പയ്യന്നൂര്‍ : ഓടിക്കൊണ്ടിരിക്കുകയായിരുന്ന കണ്ടെയ്‌നറിന് തീപ്പിടിച്ച് ഗൃഹോപകരണങ്ങളും പെയിന്റ് ബാരലുകളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ മുസ്ലിം പള്ളിക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
മഹാരാഷ്ട്രയില്‍ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന മില്ലേനിയം റോഡ് കോര്‍പ്പറേഷന്റെ കെ എല്‍ 13കെ 0255 നമ്പര്‍ കണ്ടെയ്‌നര്‍ ലോറിക്കാണ് ഓട്ടത്തിനിടെ തീപ്പിടിച്ചത്. ആര്‍മിയില്‍ നിന്ന് പിരിഞ്ഞ കേരളത്തിലേക്ക് വരികയായിരുന്ന അഞ്ചുപേരുടെ വീട്ടുപകരണങ്ങളും മിലിട്ടറി കാന്റീനില്‍ നിന്ന് വാങ്ങിയിരുന്ന എ സി ഫ്രിഡ്ജുകള്‍, വാഷിംഗ് മെഷീന്‍, അലമാരകള്‍, തുണിത്തരങ്ങള്‍, ടൂവീലറുകള്‍, കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി കണ്ണൂരില്‍ ഇറക്കാന്‍ കൊണ്ടുവരികയായിരുന്ന പെയിന്റ് ബാരലുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.
പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനടുത്ത് ഒരാളുടെ സാധനങ്ങള്‍ ഇറക്കി തിരിച്ച് ദേശീയ പാതയിലേക്ക് പോവുകയായിരുന്നു കണ്ടെയ്‌റര്‍ ലോറി. കണ്ണൂര്‍, പാലക്കാട്, തിരുവല്ല, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇറക്കേണ്ട സാധനങ്ങളായിരുന്നു കണ്ടെയ്‌നറില്‍ നിറയെ ഉണ്ടായിരുന്നത്.
കണ്ടെയ്‌നറിനകത്തുണ്ടായിരുന്ന ഒരു ടൂ വീലറിന്റെ ബാറ്ററിയില്‍ നിന്ന് വൈദ്യുതി ഷോര്‍ട്ടായതാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ടൂ വീലര്‍ പൊട്ടിത്തെറിച്ച് പെയിന്റ് ബാരലിന് തീപ്പിടിക്കുകയായിരുന്നു. കണ്ടെയ്‌നറിന്റെ ഉള്‍ഭാഗം മുഴുവനും കത്തിയശേഷം മാത്രമെ ക്യാബിനിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും വിവരമറിഞ്ഞുള്ളൂ.
പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിന്റെ രണ്ട് ഫയര്‍ എഞ്ചിനുകളാണ് ശ്രമകരമായ ദൗത്യത്തിന് ശേഷം ആളിപ്പടര്‍ന്ന തീ അണച്ചത്. ടാങ്കറിലേക്ക് തീപ്പിടിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി. പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. കൂടുതല്‍ പരിശോധനകള്‍ നടന്ന് വരികയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment