Latest News

മര്‍കസ് നഗരി ഒരുങ്ങി: സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം

കോഴിക്കോട്: പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് മുന്നില്‍ നിന്ന് നയിച്ച സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 37-ാം വാര്‍ഷിക സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാവും. 

മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക കേന്ദ്രമായ മര്‍കസ് നഗറില്‍ വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ദിനങ്ങളില്‍ നടക്കുന്ന സമ്മേളനത്തിന് മുപ്പത് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്മാര്‍, ലോകപ്രശസ്ത പ്രതിനിധികള്‍, മന്ത്രിമാര്‍, കേന്ദ്ര സംസ്ഥാന രാഷ്ട്രീയ പ്രമുഖര്‍, സാംസ്‌കാരിക സാമൂഹിക ഉന്നത വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ നടക്കുന്ന സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുക്കും.
രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമ്മേളനത്തിന് നാല് വേദികള്‍ നഗരിയില്‍ സജീകരിച്ചിട്ടുണ്ട്. വിവിധ സെഷനുകളില്‍ ഒരേസമയം വിത്യസ്ത പരിപാടികള്‍ നടക്കും.
ഡിസംബര്‍ 14 ന് സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂരിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തിയതോടെ മര്‍കസ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി എത്തിയ വിഭവ സമാഹാരങ്ങളും, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ബാക് ടു മര്‍ക്കസ് പദ്ധതിയും നഗറിക്ക് ഏറെ കൗതുകമേകി.
മുന്‍ വര്‍ഷങ്ങളിലെ പോലെ വലിയ ജനബാഹുല്യം എത്തുന്ന സമ്മേളനത്തിന് ഇത്തവണ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ജനലക്ഷങ്ങള്‍ പരിപാടികള്‍ വീക്ഷിക്കുന്നതിനായി നഗരിയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ക്രീന്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം.എം അബ്ദുല്‍ഖാദര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ മര്‍കസ് 37ാം വാര്‍ഷികത്തിന് തുടക്കം കുറിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ കെ.പി ഹംസ മുസ്്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിക്കും. ജിദ്ദ സര്‍വകലാശാല പ്രൊഫസര്‍ ശൈഖ് അബ്ദുല്ല ഫദ്അഖ് മുഖ്യാതിഥിയാണ്. മര്‍കസ് എക്‌സലന്‍സി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
വൈകീട്ട് ഏഴിന് മര്‍കസ് നഗറില്‍ നടക്കുന്ന ജനലക്ഷങ്ങളുടെ ആത്മീയ സംഗമത്തിന് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിള്‍ ഉള്‍പ്പെടെ ലോകപ്രശസ്ത ആത്മീയ നേതേക്കളും സൂഫികളും പങ്കെടുക്കും.
പത്തൊമ്പത് വെള്ളി വൈകീട്ട് മൂന്നിന് കൈതപ്പൊയിലിലെ മര്‍കസ് നോളജ്‌സിറ്റിയില്‍ പ്രവാസി സംഗമം നടക്കും. സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സയ്യിദ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നോളജ്‌സിറ്റിയില്‍ പ്രവൃത്തി പൂര്‍ത്തിയായ യൂനാനി മെഡിക്കല്‍ കോളേജിന്റെ ആദ്യ ബ്ലോക്ക് ഉദ്ഘാടനം ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ നിര്‍വഹിക്കും. ഇതേസമയം കാരന്തൂരിലെ മര്‍കസ് നഗറില്‍ ആദര്‍ശ സമ്മേളനവും തുടര്‍ന്ന് ഖുര്‍ആന്‍ സമ്മേളനവും നടക്കും. ഖുര്‍ആന്‍ സമ്മേളനം ഉസ്ബക്കിസ്ഥാനിലെ മുഫ്തി മുഹമ്മദ് സ്വാദിഖ് യൂസുഫ് ഉദ്ഘാടനം ചെയ്യും. സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹാഫിളുകള്‍ക്കുള്ള സനദ്ദാനം വേള്‍ഡ് ഇസ്‌ലാമിക് ലീഗ് ഉപദേഷ്ടാവ് ഡോ. ഹാശിം മുഹമ്മദ് അലി മഹ്ദി നിര്‍വഹിക്കും.
ഇരുപത് ശനി രാവിലെ ഒമ്പതിന് നടക്കുന്ന വിദ്യാഭ്യാസ സംവാദം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മര്‍കസ് ഹരിതം കാര്‍ഷിക പദ്ധതി കൃഷിമന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് നടക്കുന്ന ദേശീയ ചാരിറ്റി സെമിനാര്‍ ബീഹാര്‍ എം.പി ചൗധരി മെഹ്ബൂബ് അലി ഖൈസര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് എന്റെ മര്‍കസ് സംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന ശൈഖ് മുഹമ്മദ് സായിദ് അന്താരാഷ്ട്ര സമാധാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
21 ഞായറാഴ്ച രാവിലെ നടക്കുന്ന ദഅ്‌വ സമ്മേളനത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക രീതികള്‍ ചര്‍ച്ച ചെയ്യപ്പെടും. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. പത്ത് മണിക്ക് ദേശീയ ദഅവാ സംഗമം നടക്കും. ഉച്ചക്ക് പന്ത്രണ്ടിന് മര്‍കസില്‍ നിന്ന് ഈ വര്‍ഷം ബിരുദമെടുക്കുന്ന സഖാഫികള്‍കുള്ള സ്ഥാനവസ്ത്ര വിതരണം നടക്കും. 

തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ആഗോള പണ്ഢിത പ്രമുഖരുടെ സാന്നിധ്യത്തില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം യുഎഇ മതകാര്യ വകുപ്പ് ഡയക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് മത്വര്‍ അല്‍ കഅബി ഉദ്ഘാടനം ചെയ്യും.
ജമ്മുകാശ്മീര്‍, ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി 93 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.