Latest News

ശബരിമലഅയ്യപ്പന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന.

ശബരിമല: ഭക്തകണ്ഠങ്ങളില്‍നിന്ന് ശരണമന്ത്രങ്ങള്‍ ഉയരവെ ശബരിമലഅയ്യപ്പന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന.

വെള്ളിയാഴ്ച സന്ധ്യയ്ക്ക് തങ്കഅങ്കിയുടെ പ്രഭാപൂരത്തില്‍ കലിയുഗവരദനെ കണ്‍കുളിര്‍ക്കെ തൊഴുത് ഭക്തര്‍ മലയിറങ്ങി. ഇക്കൊല്ലത്തെ മണ്ഡലമഹോത്സവത്തിന് പരിസമാപ്തികുറിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ആറന്‍മുളയില്‍നിന്നെത്തിയ തങ്കഅങ്കിഘോഷയാത്രയെ ഉച്ചയ്ക്ക് 1.50ന് പമ്പയില്‍ ദേവസ്വംബോര്‍ഡ്അംഗം സുഭാഷ് വാസു, പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. ഹരീന്ദ്രകുമാര്‍, സ്‌പെഷല്‍ ഓഫീസര്‍ പ്രസന്നകുമാര്‍, അയ്യപ്പസേവാസംഘം സാരഥികള്‍ എന്നിവര്‍ വരവേറ്റ് ഗണപതികോവിലിലേക്ക് ആനയിച്ചു. മൂന്നുമണിവരെ ഭക്തര്‍ അങ്കിയെ വണങ്ങി.

പിന്നീട് സന്നിധാനത്തേക്ക് പുറപ്പെട്ട ഘോഷയാത്രയെ അഞ്ചരയോടെ ശരംകുത്തിയില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍, സന്നിധാനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ. അജിത്കുമാര്‍, സോപാനം എസ്.ഒ. കെ. ഹരികുമാര്‍, പി.ആര്‍.ഒ. മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ വരവേറ്റ് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചു.

ബോര്‍ഡ്പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍, ദേവസ്വംകമ്മീഷണര്‍ എന്‍. വേണുഗോപാല്‍, സ്‌പെഷല്‍കമ്മീഷണര്‍ കെ. ബാബു, ശബരിമല കോ - ഓര്‍ഡിനേറ്റര്‍ കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം സെക്രട്ടറി പി.ആര്‍ ബാലചന്ദ്രന്‍നായര്‍, എ.ഡി.ജി.പി. പദ്മകുമാര്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എന്‍. രാമചന്ദ്രന്‍, അയ്യപ്പസേവാസംഘം ഭാരവാഹികള്‍ തുടുങ്ങിയവര്‍ സ്വീകരിച്ച് സോപാനത്തെത്തിച്ചു. ഇവിടെ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍, ബാലരാമവര്‍മ സമര്‍പ്പിച്ച തങ്കഅങ്കി ഏറ്റുവാങ്ങി ഭഗവാനുചാര്‍ത്തി ദീപാരാധന നടത്തി.

ശനിയാഴ്ച 12 മുതല്‍ മണ്ഡലപൂജയ്ക്ക് ഒരുക്കംതുടങ്ങും. 12.30ന് പൂജാചടങ്ങുകള്‍ പൂര്‍ത്തിയാകും. രാത്രി ഹരിവരാസനംപാടി നട അടയ്ക്കുന്നതോടെ മണ്ഡല ഉത്സവം പൂര്‍ത്തിയാകും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് നട തുറക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.