Latest News

ജ്വല്ലറി ഉടമയുടെ കൊലപാതകം: പോലീസ് ചോദ്യംചെയ്ത വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

തലശ്ശേരി: ജ്വല്ലറിയുടമ കടക്കുള്ളില്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് ചോദ്യംചെയ്ത വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. തലശ്ശേരി നഗരത്തിലെ മെയിന്‍ റോഡിലെ പ്രകാശ് ഹാര്‍ഡ് വേഴ്‌സ് ഉടമ നങ്ങാറത്ത് പീടികയിലെ കമലാലയത്തില്‍ പി വി പ്രകാശാ(50)ണ് വെളളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. 

പ്രകാശന്റെ കടയുടെ തൊട്ടടുത്ത കടയായ സവിത ജ്വല്ലറി ഉടമയെ കഴിഞ്ഞ ദിവസം രാത്രി കടക്കുള്ളില്‍ വെട്ടും അടിയുമേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ചക്യത്ത് മുക്കിലെ പി കെ ദിനേശനാണ് കടക്കുള്ളില്‍ കൊല്ലപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ബുധനാഴ്ച പ്രകാശനെ പോലീസ് ചോദ്യംചെയ്തിരുന്നു. 

ഭാര്യ: ഗീത. മക്കള്‍: വിദ്യാര്‍ത്ഥികളായ ജിന്‍ഷ, ജറിന്‍, അമൃത. സഹോദരങ്ങള്‍: രവീന്ദ്രന്‍, രമേശന്‍, പ്രേമലത, പരേതനായ ശശീന്ദ്രന്‍. 

അതേസമയം മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ ദിനേശനെ കടക്കുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത് പരിശീലനം ലഭിച്ച കൊലയാളിയാണെന്ന് പോലീസിന് സൂചന ലഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ എസ് ഗോപാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം കൊലനടന്ന കടയുടെ ഉള്‍ഭാഗവും മറ്റും പരിശോധന നടത്തി. 

കൊലപാതകം സംബന്ധിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചനകള്‍. പണാപഹരണത്തിനാണ് കൊല നടത്തിയതെന്നാണ് സൂചന. നേരത്തെ ദിനേശന്റെ പേരിലുള്ള കടകള്‍ വില്‍പ്പന നടത്തുക വഴി ഒരു കോടിയോളം രൂപ കൈവശം ലഭിച്ചിരുന്നു. അതില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ കട ബാധ്യതകള്‍ തീര്‍ക്കാനായി ചെലവഴിച്ചതായും ദിനേശന്റെ സഹോദരന്മാരുടെയും മറ്റും മൊഴികളില്‍ നിന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ദിനേശന്‍ നേരത്തെ ബ്ലേഡുകാരില്‍ പണം വാങ്ങിയതായും സൂചനകളുണ്ട്. ഇതൊക്കെ കൊടുത്ത് തീര്‍ത്തതായും ബന്ധുക്കളുടെ മൊഴികളില്‍ നിന്നും വ്യക്തമാവുന്നുണ്ട്. 

ദിനേശന്റെ കൈവശമുള്ള പണം അപഹരിക്കാനാണ് കൊലനടത്തിയതെന്നാണ് സൂചന. ഹൃദയത്തിനേറ്റ മുറിവാണ് മരണ കാരണമായിത്തീര്‍ന്നതെന്നും കൊലയാളി പരിശീലനം ലഭിച്ചയാളുമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് ഡോക്ടറുടെ നിഗമനം. 

ദിനേശന്റെ ശരീരത്തില്‍ ഏറ്റ മുറിവുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇത് വ്യക്തമാവുന്നുണ്ടത്രെ. ദിനേശന്റെ ശരീരത്തില്‍ അഞ്ച് മുറിവുകളാണുള്ളത്. അക്രമിക്കുമ്പോള്‍ തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഇരു കാലുകളുടെയും വിരലുകള്‍ക്ക് സാരമായി മുറിവേറ്റിട്ടുണ്ട്. കുത്തേറ്റ് വീണപ്പോഴാകാം മൂക്കിന് ക്ഷതമേറ്റതെന്നുമാണ് നിഗമനം. 

തലശ്ശേരി സി ഐയുടെ ചുമതലയുള്ള പാനൂര്‍ സി ഐ ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്. എ എസ് ഐ വത്സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, അജയന്‍, വിനോദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. 
കൊലപാതകത്തെക്കുറിച്ച് വിവരങ്ങള്‍ കേസന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിനേശന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്യും. ദിനേശന്റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നതിന് വേണ്ടിയാണ് ഭാര്യയെ ചോദ്യം ചെയ്യുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.