Latest News

മന്ത്രി മാണി ഒരു കോടി വാങ്ങിച്ചെന്ന് ബാറുടമ

കൊച്ചി: അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും അതില്‍ ഒരുകോടി രൂപ കൊടുത്തതായും തിരുവനന്തപുരത്തെ ബാര്‍ ഉടമ ബിജു രമേശ്. അസോസിയേഷന്‍ പാലായിലെ വീട്ടില്‍ പോയാണ് പണം കൊടുത്തത്. ആദ്യം 15 ലക്ഷം രൂപയും പിന്നീട് 85 ലക്ഷം രൂപയുമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് നുണ പരിശോധനക്ക് തയാറാണെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

താന്‍ പറഞ്ഞത് കള്ളമാണെങ്കില്‍ ജനമധ്യത്തില്‍ ആത്മഹുതി നടത്താന്‍ തയാറാണ്. മാണിയുമായി സംസാരിച്ചതിന്‍െറ ശബ്ദരേഖ കൈയിലുണ്ടെന്നും ബിജു അവകാശപ്പെട്ടു.

ബാര്‍ അസോസിയേഷന്‍ നേതാക്കളില്‍നിന്ന് ഒരു കോടി രൂപ രണ്ടുതവണയായി വാങ്ങി. അസോസിയേഷന്‍ നേതാക്കള്‍ നിഷേധിക്കുന്നത് മന്ത്രി മാണിയെ ഭയന്നാണ്. ആദ്യം 15 ലക്ഷം രൂപ നല്‍കിയതിനുശേഷമാണ് ഫയലുകള്‍ പഠിക്കാനുണ്ടെന്ന് മാണി പറഞ്ഞത്. രണ്ടാമത്തെ കാബിനറ്റിന്‍െറ ഇടവേള സമയത്താണ് 85 ലക്ഷം നല്‍കിയത്. 418 ബാറുകളില്‍ വൃത്തിഹീനമായത് ഒഴികെ ബാക്കിയുള്ളത് തുറക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. ഇതിനിടയിലാണ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ബാറുകളുടെ ലൈസന്‍സ് പുതുക്കരുതെന്ന കത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആ കത്തിന്‍െറ പിന്‍ബലത്തില്‍ ബാറുകള്‍ പൂട്ടുന്നതില്‍ ഉറച്ചുനിന്നു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ചില നേതാക്കളുടെ സാമ്പത്തിക മോഹങ്ങളാണ് ബാറുകള്‍ തുറക്കാനുള്ള നീക്കം അട്ടിമറിച്ചതെന്നും ബിജു രമേശ് സൂചിപ്പിച്ചു.

അതേസമയം മാണിക്ക് അസോസിയേഷന്‍ പണം കൊടുത്തിട്ടില്ലെന്ന് പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. ആരെങ്കിലും വ്യക്തിപരമായി പണം കൊടുത്തിട്ടുണ്ടോ എന്നറിയില്ല. കേസ് നടത്തിപ്പിനായി സംഘടന പണം പിരിച്ചിട്ടുണ്ടെന്നും സെക്രട്ടറി സുനില്‍ കുമാറും പ്രതികരിച്ചു.

എന്നാല്‍ ബിജു രമേശിന്‍െറ ആരോപണം ശരിയെന്ന് അരൂരിലെ ബാര്‍ ഉടമ മനോഹരന്‍ പറഞ്ഞു. ആരാണ് പണം കൊടുത്തതെന്ന് തനിക്കറിയാം. അന്വേഷണം നടത്തിയാല്‍ അക്കാര്യം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാണി പണം വങ്ങിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം നേതാവ് എം.എ ബേബി ആവശ്യപ്പെട്ടു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.