Latest News

‘കുട്ടി ഡ്രൈവര്‍’മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു

കോഴിക്കോട്: പതിനെട്ട് വയസ്സ് തികയാത്ത വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു. നിയമം ലംഘിച്ച് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖ സംസ്ഥാനത്തെ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. 

ലൈസന്‍സില്ലാതെ ബൈക്കോടിച്ച് നിരവധി വിദ്യാര്‍ഥികള്‍ അപകടത്തില്‍പെടുന്നത് കണക്കിലെടുത്താണ് നടപടി. യൂനിഫോമില്‍ ഹൈസ്കൂള്‍-പ്ളസ്ടു വിദ്യാര്‍ഥികള്‍ ബൈക്കോടിച്ചു പോകുന്നതിന്‍െറ ചിത്രങ്ങള്‍ ‘വാട്ട്സ് ആപ്’ സംവിധാനത്തിലൂടെ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ഉത്തരവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ രക്ഷാകര്‍ത്താക്കളും സ്കൂള്‍ അധികൃതരും പി.ടി.എയും വിദ്യാര്‍ഥികളില്‍ ആവശ്യമായ ബോധവത്കരണം നടത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നിര്‍ദേശിച്ചു. 

ലൈസന്‍സില്ലാതെ വാഹനമോടിച്ച് കുടുംബത്തിലെ ഏക ആണ്‍തരി അപകടംമൂലം മരിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൈസന്‍സില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന്‌ അറിഞ്ഞിട്ടും മക്കള്‍ക്ക് വാഹനം വാങ്ങി നല്‍കുന്ന രക്ഷിതാക്കള്‍ നിരവധിയാണ്. 

നഗരങ്ങളിലെ ഏതാണ്ടെല്ലാ ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറികളിലും പെണ്‍കുട്ടികളടക്കം വിദ്യാര്‍ഥികള്‍ ഇരുചക്ര വാഹനങ്ങളിലാണ് എത്തുന്നത്. ചില സ്കൂളുകളില്‍ വിലക്കുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ സ്കൂളിനടുത്ത കെട്ടിട പരിസരത്ത് ബൈക്ക് സൂക്ഷിക്കുന്നു.

വൈകുന്നേരങ്ങളില്‍ ഒരു ബൈക്കില്‍ മൂന്നും നാലും വിദ്യാര്‍ഥികള്‍ കുതിച്ചുപായുന്ന കാഴ്ച നഗരങ്ങളില്‍പോലും പതിവായി. റോഡ് പരിശോധനയില്‍ ബൈക്ക് തടഞ്ഞാല്‍ വിദ്യാര്‍ഥികള്‍ അപകടത്തില്‍പെടുമെന്നതിനാല്‍ അനധികൃത യാത്രയുടെ ചിത്രമെടുത്ത് ആര്‍.സി. ഉടമക്കെതിരെ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇത്തരം ബൈക്കുകള്‍ പിടിച്ചെടുക്കാനും ആലോചനയുണ്ട്. പലവിധ പിഴ ഈടാക്കുന്നതിനുപുറമെ ബൈക്ക് കസ്റ്റഡിയിലെടുത്താല്‍ രക്ഷിതാക്കള്‍ സ്വയം ബോധവത്കരണത്തിന് തയാറാവുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുണ്ട്.

18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. എന്നാല്‍, 16നും 18നും ഇടയിലുള്ള കൗമാരക്കാര്‍ക്ക് 50 സി.സി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനം ഓടിക്കാം. രക്ഷിതാവിന്‍െറ സമ്മതപത്രം ഹാജരാക്കിയാലേ ഇത്തരം ലൈസന്‍സ് അനുവദിക്കൂ. പക്ഷേ, 50 സി.സി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ കേരളത്തില്‍ ദുര്‍ലഭമാണ്. 

സ്കൂട്ടറിന് 150 ഉം, ബൈക്കുകള്‍ക്ക് 100 മുതല്‍ 500 സി.സി വരെയുമാണ് എന്‍ജിന്‍ കപ്പാസിറ്റി. 50 സി.സി.യുടെ വാഹനമോടിക്കാന്‍ ലൈസന്‍സുള്ളവരാണ് നിയമവിരുദ്ധമായി ബൈക്കുകളിലും ആക്ടീവ സ്കൂട്ടറിലും കുതിച്ചു പായുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.