Latest News

സഹപാഠികള്‍ക്ക് മിഴിനീര്‍ പൂക്കളോടെ യാത്രാമൊഴി

കോഴിക്കോട്: കരഞ്ഞു തീര്‍ക്കാനാവാത്ത സങ്കടമാണ് ദയാപുരത്ത് ഞായറാഴ്ച ചാലിട്ടൊഴുകിയത്. ഷിഹാസും അന്‍സിലും ബിലാലും വെള്ളപുതച്ച് യാത്രപറയാന്‍ വരുമ്പോള്‍ നേരംനട്ടുച്ചയായിരുന്നു. കളിച്ചും ചിരിച്ചും ശനിയാഴ്ച ഇവിടെ നിന്ന് പടിയിറങ്ങിപ്പോയവര്‍ നിതാന്തമൗനത്തിന്‍െറ മുഖവുമായി കടന്നുവന്നപ്പോള്‍ ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാവാത്ത വിധം കൂടിനിന്നവര്‍ സങ്കടപ്പുഴയിലായി. ശനിയാഴ്ച സ്കൂളില്‍ പാഠ്യേതരപരിപാടികളുടെ ദിവസമായിരുന്നു. പതിവിന് വിപരീതമായി ഇവര്‍ സിത്താര്‍ മുഴക്കി പാടിയ പാട്ടുകള്‍ ദയാപുരത്തിന്‍െറ നിനവുകളില്‍ നോവായി മുഴങ്ങി...

ശനിയാഴ്ച വൈകീട്ട് പൂനൂര്‍ പുഴയില്‍ മുങ്ങിമരിച്ച ദയാപുരം റെസിഡന്‍ഷ്യല്‍ സ്കൂളിലെ ഷിഹാസും അന്‍സിലും ബിലാലും 10ാം ക്ളാസ് വിദ്യാര്‍ഥികളായിരുന്നു. കൂട്ടുകാരോടൊപ്പം കൊടുവള്ളിക്കടുത്ത് ഈസ്റ്റ് കിഴക്കോത്ത് മുനാമണ്ണില്‍ക്കടവില്‍ നീന്താനിറങ്ങിയപ്പോഴാണ് നാടു വിറങ്ങലിച്ച ദുരന്തം സംഭവിച്ചത്.

സഹപാഠികള്‍ക്ക് യാത്രാമൊഴിയേകാന്‍ ഞായറാഴ്ച രാവിലെ മുതല്‍ സ്കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഈറന്മിഴികളോടെ കാത്തിരുന്നു. ഉച്ചയാകുമ്പോഴേക്കും നാടൊന്നാകെ അവിടേക്കൊഴുകിയത്തെി. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൂന്നുപേരുടെയും മൃതദേഹം സ്കൂളില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നപ്പോള്‍ സമയം 12.45. അപ്പോഴേക്കും ആയിരങ്ങള്‍ അവരെ അവസാനമായി കാണാന്‍ കാത്തു നിന്നു.

പക്ഷേ, കാത്തുനിന്നവര്‍ക്കെല്ലാവര്‍ക്കും അവരെ കാണാനായില്ല. സമയപരിമിതിമൂലം പൊതുദര്‍ശനം നിര്‍ത്തിവെച്ചു. അപ്പോഴും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നീണ്ടനിര ബാക്കിയായിരുന്നു. നൂറുകണക്കിനു പേര്‍ പങ്കെടുത്ത മയ്യിത്ത് നമസ്കാരത്തിന് ബിലാലിന്‍െറ പിതാവ് ഡോ. അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്‍കി. തുടര്‍ന്ന്, ബിലാലിന്‍െറ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോയി. അന്‍സിലിന്‍െറ മയ്യിത്ത് നരിക്കുനിയിലേക്കും ഷിഹാസിന്‍െറത് പടനിലത്തേക്കുമത്തെിച്ചു.

എം.എല്‍.എമാരായ വി.എം. ഉമ്മര്‍മാസ്റ്റര്‍, കെ.എം. ഷാജി, സി. മോയിന്‍കുട്ടി, ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി, ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി.എ. മുഹമ്മദ് റിയാസ്, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. സുബൈര്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഐഡിയല്‍പബ്ളിക്കേഷന്‍ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ്, എം. മുഹമ്മദ് മദനി, യു.സി. രാമന്‍, പി.കെ. ഫിറോസ്,പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. രാജഗോപാല്‍, ടി.പി. ബാലകൃഷ്ണന്‍നായര്‍, വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് പി.സി. ഭാസ്കരന്‍, സെക്രട്ടറി പി.കെ. അബ്ദുഹ്മാന്‍ എന്നിവര്‍ അനുശോചനമര്‍പിക്കാനത്തെിയിരുന്നു. യു.എ.യിലുള്ള പി.ടി.എ. റഹീം എം.എല്‍.എ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.