Latest News

അന്യജാതിക്കാരനെ വിവാഹം കഴിച്ച മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന് മകളെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ചുകൊന്നു. തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ശ്രീ വെങ്കടേശ്വര കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ഭാവനയാണ് (21) കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ മൂന്നാംദിവസമാണ് ഭാവനയെ പിതാവ് ജഗ്‌മോഹനും മാതാവ് സാവിത്രി യാദവും ചേര്‍ന്ന് കൊലചെയ്തത്. ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു.

രാഷ്ട്രപതി ഭവനില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായി കരാര്‍ ജോലിചെയ്യുന്ന അഭിഷേക് സേത്ത് എന്ന യുവാവിനെ ഭാവന വിവാഹം കഴിച്ചത് നവംബര്‍ 12 നാണ്. കൊണാട്ട് പ്ലെയിസിലെ ആര്യ സമാജ്മന്ദിറില്‍ വച്ചായിരുന്നു വിവാഹം.

രണ്ടുവര്‍ഷം മുമ്പ് ഒരു പാര്‍ട്ടിക്കിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയത്തിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ വിവാഹിതരാകാന്‍ അഭിഷേകും ഭാവനയും തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന് ശേഷം ഇരുവരും അഭിഷേകിന്റെ വീട്ടിലെത്തിയപ്പോള്‍ അഭിഷേകിന്റെ പിതാവ് ഈ വിവരം ഭാവനയുടെ മാതാപിതാക്കളെ അറിയിക്കണം എന്ന് പറഞ്ഞു. അതനുസരിച്ച് വിവരം അവരെ അറിയിച്ചു. അവരെത്തി വിവാഹം അംഗീകരിക്കുന്നതായി അറിയിച്ച് ഭാവനയേയും കൂട്ടി മടങ്ങി.

കുറച്ചുദിവസത്തിനുള്ളില്‍ ആഘോഷപൂര്‍വ്വം വിവാഹം നടത്താമെന്ന് വാക്ക് നല്‍കിയാണ് മകളുമായി മാതാപിതാക്കള്‍ മടങ്ങിയത്. ഭരത് വിഹാറിലെ വീട്ടിലെത്തിയപ്പോള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ച് കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് പറഞ്ഞ് ഭാവനയെ അച്ഛനും അമ്മയും ചേര്‍ന്ന് മര്‍ദിച്ചു. മര്‍ദനത്തിനൊടുവില്‍ അഭിഷേകുമായി വിവാഹബന്ധം വേര്‍പെടുത്തണമെന്ന് അച്ഛന്‍ ജഗ്‌മോഹനും അമ്മ സാവിത്രി യാദവും ആവശ്യപ്പെട്ടു.

എന്നിട്ടും ഭാവനയുടെ മനസ്സ് മാറുന്നില്ലെന്ന് കണ്ട് ഇരുവരുംചേര്‍ന്ന് ശ്വാസം മുട്ടിച്ച് അവളെ കൊലപ്പെടുത്തി. കൊലനടത്തിയ ശേഷം മൃതദേഹവുമായി ടാക്‌സിയില്‍ രാജസ്ഥാനിലെ ആള്‍വാറിലേക്ക് പോയി.

ഭാവനയെ പാമ്പ് കടിച്ചെന്നും ആയുര്‍വേദ ചികിത്സയ്ക്കായി ജന്മനാടായ ആള്‍വാറിലേക്ക് കൊണ്ടുപോകുകയാണെന്നുമാണ് ഇവര്‍ അയല്‍ക്കാരോട് പറഞ്ഞത്. യാത്രാമധ്യേ മകള്‍ മരിച്ചുപോയെന്ന് അവിടെയെത്തിയപ്പോള്‍ ഇരുവരും ബന്ധുക്കളോട് പറഞ്ഞു. അവിടെ മൃതദേഹം സംസ്‌കരിച്ച ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി.

ഭാര്യയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ അഭിഷേക് നവംബര്‍ 16ന് പോലീസില്‍ പരാതി നല്‍കി. ഭാവന മരിച്ചുപോയെന്നും മൃതദേഹം ആള്‍വാറില്‍ സംസ്‌കരിച്ചുവെന്നും ഇതിനിടെ ബന്ധുക്കളില്‍ ഒരാള്‍ അഭിഷേകിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് മാതാപിതാക്കളില്‍ നിന്ന് കൊലപാതക വിവരം പുറത്തായത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.