Latest News

ബ്ലേഡ് മാഫിയയുടെ ഭീഷണി; സ്‌കൂള്‍ അധ്യാപിക തൂങ്ങിമരിച്ചു

ചേര്‍ത്തല: അര്‍ത്തുങ്കലില്‍ സ്‌കൂള്‍ അധ്യാപിക ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് പരാതി. നെടുമ്പ്രക്കാട് ഗവ. യു.പി. സ്‌കൂള്‍ അധ്യാപികയും അര്‍ത്തുങ്കല്‍ പാല്യത്തയ്യില്‍ നെല്‍സണിന്റെ ഭാര്യയുമായ കെ.ജെ. ത്രേസ്യാക്കുട്ടി(53)യാണ് മരിച്ചത്. കുബേര കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ബ്ലേഡുകാരന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്നാണ് ത്രേസ്യാക്കുട്ടി ആത്മഹത്യ ചെയ്തതെന്നുകാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നെല്‍സണ്‍ പരാതി നല്‍കി.

വെള്ളിയാഴ്ച രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ത്രേസ്യാക്കുട്ടിയെ കണ്ടത്. ഉടന്‍തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്ലേഡുകാരനില്‍നിന്ന് 8,50,000 രൂപ കടം വാങ്ങിയിരുന്നുവെന്നും ഇതില്‍ 6,20,000 രൂപയും പലിശയും തിരിച്ചുനല്‍കിയതായും നെല്‍സണ്‍ പറയുന്നു. ബാക്കി കൊടുക്കാനുണ്ടായിരുന്നത് 2,30,000 രൂപ മാത്രമായിരുന്നു. കെ.എസ്.എഫ്.ഇ.യിലെ ചിട്ടിക്കുടിശ്ശിക തീര്‍ക്കാനായി ത്രേസ്യാക്കുട്ടിയുടെ പേരിലുള്ള വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വസ്തുകൈമാറ്റത്തിനെതിരെ ബ്ലേഡുകാരന്‍ കോടതിയില്‍നിന്ന് നിരോധന ഉത്തരവ് വാങ്ങിയെന്ന് നെല്‍സണ്‍ പരാതിയില്‍ പറയുന്നു. 

വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേന അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ മുഖേനയാണ് ബ്ലേഡുകാരന്‍ വസ്തുവിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞദിവസം കെ.എസ്.എഫ്.ഇ.യില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. ഇതോടെ ത്രേസ്യാക്കുട്ടി ആകെ മനോവിഷമത്തിലായി. 

അതിനിടെ ബ്ലേഡുകാരന്‍ നിരന്തരം വീട്ടില്‍വന്ന് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതിനാലാണ് ത്രേസ്യാക്കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് നെല്‍സണ്‍ പരാതിയില്‍ ആരോപിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: അമല്‍ജിത്ത്, അഖില നെല്‍സണ്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.