Latest News

പ്രതിഷേധം, സംഘര്‍ഷം, അറസ്റ്റ്; ചുംബന സമരം സംഭവബഹുലം

കൊച്ചി: സദാചാരപോലീസിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച സ്‌നേഹചുംബനം പരിപാടി പോലീസ് ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും കലാശിച്ചു. സംഘാടകരായ കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ പരിപാടിക്ക് മുമ്പേ ലോ കോളേജിന് അടുത്തു വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതിനാല്‍ പറഞ്ഞ സമയത്ത് ചുംബനസമരം നടത്താനായില്ല.പക്ഷേ,പോലീസ് വാനിലെ കസ്റ്റഡിയിലും മറ്റു ചില ഇടങ്ങളിലും ഒറ്റപ്പെട്ട ചുംബനങ്ങള്‍ നടന്നു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയ്‌സ് കുര്യന്‍,ക്യാമറാമാന്‍ ബിനുപാവുമ്പ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അറസ്റ്റില്‍നിന്ന് രക്ഷപെട്ട കിസ് ഓഫ് ലവിന്റെ ചില പ്രവര്‍ത്തകര്‍ ചുംബനത്തിനായി മറൈന്‍ ഡ്രൈവിലെത്തിയെങ്കിലും ബജ്‌റംഗ്ദള്‍,ശിവസേനപ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ ആരോ നടത്തിയ കുരുമുളക് സ്‌പ്രേയ്ക്ക് ഇടയില്‍ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിക്കൊണ്ട് ചുംബനം തടയാനും കാണാനുമായി ആയിരക്കണക്കിനാളുകള്‍ റോഡിലും മറൈന്‍ ഡ്രൈവിലുമായി തടിച്ചു കൂടിയപ്പോള്‍ നോക്കിനില്കുകയായിരുന്നു പോലീസ്. ഒരു നിയന്ത്രണവുമില്ലാതെ ജനക്കൂട്ടം തെരുവുകയ്യേറിയപ്പോള്‍ നഗരം അരക്ഷിതമായ അവസ്ഥയിലേക്ക് മാറി.

ചുംബനംകാണാനായി തടിച്ചുകൂടിയവരെ നിയന്ത്രിക്കാന്‍ നാമമാത്രമായിരുന്ന പോലീസ് സംഘത്തിനായില്ല. കൃത്യമായ ഒരു നിര്‍ദേശവുമില്ലാതെ തോന്നുന്നരീതിയിലായിരുന്നു ലാത്തിവീശല്‍. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.

ചുംബനസമരത്തിനെതിരായ പ്രതിഷേധത്തില്‍ രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥയിലായിരുന്നു കൊച്ചി. ഉച്ചയ്ക്ക് മൂന്നുമണിയോടെ മറൈന്‍ഡ്രൈവ് മൈതാനം കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞു. ഇവിടേയ്ക്ക് ബജ്‌റംഗ്ദള്‍,ശിവസേന,കാമ്പസ് ഫ്രണ്ട്,കെ.എസ്.യു പ്രവര്‍ത്തകര്‍ സ്‌നേഹചുംബനത്തിനെതിരെ പ്രതിഷേധവുമായെത്തിക്കൊണ്ടിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി കുേറപ്പേര്‍ മറൈന്‍ഡ്രൈവ് ശുചീകരിക്കാനും വന്നു. ഇതോടെ ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് മറൈന്‍ഡ്രൈവ് മാറി. ഹൈക്കോടതി മുതല്‍ മേനകവരെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ജനക്കൂട്ടം റോഡുകയ്യേറി തലങ്ങും വിലങ്ങും പാഞ്ഞു.

ഈ സമയമത്രയും കാണികളായി നില്കുകയായിരുന്നു പോലീസ്. നാലരമണിയോടെ വന്‍ജനക്കൂട്ടമായി മറൈന്‍ഡ്രൈവ് മൈതാനത്ത്. ഇവര്‍ക്ക് മേല്‍ പെട്ടെന്ന് ഒരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസ് ആദ്യം ലാത്തിവീശിയത്. ജനക്കൂട്ടത്തോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടാതെ ഇടയ്ക്കിടയ്ക്ക് ലാത്തിച്ചാര്‍ജ് നടത്താനായിരുന്നു പോലീസ് ശ്രമം. ലാത്തിവീശുമ്പോള്‍ മറൈന്‍ഡ്രൈവിന്റെ ഒരുഭാഗത്തേക്ക് ഓടിമാറുന്ന കാഴ്ചക്കാര്‍ തൊട്ടുപിന്നാലെ മൈതാനത്ത് വീണ്ടും തടിച്ചുകൂടി. മൈബൈലുകളിലും ടാബുകളിലുമായി കാഴ്ചകള്‍ പകര്‍ത്താനായിരുന്നു എല്ലാവരുടെയും ശ്രമം. ലാത്തിച്ചാര്‍ജും സംഘംചേരലും പലവട്ടം ആവര്‍ത്തിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതെ പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റത്തിനായിരുന്നു പോലീസുകാര്‍ തുനിഞ്ഞത്.

ഇതിനിടെ ലോകോളേജില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ഥികളും കിസ് ഓഫ് ലവിന്റെ ചിലപ്രവര്‍ത്തകരും ചുംബനസമരത്തിനായി എത്തി. ബജ്‌റംഗ്ദള്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു കുരുമുളക് സ്‌പ്രേ പ്രയോഗം. പരിപാടിയില്‍പങ്കെടുക്കാനെത്തിയ രണ്ടുപേര്‍ ഇതിനിടെ ചാനല്‍ക്യാമറകള്‍ക്കുമുമ്പില്‍ ചുംബിക്കുകയും ചെയ്തു. അതോടെ അവര്‍ക്കുചുറ്റുമായി ആള്‍ക്കൂട്ടം.

ആറരമണിയോടെയാണ് ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ തയ്യറായത്. ഈ നേരമത്രയും ഗതാഗതക്കുരുക്കില്‍പ്പെട്ട് നിശ്ചലമായിരുന്നു കൊച്ചി.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.