Latest News

ദേശങ്ങള്‍ താണ്ടിയുള്ള യുവ സാഹസിക യാത്രക്ക് ജന്മനാട്ടില്‍ ശുഭാന്ത്യം

മലപ്പുറം: മഞ്ഞും മലയും കാടും കടലും മരുഭൂമിയും താണ്ടി അവര്‍ നാട്ടിലെത്തി. ഭാഷയോ ദേശമോ അറിയാതെ പത്തു രാജ്യങ്ങള്‍. കല്ലും മണ്ണും മഞ്ഞും മണല്‍ക്കാറ്റും അതിജീവിച്ച 15000 കിലോമീറ്റര്‍. അറേബ്യന്‍ മരുഭൂമിയില്‍ നിന്ന് റോഡ് മാര്‍ഗം മലപ്പുറത്തെത്തി നാല്‍വര്‍ സംഘം ചരിത്രം കുറിച്ചു.

46 ദിവസത്തെ സാഹസിക ഡ്രൈവിങിന് ശേഷം നാട്ടിലെത്തിയ സംഘത്തിന് മലപ്പുറത്ത് വന്‍സ്വീകരണം നല്‍കി. അങ്ങാടിപ്പുറം വട്ടപ്പറമ്പില്‍ അറഫാത്ത്, കൊണ്ടോട്ടി കോടശേരി മുജീബ്, പൂക്കോട്ടൂര്‍ നാസര്‍, ചെറുകര അബ്ദുന്നാസര്‍ എന്നിവരാണ് ജോലി ചെയ്യുന്ന സഊദിയില്‍ നിന്ന് 'ടയോട്ട ലക്‌സസ്-14' കാറില്‍ മലപ്പുറത്തെത്തിയത്.

സഊദിയിലെ ജിദ്ദ മുഹമ്മദിയയില്‍ മുഅസസ് ഫായിസ് ഉമര്‍ റാഷിദ് സുലമി എന്നയാളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. നാടുചുറ്റാനുള്ള മോഹം സ്‌പോണ്‍സര്‍ അറിഞ്ഞപ്പോള്‍ പോകാനുള്ള അനുമതി കിട്ടി. കൂടെ ഒരു കോടിയോളം രൂപ വിലവരുന്ന കാറും നല്‍കി.

സഞ്ചാരത്തിനാവശ്യമായ പേപ്പറും മറ്റുമെല്ലാം ശരിയാക്കി നല്‍കിയതോടൊപ്പം യാത്ര ചെലവും വഹിക്കാമെന്നുകൂടി കേട്ടതോടെ ഒരുക്കങ്ങളായി. സെപ്റ്റംബര്‍ 24 നാണ് ടീം യാത്രതിരിച്ചത്. ജിദ്ദയില്‍ നിന്ന് യു.എ.ഇയിലേക്ക്. അവിടെനിന്ന് ജങ്കാറില്‍ ഇറാനിലേക്ക്. പിന്നെ തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്താന്‍, കിര്‍ഗിസ്ഥാന്‍, ചൈന, ടിബറ്റ്, നേപ്പാള്‍ വഴി വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ സിനോളിലൂടെ ഇന്ത്യയിലെത്തി. 35 ദിവസത്തിനുള്ളില്‍ മലപ്പുറത്തെത്താന്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ചൈനയില്‍ 24 ദിവസം കുടുങ്ങി. യാത്രയിലെ ഏക ദുരനുഭവവും ഇതുതന്നെ. കര്‍ശന കസ്റ്റംസ് പരിശോധനയും റോഡ് പരിശോധനയും തടസ്സമായി. മഞ്ഞ് വീഴ്ച മൂലം ചെറുവാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവാദമില്ലായിരുന്നു.

പരിചിതമല്ലാത്ത റോഡിലൂടെയുള്ള യാത്ര അധികൃതര്‍ വിലക്കി. പിന്നെ ചൈനീസ് അതിര്‍ത്തിയായ കസ്ഗറില്‍ നിന്ന് ടിബറ്റന്‍ അതിര്‍ത്തിയായ കോടാരിയിലേക്ക് ട്രക്കില്‍ കയറ്റിയാണ് കാര്‍ കൊണ്ടുപോയത്. കസ്ഗറില്‍ നിന്ന് ബീജിങിലേക്ക് വിമാനത്തിലും അവിടെ നിന്ന് മറ്റൊരു നഗരമായ ലാസറിലേക്ക് ട്രെയിനിലും പിന്നീട് കോടരിയിലേക്ക് ബസിലും വന്ന ശേഷമാണ് ഇവര്‍ക്ക് വീണ്ടും ഡ്രൈവിങ് സീറ്റിലിരിക്കാനായത്. ഓരോ രാജ്യങ്ങളിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സംസ്‌കാരം മനസ്സിലാക്കാനും കഴിഞ്ഞു.

സംഘത്തിന്റെ ഫേസ്ബുക്ക് പേജില്‍ യാത്രയുടെ സമഗ്ര വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. വഴികളും വഴിയോര കാഴ്ചകളും ചരിത്ര സ്മാരകങ്ങളും ചിത്രങ്ങളും പേജില്‍ ഇടംപിടിച്ചു. നൂറുകണക്കിന് ആളുകള്‍ ദിനം പ്രതി ഫേസ്ബുക്ക് പേജ് കണ്ടിരുന്നു. ഗുണ്ടല്‍പേട്ട വഴി ശനിയാഴ്ച രാത്രി 12ന് സംഘം വയനാട്ടിലെത്തി. സുല്‍ത്താന്‍ ബത്തേരിയില്‍ തങ്ങിയ ടീം ഞായറാഴ്ച പുലര്‍ച്ചെ മുക്കം അരീക്കോട് മഞ്ചേരി വഴി പത്തരയോടെ മലപ്പുറത്തെത്തുകയായിരുന്നു. കാര്‍ ദിവസങ്ങള്‍ക്കകം തന്നെ തിരിച്ചയക്കും.

മലപ്പുത്ത് നല്‍കിയ സ്വീകരണത്തില്‍ പി.ഉബൈദുല്ല എംഎല്‍എ, ഒഡാപെക്ക് ചെയര്‍മാനും കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടുമായ കെ.പി മുഹമ്മദ് കുട്ടി, മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഗിരിജ, പരി അബ്ദുല്‍ മജീദ്, പലോളി കുഞ്ഞിമുഹമ്മദ്, പി.കെ അസ്‌ലു, എ.കെ സൈനുദ്ധീന്‍, കെ.എം.സി.സി നേതാക്കളായ കെ.വി.എ ഗഫൂര്‍, ബാവ അരിമ്പ്ര, സമദ് ചോലക്കല്‍, നാസര്‍ വാവൂര്‍, തിരൂര്‍ അസിസ്റ്റന്റ് എം.വി.ഐ വി ഉമ്മര്‍ പങ്കെടുത്തു. 


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.