പേഷാവര്‍: തീവ്രവാദി ആക്രമണം ഒരു രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കി. എന്നാല്‍ ഒരിക്കലും മായാത്ത വേദനയാണ് പേഷാവറിലെ ആര്‍മി പബ്ലിക് സ്‌കൂളിന് അതു സമ്മാനിച്ചിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ വിദ്യാര്‍ഥികളില്‍ ഇനി അവശേഷിക്കുന്നത് ഒരാള്‍ മാത്രം. 15 വയസുകാരനായ ദാവൂദ് ഇബ്രാഹം. അവനെ രക്ഷിച്ചതാകട്ടെ വീട്ടിലെ അലാമിന്റെ തകരാറും. എന്നും കൃത്യ സമയത്ത് വിളിച്ചുണര്‍ത്തിയിരുന്ന അലാം അന്ന് പതിവില്ലാതെ പണിമുടക്കിയത് ആയുസിന്റെ ബലം ഒന്നുകൊണ്ട് മാത്രമാണെന്നാണ് അവന്റെ കുടുംബം വിശ്വസിക്കുന്നത്.
തലേന്ന് രാത്രിയില്‍ ഒരു വിവാഹ വിരുന്നില്‍ പങ്കെടുത്തതിനാല്‍ രാത്രി വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. അതുകൊണ്ടു സ്‌കൂളില്‍ പോകാനും കഴിഞ്ഞില്ല. ഫലമോ തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍നിന്നുള്ള അത്ഭുത രക്ഷപ്പെടല്‍. 132 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പിടഞ്ഞു വീണു മരിച്ചത്. നിരനിരയായി നിര്‍ത്തി അടുത്തുനിന്ന് വെടിയുതിര്‍ത്താണ് പലരേയും തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ഗ്രനേഡ് എറിഞ്ഞാണ് വീഴ്ത്തിയത്.
ക്ലാസിലെ കൂട്ടുകാര്‍ എല്ലാവരും മരിച്ചപ്പോഴും മരണത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് ആയുസിന്റെ ബലം ഒന്നുകൊണ്ട് മാത്രമാണെന്നാണ് ദാവൂദ് വിശ്വസിക്കുന്നത്. സഹപാഠികളുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും അവന്‍ വിതുമ്പിപ്പോയി. സ്‌കൂളില്‍ മരിച്ച വീണ 142 പേരെയും ഒരുമിച്ചാണ് സംസ്‌കരിച്ചത്. ചെറിയ കുട്ടികളെ ഒഴിവാക്കി മുതിര്‍ന്ന കുട്ടികളെ കൊലപ്പെടുത്താനാണ് പാക് താലിബാന്‍ തീവ്രവാദികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍നിന്നു മാത്രം നൂറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പല ക്ലാസ് മുറികളിലും രക്തം കട്ട പിടിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.
No comments:
Post a Comment