Latest News

വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന. രാജ്യത്തെ പരമോന്നത പുരസ്‌കാരം നല്‍കാന്‍ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്‌ന ലഭിക്കുന്ന ആദ്യ ബി.ജെ.പി നേതാവാണ് വാജ്‌പേയി.

മരണാനന്തര ബഹുമതിയായാണ് മദന്‍ മോഹന്‍ മാളവ്യക്ക് ഭാരതരത്‌ന നല്‍കുക. നാളെ വാജ്‌പേയിയുടെ പിറന്നാളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനിത് പിറന്നാള്‍ സമ്മാനവുമാണ്.

മോദി ഇന്നു തന്നെ വാജ്‌പേയിയെ സന്ദര്‍ശിക്കും. മദന്‍ മോഹന്‍ മാളവ്യയുടെ വീടും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

രാജ്യം കണ്ട രാഷ്ടതന്ത്രജ്ഞരിലൊരാളാണ് വാജ്‌പേയി. 1924 ഡിസംബര്‍ 25 ന് ജനിച്ച അദ്ദേഹം ഇന്ത്യയുടെ 11ാമത് പ്രധാനമന്ത്രിയാണ്. കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ്സുകാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം.

നാല്‍പ്പതുവര്‍ഷത്തിലേറെയായി ദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹം ഒമ്പതു തവണ ലോക്‌സഭാ എംപിയും രണ്ടു തവണ രാജ്യസഭാ എംപിയുമായി. 2009 ല്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതുവരെ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള എം.പിയായിരുന്നു. മൊറാര്‍ജി ദേശായി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്നു വാജ്‌പേയി. രാഷ്ട്രീയ നേതാവെന്നതിലുപരി സാഹിത്യമണ്ഡലത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

1861 ല്‍ ജനിച്ച, മഹാനാമ എന്നറിയപ്പെടുന്ന മദന്‍ മോഹന്‍ മാളവ്യ ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയും രണ്ടു തവണ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയായ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകനാണ് അദ്ദേഹം. 1924 മുതല്‍ 22 വര്‍ഷം ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു മദന്‍ മോഹന്‍ മാളവ്യ. 1946ലാണ് അദ്ദേഹം അന്തരിച്ചത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.