തമ്പി) സിറ്റിയുടെ മൈനോറിറ്റിക്കുള്ള പോഗ്രാം അറിയിച്ചു. 

ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ക്ക് ഉപയോഗിക്കാന്‍ ഓഫീസ് സൗകര്യവും മറ്റും. അതിനു പുറമെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു ഭാഗം മൈനോറിറ്റിയില്‍ നിന്നുള്ളവര്‍ക്കായി നീക്കി വച്ചിരിക്കുന്നു. ന്യൂനപക്ഷം എന്നു ഉദ്ദേശിച്ചത് കറുത്തവരെ ആണെങ്കിലും അത് ഉപകരിച്ചത് ഇന്ത്യാക്കാര്‍ക്കും മറ്റുമാണ്. ദീലീപ് വര്‍ഗീസ് ഈ അവസരം സമര്ഡത്ഥമായി ഉപയോഗപ്പെടുത്തി.

അങ്ങനെ അര ലക്ഷം ഡോളറുമായി ഡി ആന്‍ഡ് കെ. കണ്‍സ്ട്രക്ഷന്‍സ് 1979ല്‍ ശുഭാരംഭം കുറിച്ചു. തുടക്കം ചെറിയ തോതിലായിരുന്നു. ആദ്യഘട്ടത്തില്‍ വിഷമതകളുണ്ടായിരുന്നെങ്കിലും നിശ്ചയ ദാര്‍ഢ്യവും സ്വന്തം ബിസിനസ് കരുപ്പിടിപ്പിക്കണമെന്ന അഭിവാഞ്ചയും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും കരുത്തായി. സബ്‌കോണ്‍ട്രാക്ടര്‍ എന്ന നിലയില്‍ ചെറിയ ജോലികളാണ് ആദ്യം ഏറ്റെടുത്തത്. ഇതില്‍ നിന്നും ആര്‍ജിച്ച വിശ്വാസ്യത കൂടുതല്‍ വലിയ ജോലികള്‍ ഏറ്റെടുക്കാന്‍ ദിലീപിന് അവസരമൊരുക്കി. 

കരാര്‍ പണികള്‍ ഏറ്റെടുക്കുമ്പോള്‍ ജോലിയുടെ വലുപ്പം അനുസരിച്ചുള്ള തുകയ്ക്ക് ബോണ്ടിങ് ഗ്രാന്റ് നല്‍കേണ്ട സ്ഥാപനങ്ങളുടെ സഹകരണം നേടാന്‍ ദിലീപ് ശ്രദ്ധിച്ചു.1979ല്‍ രണ്ട് ജീവനക്കാരുമായി തുടങ്ങിയ കമ്പനി ഇപ്പോള്‍ നൂറു മില്യന്റെ ബോണ്ടിങ് ഉള്ള ഒരു കമ്പനിയായി മാറി. തുടക്ക സമയത്ത് കമ്പനി ഏറ്റെടുത്തിരിക്കുന്ന ജോലികളില്‍ 99 ശതമാനവും യു.എസ് ആര്‍മിക്കുവേണ്ടിയായിരുന്നു. അമേരിക്കന്‍ രാജ്യരക്ഷാവകുപ്പിനും ഫെഡറല്‍ ഏജന്‍സീസിനും വേണ്ടി നിരവധി ബ്രഹത്തായ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തികരിച്ചു.

പിന്നീട് ദിലീപ് വര്‍ഗീസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായി ഡി ആന്‍ഡ് കെ മാറി. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഈ കമ്പനിയുടെ തണലില്‍ നിരവധിപേര്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ ബിസിനസ്സിലേക്ക് ചുവടുവച്ചിട്ടുണ്ട്. ഇത്തരം പ്രവണതകളെ തങ്ങള്‍ക്കും പാരയാവുമെന്നു കണ്ട് പല ബിസിനസ്സുകാരും മുളയിലെ നുള്ളിക്കളയാന്‍ നോക്കുമ്പോള്‍ ദിലീപ് അവരെയൊക്കെ പരമാവധി സഹായിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സ്‌പോര്‍ട്മാന്‍ സ്പിരിറ്റോടെ വേണ്ട ഉപദേശങ്ങള്‍ നല്‍കുവാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. സ്വന്തം കമ്പനിക്ക് ഇത്തരം കമ്പനികള്‍ ഭാവിയില്‍ ഒരു ഭീഷണിയായി മാറുമെന്നുള്ള ചിന്തയൊന്നും ദിലീപിനെ അലട്ടുന്നില്ല.

സാങ്കേതിക നൈപുണ്യം, മാനേജ്‌മെന്റ് വൈദഗ്ധ്യം, സാമ്പത്തിക ഭദ്രത എന്നീ ഘടകങ്ങള്‍ ദിലീപിന്റെ വിജയം നിര്‍ണയിച്ചു. ഉയര്‍ന്ന ഗുണമേന്‍മയോടെ നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുക എന്നതാണ് ദിലീപിന്റെ മുദ്രാവാക്യം. സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു പറ്റം ജീവനക്കാനുടെ പിന്‍ബലത്തോടെ ഒരേ സമയം നിരവധി പ്രൊജക്ടുകളും അസഖ്യം സബ്‌കോണ്‍ട്രാക്ടര്‍ മാരേയും കൈകാര്യം ചെയ്യാന്‍ കഴിവുള്ള കമ്പനി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിലിട്ടറി ആസ്ഥാനങ്ങളിലും മറ്റും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവും നേരിടാതെ നിര്‍മ്മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രത്യേക വൈദ്ഗ്ധ്യം പ്രകടമാക്കുന്നു. ഗുണമേന്‍മയോ സമയ പരിധിയോ കൃത്യമായി പാലിക്കാത്തത് കൊണ്ട് പണം നഷ്ടമായ ഒറ്റ സംഭവംപോലും 30 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. ക്ലൈന്റുകളുടെ നീരസത്തിനും ഇടവരുത്തിയിട്ടില്ല.

നിര്‍മ്മാണ മേഖലയിലെ ന്യൂനപക്ഷ സംവരണം ബിസിനസ് കരുപിടിപ്പിക്കാന്‍ തുടക്കത്തില്‍ സഹായകരമായെങ്കിലും പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ സംവരണം റദ്ദാക്കിയപ്പോള്‍ അതൊരു പ്രഹരമായിരുന്നു. ഈ തിരിച്ചടി അതിജീവിക്കാനാവാതെ നിര്‍മ്മാണ രംഗത്ത് ഉണ്ടായിരുന്ന മിക്ക കമ്പനികളും തഴുതിട്ടപ്പോള്‍ ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് തുണയായത് ദിലീപിന്റെ ദീര്‍ഘവീക്ഷണവും ആസൂത്രണ പാടവവുമാണ്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയള്ള ഓഫീസ് ആസ്ഥാനമാക്കി 10 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് ദിലീപ് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. ക്രമാനുഗതമായ വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കുറഞ്ഞത് രണ്ട് മൂന്ന് വര്‍ഷത്തെ എങ്കിലും പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന ശൈലിയാണ് ദിലീപിന്റെത്. ബോണ്ടിങ് കമ്പനികള്‍ അവരുടെ പണം ദീര്‍ഘ കാലത്തേക്ക് കുടുങ്ങിപ്പോകുമെന്ന കാരണം പറഞ്ഞ് ആവുന്നത്ര നിരുത്സാഹപ്പെടുത്തിയെങ്കിലും ദീര്‍ഘകാല ആസൂത്രണത്തില്‍ ദിലീപ് ഉറച്ചുനിന്നു. ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുക്കാനും അധികാര വികേന്ദ്രീകരണത്തിനും ശ്രദ്ധിക്കുന്ന ദിലീപ് അതുവഴി ദ്രുതഗതിയില്‍ തീരുമാനങ്ങള്‍ കൈകൊള്ളാനും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ഉറപ്പുവരുത്താനും അടിയന്തിര ഘട്ടങ്ങളില്‍ വേഗതയോടും കാര്യക്ഷമതയോടും കൂടെ പ്രവര്‍ത്തിക്കാനുമുള്ള ശേഷി പ്രകടമാക്കുന്നു.

പതിനഞ്ച് മില്യണ്‍ ഡോളര്‍ മുടക്കി അമേരിക്കന്‍ ഡിഫന്‍സിനു വേണ്ടി പികറ്റിനി മിലിട്ടറി സേഡില്‍ ദിലീപ് നിര്‍മ്മിച്ച സോഫ്റ്റ് വെയര്‍ സമുച്ചയം യുദ്ധഭൂമിയില്‍ അമേരിക്കയെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് രാജ്യത്തിന് സമര്‍പ്പിക്കാന്‍ ക്ഷണിക്കപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ദിലീപാണെന്നുള്ളത് മിലിട്ടറിക്ക് അദ്ദേഹത്തോടുള്ള വിശ്വാസ്യതയെ സൂചിപ്പിക്കുന്നു. 30 മില്യണ്‍ ഡോളര്‍ മുടക്കി ഈസ്റ്റ് റേഞ്ചില്‍ പണികഴിപ്പിച്ച പുതിയ സ്‌കൂള്‍ ന്യൂ ജേഴ്‌സിയിലെ സ്‌കൂളുകളുടെ ഗണത്തില്‍ സാങ്കേതിക മികവുകൊണ്ട് ശ്രദ്ധനേടിയതാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 100ല്‍ പരം സ്‌കൂള്‍ പ്രൊജക്ടുകളാണ് ദിലീപിന്റെ കമ്പനി ന്യൂ ജേഴ്‌സി സ്‌കൂള്‍ ഡവലപ്‌മെന്റ് അതോറിറ്റിക്കു വേണ്ടി പൂര്‍ത്തീകരിച്ചത്. സ്വകാര്യ മേഖലയില്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ പണികഴിപ്പിച്ച 'സീദെര്‍ ഹില്‍' എന്ന പ്രൈവറ്റ് സ്‌കൂള്‍ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. വിദ്യാഭ്യാസ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ നന്ദിനി മേനോന്റെ പങ്കാളിത്തത്തോടെയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. ദിലീപിന്റെ പത്‌നി കുഞ്ഞുമോള്‍ 'ഓക്‌സ്ഡന്റല്‍ കണ്‍സ്ട്രക്ഷന്‍' എന്ന കമ്പനിയുടെ ചുമതല വഹിക്കുന്നു. ന്യൂയോര്‍ക്കിലെ പ്രമുഖ ഗവണ്മെന്റ് ഏജന്‍സികളുടെ വര്‍ക്കുകള്‍ കഴിഞ്ഞ 12 വര്‍ഷമായി കമ്പനി ഏറ്റെടുത്ത് നടത്തുന്നു. എഞ്ചിനിയറായ ഏകമകന്‍ അജിത് വര്‍ഗ്ഗീസ് 'ഫണ്ടമെന്റല്‍ കണ്‍സ്ട്രക്ഷന്‍സ്' എന്ന കമ്പനിയുടെ പേരില്‍ സ്വന്തമായി വര്‍ക്കുകള്‍ ചെയ്ത് പിതാവിന്റെ പാത പിന്തുടരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകള്‍ മുന്നില്‍കണ്ട് സ്ഥാപിച്ചതാണ് 'ക്രോസ് റോഡ്‌സ് സര്‍വീസസ്'.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ദിലീപ് വര്‍ഗീസ് തന്റെ സഹജീവി സ്‌നേഹ സാന്നധ്യമറിയിച്ചിട്ടുണ്ട്. ദിലീപിന്റെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ തമിഴ്‌നാട്ടില്‍ ആരംഭിച്ച 'ശാന്തി ഭവൻ സ്കൂൾ ' എന്ന സ്ഥാപനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും അനാഥരുമായ മന്നൂറില്‍ പരം കുട്ടികളെ എടുത്തു വളര്‍ത്തി ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കി വരുന്നു.

1995ല്‍ ആരഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 336 കുട്ടികള്‍ പഠിക്കുന്നു. പ്രവര്‍ത്തന രംഗത്തെ മേന്മയും സമൂഹത്തിന് നല്‍കിയ സംഭാവനയും മാനദണ്ഡമാക്കി ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡ് 1996ല്‍ ലഭിച്ച ദിലീപിനെ വിവിധ ഇന്ത്യന്‍ സംഘടനകളും ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പ്രശസ്തമായ 'ഇന്ത്യ എബ്രോഡ്' പത്രം നടത്തിയ സര്‍വേ പ്രകാരം പല വര്‍ഷങ്ങളില്‍ ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് അമേരിക്കയില്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ പ്രഥമസ്ഥാനം എന്നു കണ്ടെത്തി. 

ദിലീപിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ ആരഭിച്ച കേരള സെന്റര്‍ വിവിധ മലയാളി സംഘടനകളുടെ കേന്ദ്ര ഓഫീസായി പ്രവര്‍ത്തിക്കുന്നു. പത്നി കുഞ്ഞുമോളും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്. അക്കൗണ്ട്സ് വിഭാഗം അവരുടെ മേല്‍നോട്ടത്തിലാണ്. നേരത്തെ മെഡിക്കല്‍ ടെക്നോളജി രംഗത്ത് ജോലി നോക്കിയിരുന്ന കുഞ്ഞുമോള്‍ ദിലീപിന്റെ സംരംഭം വളര്‍ന്ന് വികസിച്ചപ്പോള്‍ മാനേജ്മെന്റ് കാര്യങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാനായിട്ടാണ് സ്വന്തം കമ്പനിയില്‍ എത്തുന്നത്.

കഠിനാധ്വാനം മാത്രമല്ല, ബുദ്ധിപൂര്‍വമായ ആസൂത്രണത്തോടു കൂടിയ അധ്വാനമാണ് ദിലീപിന്റെ വിജയത്തിന്റെ കാതല്‍. സമയത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ ദിലീപിന്റെ നിഷ്ഠ തികച്ചും പ്രശംസനീയമാണ്. നേര്‍വഴിയിലൂടെയുള്ള പ്രവര്‍ത്തനവും ചെയ്യുന്ന കാര്യത്തിലെ തികഞ്ഞ ആത്മാര്‍ത്ഥതയും സുസ്ഥിര വിജയപഥത്തിലേയ്ക്കുള്ള ചവിട്ടുപടികളായി.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.