Latest News

ന്യൂമാഹിയില്‍ സ്‌ഫോടനം: നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

തലശ്ശേരി: ന്യൂമാഹി പോലീസ് പരിധിയിലെ മാടപ്പീടിക പാര്‍സിക്കുന്നില്‍ സ്‌ഫോടനത്തില്‍ നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കുനിയില്‍ പുരയില്‍ മഹേഷ് (30), ശ്രീരാഗില്‍ ഷിനോജ് (29), മൊട്ടാല്‍ ആഷിഷ് (32) എന്നിവര്‍ക്കും ഇവരുടെ കൂട്ടുകാരനായ മറ്റൊരു യുവാവിനുമാണ് പരുക്കേറ്റത്. ഇവരില്‍ മഹേഷിന്റെ പരുക്കാണ് ഗുരുതരം. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം പരുക്കേറ്റവരെ രാത്രിയില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഈ സംഭവത്തിന് മിനുട്ടുകള്‍ക്ക് മുമ്പാണ് ഇതിനടുത്ത് പോലീസിന് നേരെയും ബോംബേറുണ്ടായത്. ബി ജെ പിക്കാരെന്ന് ആരോപിക്കപ്പെട്ടവര്‍ നടത്തിയ ബോംബേറില്‍ കെ എ പിയിലെ സജിനേഷിന് നിസ്സാര പരുക്കേറ്റു. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി മാടപ്പീടിക-പാര്‍സിക്കുന്ന് ഭാഗത്ത് ക്യാമ്പ് ചെയ്തുവന്ന പോലീസ് സംഘത്തിലെ സിവില്‍ പോലീസുദ്യോഗസ്ഥനാണ് സജിനേഷ്. 

പാര്‍ട്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പാര്‍സിക്കുന്നിനടുത്ത് സി പി എം നേതൃത്വത്തില്‍ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വളണ്ടിയര്‍ പരിശീലനം നടത്തുന്നുണ്ട്. റോഡില്‍ പരിശീലനം അനുവദിക്കില്ലെന്ന് പറഞ്ഞ് ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായെത്തിയത് കഴിഞ്ഞ ദിവസം വൈകീട്ട് ഇവിടെ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഏറ്റുമുട്ടാന്‍ ഒരുങ്ങിയെത്തിയ ഇരുവിഭാഗത്തെയും ന്യൂമാഹി പോലീസെത്തി പിരിച്ചു വിടുകയായിരുന്നു. 

കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഏതാനും പോലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. അര്‍ധരാത്രിയില്‍ രണ്ട് പേര്‍ റോഡ് മുറിച്ച് കടന്നുപോവുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടി പോലീസുകാര്‍ ഇവരെ പിന്തുടര്‍ന്നു. ഇതിനിടയിലാണ് ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ ചില്ലുതെറിച്ചാണ് പോലീസുകാരന് പരുക്കേറ്റത്. 

ഇതിന് ശേഷം തുടരെ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നു. ഇതിലാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതെന്ന് പോലീസ് സൂചിപ്പിച്ചു. 

തലശ്ശേരി സി ഐ. വി കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവല്‍ തുടരുകയാണ്‌ .

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.