Latest News

പൂവാലശല്യത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ വീടുകയറി പൊള്ളലേല്‍പ്പിച്ചു

തൃശ്ശൂര്‍: പൂവാലശല്യത്തെ എതിര്‍ത്തതിന് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പൊള്ളലേല്‍പ്പിച്ചു.കൈയ്ക്ക് സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എടക്കളത്തൂര്‍ പോന്നോര്‍ കല്ലൊരവഴിയില്‍ ചവറാട്ടില്‍ സുജിത്തിന്റെ ഭാര്യ നീതു(18)വിനെയാണ് കമ്പിപഴുപ്പിച്ചും സിഗരറ്റ് കത്തിച്ച് കുത്തിയും പൊള്ളലേല്‍പ്പിച്ചത്.

ശനിയാഴ്ച ഉച്ചക്ക് നടന്ന സംഭവത്തില്‍ ഞായറാഴ്ച വൈകിട്ടായിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.

പോന്നോറിലെ വീട്ടിലെ പിന്‍വാതിലിലൂടെ കയറിയ രണ്ടുപേര്‍ അടുക്കളയിലെ തീയില്‍ ഇരുമ്പദണ്ഡ് പഴുപ്പിച്ച് പെണ്‍കുട്ടിയുടെ ഇടതുകൈതണ്ടയില്‍ വെച്ച് പൊള്ളിക്കുകയായിരുന്നു.പോലീസില്‍ പരാതി നല്‍കുമോ എന്ന് ചോദിച്ചായിരുന്നു പൊള്ളിച്ചത്.രണ്ടാമന്‍ സിഗരറ്റ് കുറ്റി കഴുത്തില്‍ വെച്ച് പൊള്ളിച്ചു. വീടിന്റെ വാതില്‍ കുറ്റിയിട്ട് വായില്‍ കുത്തിപ്പിടിച്ചായിരുന്ന പൊള്ളിച്ചത് . ഇവര്‍ പോയശേഷം പുറത്തുവന്ന് പെണ്‍കുട്ടി ബഹളം വെച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും രണ്ടുപേരും രക്ഷപെട്ടിരുന്നു.

തൃശ്ശൂര്‍ -കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യബസ്സിലെ കണ്ടക്ടര്‍ കുറച്ചു ദിവസമായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു.പെണ്‍കുട്ടി ഈ സംഭവം ഭര്‍ത്താവിനോടുപറഞ്ഞു.ഭര്‍ത്താവ് കണ്ടക്ടറോട് ചോദിക്കുകയും വഴക്കായി കയ്യാങ്കളിയിലെത്തുകയും ചെയ്തു.പിന്നീട് കുന്നംകുളത്ത് പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ കണ്ടക്ടറുടെ പേരു പറഞ്ഞ് രണ്ടു യുവാക്കള്‍ ആക്രമിക്കുകയും കത്തി കൊണ്ട് കഴുത്തില്‍ കുത്താന്‍ ശ്രമിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് കഴുത്തില്‍ പരിക്കേറ്റു. തല ഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും താലിമാലപൊട്ടിക്കുകയും ചെയ്തു. പെണ്‍കുട്ടി കുന്നംകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.തുടര്‍ന്നാണ് ശനിയാഴ്ച പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

കുറ്റക്കാരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.സാഹിത്യകാരി സാറാ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി വേണുഗോപാലന്‍ സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.