Latest News

അന്ന സ്‌റ്റോഹര്‍ പോസ്റ്റുകളും ലൈക്കുകളുമില്ലാത്ത ലോകത്തേക്ക് യാത്രയായി

മിനിസോട്ട(യുഎസ്): 'ഫെയ്‌സ്ബുക്ക് മുത്തശ്ശി' അന്ന സ്‌റ്റോഹര്‍ പോസ്റ്റുകളും ലൈക്കുകളുമില്ലാത്ത ലോകത്തേക്ക് യാത്രയായി. ഏറ്റവും പ്രായം കൂടിയ ഫെയ്‌സ്ബുക്ക് അംഗമായി അറിയപ്പെട്ടിരുന്ന അന്നയെ ഞായറാഴ്ച ഉറക്കത്തിനിടയിലാണ് അന്ത്യം തേടിയെത്തിയത്. 114 വയസ്സായിരുന്നു.

പ്ലെയ്ന്‍വ്യൂയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അന്നയുടെ അന്ത്യമെന്ന് മകന്‍ ഹര്‍ലാന്‍ സ്‌റ്റോഹര്‍ അറിയിച്ചു. അവസാന ദിനങ്ങളില്‍ അമ്മയുടെ മനസ്സ് ശാന്തമായിരുന്നെന്നും സാധാരണ പോലെയായിരുന്നു പെരുമാറ്റങ്ങളെന്നും ഹര്‍ലാന്‍ പറഞ്ഞു. അമ്മ എക്കാലവും ജീവിക്കാന്‍ ആഗ്രഹിച്ചിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും എണ്‍പത്തഞ്ചുകാരനായ ഹര്‍ലാന്‍ പറഞ്ഞു.

1900 ഒക്‌ടോബര്‍ 15 ന് ജനിച്ച അന്ന സ്‌റ്റോഹര്‍, തന്നേക്കാള്‍ 102 വയസ്സ് ഇളപ്പമുള്ള ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിച്ചതാണ് മുത്തശ്ശിയെ മാധ്യമശ്രദ്ധയില്‍ എത്തിച്ചത്. സ്വന്തം പ്രായം കൃത്യമായി നല്‍കാനാവാത്തതിനെ തുടര്‍ന്ന് തെറ്റായ ജനനത്തീയതി നല്‍കി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരംഭിച്ചാണ് സ്‌റ്റോഹര്‍ മുത്തശ്ശി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
ഫെയ്‌സ്ബുക്കില്‍ 1905 ജനുവരി 1 മുതലുള്ള ജനനത്തീയതി മാത്രമേ നല്‍കാനാകൂ. അതിനാല്‍ അന്ന സ്‌റ്റോഹറിന്റെ യഥാര്‍ത്ഥ ജനനത്തീയതിയോ പ്രായമോ നല്‍കി ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാനാകുമായിരുന്നില്ല. ഇതേതുടര്‍ന്ന് മുത്തശ്ശി 15 വയസ്സ് കുറച്ച് 'ചെറുപ്പക്കാരിയായി' ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങുകയായിരുന്നു.

തന്റെ 113 -ാം ജന്‍മദിനത്തില്‍ ലഭിച്ച ഐപാഡാണ് മുത്തശ്ശിയെ ഓണ്‍ലൈന്‍ ലോകത്തെത്തിച്ചത്. അന്നയെ കാണാനെത്തിയ സെയില്‍സ് റപ്രസന്റേറ്റീവ് ജോസഫ് ആണ് ഈമെയില്‍ ചെയ്യാനും അക്കൗണ്ട് തുടങ്ങാനുമൊക്കെ മുത്തശ്ശിയെ പഠിപ്പിച്ചത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായി 32 പേര്‍ മാത്രമാണ് സ്‌റ്റോഹര്‍ മുത്തശ്ശിയുടെ സുഹൃദ് ലിസ്റ്റിലുള്ളത്ത്. ഒക്‌ടോബറില്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ജന്‍മദിനം ആഘോഷിക്കുന്ന ചിത്രമാണ് മുത്തശ്ശിയുടെ പ്രൊഫൈല്‍ ചിത്രം. അതേസമയം സ്‌റ്റോഹര്‍ മുത്തശ്ശിയുടെ പേരിലുള്ള പേജിന് പന്ത്രണ്ടായിരത്തിലേറെ ലൈക്കുകളുണ്ട്.

ഫെയ്‌സ്ബുക്ക് മുത്തശ്ശിയുടെ ഫെയ്‌സ്ബുക്ക് സൗഹൃദമാഗ്രഹിച്ച് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും റിക്വസ്റ്റ് അയച്ചവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. റിക്വസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതു മൂലം സ്‌റ്റോഹറുടെ അക്കൗണ്ടിലേക്ക് റിക്വസ്റ്റ് അയയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായി.

അക്കൗണ്ട് ശക്തമായ സ്വകാര്യതയാല്‍ സംരക്ഷിതമായതിനാല്‍ സുഹൃത്തുക്കള്‍ അല്ലാത്തവര്‍ക്ക് അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

ശനിയാഴ്ച പോറ്റ്‌സ്ഡാമിലെ ഇമ്മാനുവല്‍ ലൂഥറന്‍ ചര്‍ച്ചിലാണ് സംസ്‌കാരം.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.