Latest News

സുന്നി ഐക്യമെന്ന സ്വപ്‌നത്തിന് ജീവന്‍ നല്‍കി മുനവ്വറലി തങ്ങള്‍ മര്‍ക്കസില്‍

കോഴിക്കോട്: കേരളത്തില്‍ ഇരു വിഭാഗം സുന്നികള്‍ തമ്മിലുളള ഐക്യ ശ്രമങ്ങള്‍ ഒരുപടി കൂടി മുന്നോട്ട്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ സുന്നീ മര്‍കസ് സമ്മേളനത്തിന് മുന്നോടിയായി ഒരുക്കിയ ചടങ്ങില്‍ പങ്കെടുക്കാന്‍ മുനവ്വറലി തങ്ങള്‍ എത്തിയതാണ് സുന്നി ഐക്യമെന്ന ആശയത്തിന് കൂടുതല്‍ കരുത്ത് പകരുന്നത്.

കഴിഞ്ഞ ദിവസം കാസര്‍കോട് നെല്ലിക്കുന്ന് മഖാം ഉറൂസ് പരിപാടിയില്‍ പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫിയും മുനവ്വറലി തങ്ങളും ഒരേ വേദിയിലെത്തിയതോടെയാണ് സുന്നീ ഐക്യ ശ്രമങ്ങള്‍ക്ക് പരസ്യമായ ചര്‍ച്ചക്ക് തുടക്കം കുറിച്ചത്.

പിതാവ് തുടങ്ങി വച്ച സുന്നി ഐക്യം എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനും ലീഗ് നേതാവുമായ മുനവ്വറലി ശിഹാബ് തങ്ങളാണ് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന സുന്നി ഐക്യമെന്ന സ്വപ്‌നത്തിന് ജീവന്‍ നല്‍കിയിരിക്കുന്നത്. 

ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് പാണക്കാട് കുടുംബത്തില്‍ നിന്നുള്ള ഒരംഗം എ.പി വിഭാഗം സുന്നികളുടെ മര്‍ക്കസുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംബന്ധിക്കുന്നത്‌

വ്യാഴാഴ്ച മുതല്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന മര്‍ക്കസ് സമ്മേളനത്തിന് മുന്നോടിയായി ഒരുക്കിയ മര്‍ക്കസ് ഊദ് എക്‌സ്‌പോയിലെ സ്റ്റാള്‍ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ബുധനാഴ്ച രാവിലെ കാരന്തൂര്‍ മര്‍ക്കസ് നഗരിയിലെത്തിയത്‌.


മുസ്ലിം ലീഗ് അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്നപ്പോള്‍ സുന്നി ഐക്യത്തിനായി ഏറെ പ്രയത്‌നിച്ചിരുന്നു. എന്നാല്‍ ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇ.കെ വിഭാഗം സുന്നികള്‍ ശിഹാബ് തങ്ങളുടെ ഐക്യ ശ്രമത്തിന് കടിഞ്ഞാണിടുകയായിരുന്നു. ഇത് മറികടന്ന് മുഹമ്മദലി തങ്ങള്‍ ചാലിയത്ത് കാന്തപുരവുമായി വേദി പങ്കിട്ടത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാന്തപുരം വിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പിതാവിന്റെ വാഹനം ഇ.കെ വിഭാഗം തടഞ്ഞിരുന്ന സംഭവം വിവരിച്ച് മുനവ്വറലി തങ്ങള്‍ പിതാവിന്റെ മരണ ശേഷം പത്രങ്ങളില്‍ എഴുതിയിരുന്നു. മുഹമ്മദലി തങ്ങളുടെ മരണ ശേഷം സുന്നി ഐക്യമെന്ന ചര്‍ച്ച ക്രമേണ തണുക്കുകയാണുണ്ടായത്.

2010ല്‍ നടന്ന മര്‍ക്കസ് സമ്മേളന സുവനീരില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ എ.പി വാഭാഗത്തിന് അനുകൂലമായി എഴുതിയതും അതിന് മുമ്പ് ഇ.അഹമ്മദ്, പി.കെ ഫിറോസ് തുടങ്ങിയ ലീഗ് നേതാക്കള്‍ മര്‍ക്കസില്‍ പോയതും ഇ.കെ വിഭാഗം സുന്നികള്‍ക്കിടയില്‍ ഏറെ മുറുമുറുപ്പിന് വഴിവച്ചിരുന്നു. അതേ സമയം ഇ.കെ വിഭാഗം സുന്നികളില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഐക്യ ശ്രമത്തിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണ ശേഷം ഇ.കെ സമസ്തയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഹൈദരലി തങ്ങള്‍ ലീഗിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതോടെ ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ നിലക്കുകയായിരുന്നു.

കാന്തപുരത്തിന്റെ നേതൃത്വത്തിലുളള നോളജ് സിററിയുടെ ശിലാസ്ഥാപന ചടങ്ങിലടക്കമുളള പരിപാടികളില്‍ പി.കെ. കുഞ്ഞാലികുട്ടിയടക്കമുളള ലീഗ് മന്ത്രിമാര്‍ പങ്കെടുത്തെതിനെതിരെ ഇ.കെ. വിഭാഗം പരസ്യമായി രംഗത്ത് വന്നു. ഇതോടെ ലീഗ് നേതാക്കള്‍ എപി വിഭാഗത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നത് നേതൃത്വം വിലക്കിയിരുന്നെങ്കിലും യൂത്ത്‌ലീഗ് ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ലീഗ് നേതാക്കള്‍ എപി വിഭാഗത്തിന്റെ വേദികളില്‍ നിന്നും വിട്ടു നിന്നതുമില്ല. മംഗലാപുരത്ത് നടന്ന കാന്തപുരത്തിന്റെ കര്‍ണ്ണാടക യാത്രയുടെ സമാപന പരിപാടിയില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പങ്കെടുത്തതിനെതിരെയും ഇ.കെ. വിഭാഗം നേതാക്കള്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇകെ വിഭാഗത്തിന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ ലീഗിന്റെ പ്രമുഖ നേതാക്കള്‍ എ.പി വിഭാഗത്തിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുത്ത് വരുന്നു. ഇതിലൂടെ ഇരു വിഭാഗത്തെയും ഒരു കുടകീഴില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ലീഗ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.


ഇതിന് മുനവ്വറലി ശിഹാബ് തങ്ങളെ മുന്നിലിറക്കി സുന്നികള്‍ക്കിടയിലെ മഞ്ഞുമല ഉരുക്കാനണ് ലീഗിന്റെ ശ്രമം. മുനവ്വറലി തങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു പരിപാടിയില്‍ എത്തിയതോടെ ഇത് ഏറെകുറേ ഫലം കണ്ടതായാണ് ലീഗിന്റെ വിലയിരുത്തല്‍. 

കൂടാതെ വ്യാഴാഴ്ച മുതല്‍ നടക്കുന്ന മര്‍ക്കസ് സമ്മേളനത്തിലേക്ക് മുന്‍ വര്‍ഷത്തേക്കാളും ലീഗ് നേതാക്കള്‍ എത്തുമെന്നാണ് സൂചന. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ സെമിനാറുകളിലും പരിപാടികളിലുമായി ഇ.ടി മുഹമ്മദ് ബഷീര്‍, മോയീന്‍കുട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി, ഇബ്രാഹീംകുഞ്ഞ്, കെ.എന്‍.എ ഖാദര്‍, പി.കെ ഫിറോസ് തുടങ്ങിയ ലീഗ് നേതാക്കള്‍ എത്തുന്നുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.