Latest News

സിഎംപി നേതാവ് എം.വി രാഘവന്‍ അന്തരിച്ചു


കണ്ണൂര്‍: സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍ (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പാര്‍ക്കിസന്‍സ് രോഗം ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്നു. എംവിആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എം.വി രാഘവന്‍ കേരള രാഷ്ട്രീയത്തിലെ ശക്തനായ രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു.

ശക്തനും ധീരനുമായ നേതാവെന്ന നിലയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വനിരയില്‍ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു. 1986 ല്‍ ബധല്‍രേഖ അവതരിപ്പിച്ചതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് സിഎംപിക്ക് രൂപം കൊടുത്തു. 1948 ല്‍ കമ്യൂണിസറ്റ് പാര്‍ട്ടിയില്‍ അംഗമായി.

സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിട്ടുള്ള എംവിആര്‍ ബിരുദങ്ങളല്ല മഹത്വത്തിന്റെ മാനദണ്ഡമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച രാഷ്ട്രീയ നേതാവാണ്. സ്വന്തം പരിശ്രമത്തിലൂടെ ഇംഗ്ലീഷിലും മലയാളത്തിലും നൈപുണ്യം നേടി. 1933 മെയില്‍ 25 ന് പാപ്പിനിശേരിയില്‍ ശങ്കരന്‍ നമ്പ്യാരുടെയും തമ്പായി അമ്മയുടെയും മകനായി ജനിച്ചു. ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി തവണ ജയലിലും ഒളിവിലും കഴിയേണ്ടി വന്നിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരിക്കെ 1970 ല്‍ നിയമസഭാംഗമായി. 1986 ജൂലൈ 26 ന് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി (സിഎംപി) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം കൊടുത്തു. 1991 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായി. 2001 മെയ് 17 ന് എ.കെ ആന്റണി മന്ത്രി സഭയിലും സഹകരണ-തുറമുഖ വകുപ്പ് മന്ത്രിയായി സേവനം തുടര്‍ന്നു. 2004 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അതേ വകുപ്പുകള്‍ തന്നെ വഹിച്ചു. മന്ത്രിയെന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അനന്ത സാധ്യതകള്‍ ആദ്യം കണ്ടറിഞ്ഞത് എംവിആറാണ്. അഴിമതിയുടെ കറപുരളാത്തതാണ് എംവിആറിന്റെ രാഷ്ട്രീയ ജീവിതം. സംസ്ഥാനത്തെ ആദ്യത്തെ സഹകരണ മെഡിക്കല്‍ കോളജായ പരിയാരം മെഡിക്കല്‍ കോളജിന്റെ സ്ഥാപക ചെയര്‍മാനാണ്.

ഒരിക്കല്‍ മത്സരിച്ച നിയോജക മണ്ഡലത്തില്‍ നിന്നും വീണ്ടും മത്സരിക്കുവാന്‍ എംവിആര്‍ തയാറായിരുന്നില്ല. 1970 മാടായി, 1977 തളിപ്പറമ്പ്, 1980 ല്‍ കൂത്തുപ്പറമ്പ്, 1982 പയ്യന്നൂര്‍, 1987 ല്‍ അഴീക്കോട്, 1991 ല്‍ കഴക്കൂട്ടം, 2001 ല്‍ തിരുവനന്തപുരം വെസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ രാഘവന്‍ 2006 ല്‍ പുനലൂര്‍ നിയോജമണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. സി.വി ജാനകി അമ്മയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മണി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.