Latest News

ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മാണി

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നു വന്ന കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ആരോപണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും കെ.എം മാണി പറഞ്ഞു.

418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ് ഇന്നലെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.

ഗൂഢാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസ് എ വിഭാഗമാണെന്നുള്ള പി.സി ജോര്‍ജ്ജിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരാണ് ആരോപണത്തിന് പിന്നിലെന്ന് അന്വേഷണത്തിലൂടെയെ കണ്ടെത്താനാവൂ എന്നായിരുന്നു മാണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് ബാര്‍ അസോസിയേഷന്‍ നേതാവ് ഡോ ബിജു രമേശ് സംസാരിക്കുന്നതെന്ന് കരുതേണ്ടി വരുമെന്ന് പി.സി ജോര്‍ജ്ജ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, അങ്ങനെ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം.

തന്നെയും കേരള കോണ്‍ഗ്രസിനെയും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇക്കാലമത്രയുമുള്ള രാഷ്ട്രീയ ജീവിതത്തില്‍ ആരോടും കൈക്കൂലി വാങ്ങാത്ത തനിക്ക് ഇനി ഈ ഘട്ടത്തില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാത്രി വാര്‍ത്താചാനലുകളിലൂടെയാണ് ബിജുരമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചത്. പാലയില്‍ മാണിയുടെ വീട്ടില്‍വെച്ചാണ് പണം കൈമാറിയതെന്നാണ് ആരോപണം.

അഞ്ചുകോടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു കോടി മാത്രമാണ് നല്‍കിയത്. ഇതിനിടെ വി.എം. സുധീരന്‍ ഇടപെട്ട് ബാര്‍ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക നല്‍കിയാലും ഫലമില്ലെന്ന് വ്യക്തമായി. അതുകൊണ്ടാണ് നാലുകോടി പിന്നീട് നല്‍കാത്തതെന്നും ബിജു രമേശ് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് മന്ത്രി മാണി ഇന്നലെത്തന്നെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാരപരിധിയില്‍ പെട്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.