Latest News

'മുരളിയുടെ കുടുംബത്തിനും സിപിഎമ്മിനും നീതി ലഭിക്കണം; ഗൂഢാലോചന പുറത്തുകൊണ്ടുവരണം'

കാസര്‍കോട്: കുമ്പളയിലെ ഡിവൈഎഫ്‌ഐ - സിപിഎം പ്രവര്‍ത്തകന്‍ പി മുരളിയുടെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി ഉന്നതതല അന്വേഷണം വേണമെന്നും മുരളിയുടെ കുടുംബത്തിനും സിപിഎമ്മിനും നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകനായതിനാല്‍ ഗൂഢാലോചനയൊന്നും ഇല്ലെന്ന സര്‍ക്കാര്‍ നിലപാടിനെ സഹായിക്കുന്ന രീതിയിലാണ് പോലീസ്. രാഷ്ട്രീയ കൊലപാതകത്തില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. കൊല്ലപ്പെടുന്ന ആളുടെ രാഷ്ട്രീയം നോക്കിയാണ് ഇപ്പോള്‍ കൊലപതാക കേസ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിതന്നെ എത്തുക, സിബിഐ അറിയാതെ മന്ത്രി കേസ് സിബിഐ ഏറ്റെടുത്തുവെന്ന് പ്രഖ്യാപിക്കുക, സംസ്ഥാന ആഭ്യന്തര മന്ത്രിതന്നെ വളരെ വേഗം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക ഇതെല്ലാം അതിന് തെളിവാണ്. കൊല നടന്നുമുതല്‍ കേസ് അട്ടിമറിക്കാന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തികച്ചും ആസൂത്രിമായി നടപ്പാക്കിയ നിഷ്ഠൂരമായ കൊലപാതകമാണിത്. പട്ടാപകല്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്നത് വ്യക്തം.

കൊലനടന്ന ഉടനെ അയാള്‍ കൊല്ലപ്പെടേണ്ട ആളാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവന ഗൂഢാലോനചയ്ക്ക് തെളിവാണ്. കേസില്‍ പ്രതിയായി കോടതി വിട്ടയച്ചയാള്‍ കൊല്ലപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്ന ബിജെപി നേതാവിന്റെ പ്രതികരണം ദുരൂഹമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കാസര്‍കോട് ജില്ലയില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സിപിഎം പ്രവര്‍ത്തകനാണ് മുരളി. ഈകേസുകളെല്ലാം പോലീസ് വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തതിന്റെ ഫലമാണ് തുടരെതുടരെ കൊല നടക്കുന്നത്.

നാലു കൊലപാതകം നടന്നിട്ടും വളരെ ആത്മസംയമനത്തോടെയാണ് സിപിഎം പെരുമാറുന്നത്. ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം കണക്കിലെടുത്താണ് മറ്റ് കുഴപ്പങ്ങള്‍ ഉണ്ടാകാത്തത്. ഇത് സിപിഎമ്മിന്റെ ദൗര്‍ബല്യമായി സര്‍ക്കാരും പോലീസും കാണരുതെന്നും കരുണാകരന്‍ പറഞ്ഞു.

മുരളിയുടെ കൊലപാതകത്തിലെ ഗുഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നേരിട്ട് പരാതി നല്‍കുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി കെപി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം എകെ നാരായണന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗം സിഎച്ച് കുഞ്ഞമ്പു എന്നിവരും പങ്കെടുത്തു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.