Latest News

ഉത്സവ പ്രതീതിയില്‍ റോള സ്‌ക്വയര്‍ പാര്‍ക്ക് തുറന്നു

ഷാര്‍ജ: ഉത്സവാന്തരീക്ഷത്തില്‍ റോള സ്‌ക്വയര്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. 43-ാം ദേശീയ ദിനമായ ഇന്നലെ രാവിലെ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പാര്‍ക്ക് ചുറ്റിക്കണ്ടു. ഏതാനും സമയം ശൈഖ് പാര്‍ക്കില്‍ ചിലവഴിച്ചു. തുടര്‍ന്ന് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിച്ചു. രാവിലെ മുതല്‍ തന്നെ നൂറുക്കണക്കിന് സന്ദര്‍ശകര്‍ പാര്‍ക്ക് തുറക്കുന്നതും കാത്തിരുന്നു. ഉത്സവ പ്രതീതിയായിരുന്നു ഇവിടം. 

ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഒരു നോക്കുകാണാനും ആളുകള്‍ തിക്കും തിരക്കും കൂട്ടി. പാര്‍ക്ക് പരിസരത്ത് നേരത്തെ തന്നെ പോലീസ് സ്ഥാനമുറപ്പിച്ചിരുന്നു. അകത്തും കനത്ത സുരക്ഷയായിരുന്നു. ദീര്‍ഘനാളായുള്ള കാത്തിരിപ്പിനൊടുവിലാണ് റോള പാര്‍ക്ക് തുറന്നത്.

ഷാര്‍ജ ഇസ്‌ലാമിക സാംസ്‌കാരിക തലസ്ഥാനമായതിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ക്കു തുറന്നത്. ചൊവ്വാഴ്ച മുതല്‍ നാല് ദിവസത്തേക്കു പ്രവേശനം സൗജന്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പാര്‍ക്ക് തുറന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിനാളുകളാണ് പാര്‍ക്കിലൊഴുകിയെത്തിയത്. 

പാര്‍ക്കിനകം അതിമനോഹരമാണ്. കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താനും, പാര്‍ക്കിനകത്ത് നിന്നു ഫോട്ടോയെടുക്കാനും ആളുകള്‍ അതീവ താത്പര്യം കാണിച്ചു. അവധി ദിനമായതിനാല്‍ ഏറെ വൈകിയും സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്നു. പുല്‍ത്തകിടികളും വിവിധ ഫൗണ്ടനുകളും ഏറെ ആകര്‍ഷകമാണ്. ആയിരക്കണക്കിനു സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ ഇതിനാവും.
വ്യായാമത്തിനും, കുട്ടികള്‍ക്കു കളിക്കാനും പാര്‍ക്കിനകത്ത് സൗകര്യമുണ്ട്. കഫ്‌തേരിയയും ഉണ്ട്. പാര്‍ക്കിലെത്തിയ ഉടന്‍ ഊഞ്ഞാലാടാനാണ് കുരുന്നുകള്‍ താത്പര്യം പ്രകടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചത്. ഷാര്‍ജയുടെ ഹൃദയഭാഗമായ റോളയിലെ ഈ പാര്‍ക്ക് നഗരത്തിന്റെ മുഖച്ഛായമാറ്റുന്നതാണ്. നേരത്തെ ആളുകള്‍ ഒത്തുകൂടാനും, സംസാരിച്ചിരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ പാര്‍ക്ക് പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Keywords: Gulf News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.