Latest News

തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

തളിപ്പറമ്പ്: ഒടുവള്ളിത്തട്ടില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ചെറുപുഴ ടൗണിലെ ലൈഫ്‌സ്‌റ്റൈല്‍ വസ്ത്രാലയം പാര്‍ട്ണര്‍മാരിലൊരാളായ ചൂരനോലില്‍ തോമസ് (60) ആണു മരിച്ചത്. പരിക്കേറ്റവരില്‍ പെരുമ്പാവൂരിലെ ശശി (44), ചിറ്റാരിക്കാല്‍ കൈതമറ്റം കെ.എസ്.ഷൈജ (24), കോഴിച്ചാലിലെ ജിന്‍സി ജോസഫ് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിക്കേറ്റ പാലക്കാട് പരത്തിപ്പള്ളിയിലെ സി.ആര്‍. സുരേഷി (37) നെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് നിസാര പരിക്കാണുള്ളത്. ഇവര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. 

കോട്ടയത്ത് നിന്ന് വെള്ളരിക്കുണ്ടിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അപകടം. കോയമ്പത്തൂരില്‍ വസ്ത്രമെടുക്കാന്‍ പോയി തിരിച്ചു വരവെയാണ് തോമസ് സഞ്ചിരിച്ച ബസ് അപകടത്തില്‍ പെട്ടത്. 

ഒടുവള്ളിത്തട്ടിലെ ഒന്നാംവളവില്‍ ബസിന്റെ ബ്രേക്ക് പൊട്ടുകയും നിയന്ത്രണം വിട്ട ബസ് ഡ്രൈവര്‍ അരികിലുള്ള മണ്‍തിട്ടയില്‍ ഇടിച്ച് നിര്‍ത്തുന്നതിനിടെ മറിയുകയുമായിരുന്നു. അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറുമടക്കം ബസിനുള്ളില്‍ 23 പേരുണ്ടായിരുന്നു. ഡ്രൈവറുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. 

റോഡിന്റെ മറുഭാഗത്ത് 200 ഓളം അടി താഴ്ചയുള്ള കൊക്കയുണ്ടായിരുന്നു. അപകടം നടന്നയുടന്‍ യാത്രക്കാരുടെ നിലവിളികേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രിസ്മസ് അവധിക്ക് നാട്ടിലേക്കു വരുന്നവരായിരുന്നു ബസിനുള്ളിലെ യാത്രക്കാരില്‍ ഏറെയും. അപകടത്തെ തുടര്‍ന്ന് തളിപ്പറമ്പ്-ആലക്കോട് റൂട്ടില്‍ മൂന്നു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. 

മേരിയാണ് മരിച്ച തോമസിന്റെ ഭാര്യ. മക്കള്‍: റോബിന്‍ (പാടിയോട്ടു ചാല്‍ സഹകരണ ബേങ്ക്) ആല്‍വിന്‍ ( ബിസിനസ്)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.