Latest News

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സി.പി.എമ്മുകാരെന്ന് കോടതിയില്‍ റിപ്പോര്‍ട്ട്

ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തീയിട്ട് നശിപ്പിച്ച കേസില്‍ അഞ്ച് സി.പി.എമ്മുകാരെ പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം ആലപ്പുഴ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളില്‍ പാര്‍ട്ടിയംഗത്വമുള്ള രണ്ടുപേരെ സി.പി.എം. പുറത്താക്കി.

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി.ചന്ദ്രന്‍ (33), വി.എസ്. ഗ്രൂപ്പുകാരനായ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. സാബു (41) എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

സി.പി.എം. പ്രവര്‍ത്തകനും ബി.എം.എസ്. യൂണിയന്‍ അംഗവുമായ ചെല്ലിക്കണ്ടത്തില്‍ ദീപു (35), ചെല്ലിക്കണ്ടത്തില്‍ രാജേഷ് രാജന്‍ (35), പെരുന്തുരുത്തുമുറി വീട്ടില്‍ പ്രമോദ് (36) എന്നിവരാണ് മറ്റ് പ്രതികള്‍.

സ്മാരകം തകര്‍ത്തതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ടെമ്പിള്‍ സ്‌ക്വാഡ് എസ്.പി. ആര്‍.കെ.ജയരാജ് പറഞ്ഞു.

സി.പി.എമ്മിലെ കടുത്ത വിഭാഗീയതയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവിന്റെ സ്മാരകം തകര്‍ത്തതിനുള്ള പ്രേരണയെന്നാണ് കണ്ടെത്തല്‍.

കൂടുതല്‍പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരമാവധി തെളിവ് ലഭിച്ചശേഷംമാത്രമേ അറസ്റ്റ് ഉണ്ടാകൂ എന്നും എസ്.പി. പറഞ്ഞു.

സാഹചര്യത്തെളിവുകളും മൊഴികളിലെ വൈരുധ്യവുമാണ് ഇവരെ പ്രതികളെന്ന് സംശയിക്കാന്‍ പ്രധാന കാരണം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതികളെന്ന് സംശയിക്കുന്നവര്‍ നല്‍കിയ മൊഴികള്‍ പലതും കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

വി.എസ്.പക്ഷത്തിന് മേല്‍ക്കൈ ഉണ്ടായിരുന്ന കണ്ണര്‍കാട്ട്, കഴിഞ്ഞ സമ്മേളനത്തില്‍ എല്‍.സി. സെക്രട്ടറിയായിരുന്ന സാബുവിനെ അട്ടിമറിയിലൂടെ തോല്പിച്ചിരുന്നു. പുതിയ നേതൃത്വം ദുര്‍ബലമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അക്രമത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

പാര്‍ട്ടിയുടെ കണ്ണര്‍കാട് എല്‍.സി.അംഗം പി. സാബു, പാര്‍ട്ടി അംഗം പ്രമോദ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നമുറയ്ക്ക് മറ്റ് നടപടികളും പാര്‍ട്ടി തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു അറിയിച്ചു.

കേസന്വേഷണം ഏറ്റെടുത്ത് എട്ടാം മാസമാണ് പ്രത്യേകസംഘം കോടതിയില്‍ കുറ്റവാളികളെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് തെളിവുകള്‍ നശിപ്പിച്ചതായി പ്രത്യേക അന്വേഷണസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായിട്ടാണ് വിവരം.

എസ്.പി. ആര്‍.കെ.ജയരാജ്, ഡിവൈ.എസ്.പി. എം.വി.രാജേന്ദ്രന്‍, സ്‌പെഷല്‍ സ്‌ക്വാഡിലെ അലി അക്ബര്‍, ശ്യാംജി, ശ്രീകുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

പ്രതികളെ അന്വേഷണസംഘം സംശയിക്കുന്നത് ഈ കാരണങ്ങളാല്‍

*പ്രതികളെന്ന് സംശയിക്കുന്നവരുടെ വൈരുധ്യമുള്ള മൊഴികള്‍ ഇരുന്നൂറിലേറെ.
* ഇരുന്നൂറിലേറെ പേരെ ചോദ്യംചെയ്തു. ഇത് സി.പി.എമ്മുകാര്‍തന്നെ ചെയ്തതാണെന്ന് 163 പേര്‍ മൊഴി നല്‍കി.
*പ്രതികളിലൊരാള്‍ കമ്പനി ജോലിക്കാരനാണ്. രാത്രി ഒരുമണിവരെ ഡ്യൂട്ടിയുണ്ടായിരുന്ന ഇയാള്‍ സംഭവദിവസം രാത്രി 11.45ന് കമ്പനിക്ക് പുറത്തിറങ്ങി. പന്ത്രണ്ടേമുക്കാലിനായിരുന്നു സ്മാരകം തീവച്ചുനശിപ്പിച്ചത്. സംഭവസ്ഥലത്തുനിന്ന് കണ്ടുകിട്ടിയ മൊബൈല്‍ ഫോണ്‍ ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

*ബി.എം.എസ്. യൂണിയന്‍ അംഗത്വമുള്ള ദീപുവിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് മാരാരിക്കുളം പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ട്ടി ഉത്തരവാദിത്വമില്ലാത്തയാളിന്റെ മൊഴിയെ അടിസ്ഥാനമാക്കി സംഭവം നടന്നയുടനെ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കാട്ടിയ തിടുക്കം.

* പാര്‍ട്ടി ഭാരവാഹികള്‍ അറിയാതെ സ്മാരകം ആക്രമണത്തിലെ നഷ്ടത്തെപ്പറ്റി ദീപു പോലീസിന് നല്‍കിയ മൊഴി.
*സംശയകരമായ നിലയില്‍ രണ്ടാം പ്രതിയെ കണ്ടതായി ഒരു സ്ത്രീ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.
* മറ്റ് പ്രതികളിലൊരാള്‍ തീപിടിച്ച സ്മാരകത്തിനടുത്തുനിന്ന് സംഭവസമയം ഓടുമ്പോള്‍ ഒരു സ്ത്രീയെ തള്ളിയിട്ടതായി സംഘത്തിന് കിട്ടിയ വിവരം.
* പ്രധാന പ്രതികളും ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിന് തലേന്നും സംഭവം കഴിഞ്ഞും ദീര്‍ഘനേരം നടത്തിയ ഫോണ്‍വിളികള്‍.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.