Latest News

പാക്ക് വാഗ അതിര്‍ത്തിയില്‍ ചാവേര്‍ സ്‌ഫോടനം; 55 മരണം

ലഹോര്‍: ഇന്ത്യ - പാക്ക് അതിര്‍ത്തിയായ വാഗയില്‍ പ്രതിദിന സൈനിക പരേഡിനു തൊട്ടുപിന്നാലെ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ പാക്ക് സൈനികരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 55 പേര്‍ കൊല്ലപ്പെട്ടു, ഇരുനൂറോളംപേര്‍ക്കു പരുക്കുണ്ട്. ഇതില്‍12 പേരുടെ നില അതീവഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ ഖായിദ ബന്ധമുള്ള ഭീകരസംഘടനയായ ജുന്‍ദല്ല ഏറ്റെടുത്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിരക്ഷാ സേനകള്‍ വൈകിട്ടു നടത്തുന്ന പരേഡും പതാക താഴ്ത്തല്‍ ചടങ്ങും അവസാനിച്ച ഉടന്‍ വൈകിട്ട് 6.15നു പാക്ക് മേഖലയിലായിരുന്നു സംഭവം.

പരേഡ് കാണാനെത്തിയ പാക്കിസ്ഥാന്‍കാരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണു ദുരന്തത്തിനിരയായത്. പുറത്തേക്കുള്ള കവാടത്തിനരികിലായിരുന്നു സ്‌ഫോടനം. മരിച്ചവരില്‍ മൂന്നുപേര്‍ പാക്ക് അതിര്‍ത്തിരക്ഷാ സേനയായ പാക്ക് റേഞ്ചേഴ്‌സിലെ അംഗങ്ങളാണ്. പാചകവാതക സിലിണ്ടര്‍ സ്‌ഫോടനമാണു നടന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ചാവേര്‍ സ്‌ഫോടനമെന്നു പാക്ക് പഞ്ചാബ് പൊലീസ് ഐജി മുഷ്താഖ് സുഖേര സ്ഥിരീകരിച്ചു.

ഭീകരനെന്നു സംശയിക്കുന്നയാളെ പരേഡ് ഗ്രൗണ്ടിന്റെ കവാടത്തില്‍ സുരക്ഷാസേന തടഞ്ഞുവച്ചിരുന്നു. ഈ സമയത്താണു ജനക്കൂട്ടം പരേഡ് കണ്ടു പുറത്തിറങ്ങാന്‍ തുടങ്ങിയത്. അവര്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനസ്ഥലം വളഞ്ഞ പാക്ക് സേന, മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരോടു സ്ഥലംവിട്ടൊഴിയാന്‍ ആവശ്യപ്പെട്ടു. സ്‌ഫോടനമുണ്ടായ സ്ഥലത്തെ കടകളും തൊട്ടടുത്തുള്ള കെട്ടിടങ്ങളും തകര്‍ന്നു. പരുക്കേറ്റവരെ ലഹോറിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ് തലസ്ഥാനമായ അമൃത്‌സറില്‍നിന്ന് 28 കിലോമീറ്ററും പാക്ക് പഞ്ചാബ് തലസ്ഥാനമായ ലഹോറില്‍നിന്ന് 22 കിലോമീറ്ററുമാണു വാഗ അതിര്‍ത്തിയിലേക്കുള്ളത്.

ആക്രമണത്തെ അപലപിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങളുടെ വന്‍ ആക്രമണമാണു പാക്കിസ്ഥാനില്‍ പലപ്പോഴും നടക്കുന്നത്. വടക്കന്‍ വസീറിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ പാക്ക് സൈന്യം ജൂണില്‍ കടുത്ത നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനു പ്രതികാരമായി കറാച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഉള്‍പ്പെടെ ചാവേര്‍ ഭീകരാക്രമണങ്ങള്‍ നടന്നു. ഓപ്പറേഷന്‍ സര്‍ബെ അസ്ബ് എന്നു പേരിട്ട സൈനികനീക്കത്തില്‍ ഇതിനകം 1100 ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.

നൂറിലേറെ ഭീകരര്‍ കീഴടങ്ങിയിട്ടുമുണ്ട്. നൂറോളം സൈനികരും ഇതിനകം കൊല്ലപ്പെട്ടു. ദിവസവും വൈകിട്ടു നടക്കുന്ന സൈനിക പരേഡും പതാക താഴ്ത്തല്‍ ചടങ്ങും കാണാന്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ വന്‍ ജനക്കൂട്ടം എത്താറുണ്ട്. സൈനികക്കരുത്തും ഊര്‍ജസ്വലതയും പ്രതിഫലിപ്പിക്കുന്ന ആഘോഷപൂര്‍ണമായ പരേഡിനിടെ ജനക്കൂട്ടം സ്വന്തം സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ആരവം മുഴക്കുന്നതു പതിവാണ്.

ഇരുരാജ്യങ്ങളിലും വിനോദസഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്ന ചടങ്ങുകൂടിയാണിത്. പരേഡ് വീക്ഷിക്കാന്‍ ഇരുരാജ്യങ്ങളും പ്രത്യേക ഗാലറികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


Keywords: international News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.