Latest News

ഷഹനായിയില്‍ വിരിയുന്ന വിഷാദഗാനം പോലെയാണ് ഉസ്താദ് ഹസ്സന്‍ഭായിയുടെ ജീവിതം

കാസര്‍കോട്: ഷഹനായിയില്‍ വിരിയുന്ന വിഷാദഗാനം പോലെയാണ് ഉസ്താദ് ഹസ്സന്‍ഭായിയുടെ ജീവിതം. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിക്കുമ്പോഴും ജീവിതവഴിയിലെ താളമിടറി കാസര്‍കോട് കോളിയടുക്കത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുകയാണ് ഹസ്സന്‍ഭായ്. കേരളത്തിലെ ബിസ്മില്ലാഖാന്‍ നീയാകണം എന്ന് സാക്ഷാല്‍ ഉസ്താദ് ബിസ്മില്ലാഖാന്‍ അനുഗ്രഹിച്ചയച്ച കലാകാരന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തിന്റെ പട്ടയം തേടി ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

റോള്‍സ് റോയ്‌സ് കാറില്‍ തലശ്ശേരിയില്‍നിന്ന് മൈസൂരിലേക്കു പോയി കര്‍ണാടകസംഗീതം പഠിച്ചയാളാണ് ഹസ്സന്‍ഭായ്. പക്ഷേ, ഇന്ന് എഴുപത്തിരണ്ടാം വയസ്സിലും സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പട്ടയത്തിനായി നടക്കുകയാണ്. സ്ഥലമായാല്‍ വീടുവെച്ചുകൊടുക്കാന്‍ പലരും തയ്യാറായിട്ടുണ്ടെങ്കിലും സ്വന്തം മണ്ണ് എത്ര അകലെയാണെന്ന് ഹസ്സന്‍ഭായ് ചോദിക്കുന്നു.

പാട്ടിന്റെ വന്‍കരകള്‍ തേടിനടന്നൊരു യൗവനകാലമുണ്ടായിരുന്നു തലശ്ശേരിക്കാരനായ ഹസ്സന്‍ഭായിക്ക്. ജന്മംകൊണ്ട് കണ്ണൂരുകാരനാണെങ്കിലും കര്‍മംകൊണ്ട് കാസര്‍കോട്ടുകാരനായി അദ്ദേഹം. പരവനടുക്കം സരസ്വതിവിദ്യാലയം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നൂറുകണക്കിന് ശിഷ്യര്‍ക്ക് സംഗീതം പകര്‍ന്നുകൊടുക്കുന്നത്. 

കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, കണ്ണൂര്‍ താണ, അഞ്ചരക്കണ്ടി, തലശ്ശേരി, പാലക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും ശിഷ്യര്‍ ഏറെ. വയലിന്‍, കീബോര്‍ഡ്, തബല, ഓടക്കുഴല്‍, സരോദ്, സിത്താര്‍, ഗിത്താര്‍, ബസ്രാജ്, ദില്‍റുബാ, വീണ, രുദ്രവീണ... ഉസ്താദിനു വഴങ്ങാത്ത സംഗീതോപകരണങ്ങള്‍ കുറയും. ഇത്രയും സംഗീതോപകരണങ്ങള്‍ തപസ്സുപോലെ കൊണ്ടുനടന്ന് വായിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്? എന്നാല്‍, അധികൃതര്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത ഭൂമിയുടെ പട്ടയം കിട്ടാന്‍ ഏതു വാതിലില്‍ മുട്ടണമെന്നുമാത്രം മനസ്സിലാകുന്നില്ലെന്ന് ഉസ്താദ് പറയുന്നു.

കോളിയടുക്കത്തെ വാടകവീട്ടുമുറിയില്‍ അലമാരകള്‍ നിറയെ ഉസ്താദിന് നാടു നല്‍കിയ ഉപഹാരങ്ങളാണ്; കണ്ണീരണിയിക്കുന്ന ശോകഗാനംപോലെ ഉസ്താദിനൊപ്പം ജീവിതം പാടി ഭാര്യ സെഫിയയും.
(കടപ്പാട്: മാതൃഭൂമി)
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.