Latest News

ബി.ജെ.പി ഓഫീസിന് തീവെച്ചതില്‍ ബന്ധമില്ലെന്ന് സി.പി.എം

ഉദുമ: പാലക്കുന്നിലെ ബി.ജെ.പി ഓഫീസ് തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ.എം ഉദുമ ഏരിയാ കമ്മിറ്റി. 

ഈ സംഭവത്തില്‍ സി.പി.ഐ.എമ്മിന് ഒരു ഉത്തരവാദിത്തവുമില്ല. പൊതുവേ സമാധാനം നിലനില്‍ക്കുന്ന പാലക്കുന്നില്‍ ഓഫീസ് തുറന്ന് പ്രകോപനമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പിയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന വസ്തുത പാലക്കുന്നിലെല്ലാവര്‍ക്കും അറിയുന്നതാണ്.
സി.പി.ഐ.എം ജില്ലാ സമ്മേളനത്തോട് പൊതുവേ സൗഹൃദപൂര്‍ണ്ണമായ സമീപനമാണ് ബി.ജ.പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും സ്വീകരിച്ചിരുന്നത്. പൊയിനാച്ചിയില്‍ മാത്രമാണ് കോണ്‍ഗ്രസുകാരായ സാമൂഹ്യവിരുദ്ധ മനസുള്ള ചിലയാളുകള്‍ കൊടി തോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. മറ്റെവിടെയും ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രചരണ സാമഗ്രികള്‍ക്ക് നേരെയോ ജനങ്ങള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്ന സമീപനമോ സ്വീകരിച്ചിരുന്നില്ല.
പൊയിനാച്ചിയിലും ബട്ടത്തൂരിലും വാഹനങ്ങള്‍ക്ക് നേരെ അക്രമണം സംഘടിപ്പിച്ചതും ബി.ജെപിക്കാരാണ്്. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ചിലരെ ജില്ലാ ആശുപത്രിയിലും മന്‍സൂര്‍ ആശുപ്ത്രിയിലും അഡ്മിറ്റ് ചെയ്തിരുന്നു. മലാംകുന്നിലും, ചിറമ്മലിലും, തൃക്കണ്ണാട്ടും, കോട്ടിക്കുളത്തും 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതീകമായി സ്ഥാപിച്ച കൊടിയും തോരണങ്ങളും മുഴുവന്‍ നശിപ്പിച്ചതും ബി.ജെ.പിക്കാരാണ്. ഈ നശീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം യഥാ സമയം ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.
ഉദുമ കോതാറമ്പത്ത് പുതിയ പുര തറവാടില്‍ പുത്തരി കൊടുക്കല്‍ ചടങ്ങിന് പോയ പാര്‍ട്ടി അനുഭാവികളായ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഭക്ഷണം കഴിക്കാന്‍ സമ്മതിക്കാതെ തിരിച്ചയക്കുകയും ചെയ്ത സംഭവമുണ്ടായി. 

കൊക്കാലിലെ ബി.ജെ.പി സ്വാധീന കേന്ദ്രത്തില്‍ നിന്നും ഒട്ടേറെ ആളുകള്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പ്രകടനത്തിന് ആളുകളെ കൊണ്ടുപോയി തിരിച്ച് വന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തതും ബി.ജെ.പി പ്രവര്‍ത്തകരാണ്. ചട്ടഞ്ചാലിലും കോളിയടുക്കത്തും പരിസര പ്രദേശങ്ങളിലെല്ലാമുള്ള മുഴുവന്‍ ജനങ്ങളുടെയും മനസുകൊണ്ടും സമ്പത്തുകൊണ്ടുമുള്ള നിസീമമായ സഹായത്തോടെ ഉജ്വലമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ സമ്മേളനത്തെ അലങ്കോലമാക്കാന്‍ ബി.ജെ.പിക്കാര്‍ ശ്രമിച്ച ഘട്ടങ്ങളിലൊന്നും പ്രകോപിതരാക്കാത്ത സി.പി.ഐ.എം പ്രവര്‍ത്തകര്‍ സമ്മേളനത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ബി.ജെ.പി ഓഫീസിന് നേരെ അക്രമണം നടത്തിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് സ്വന്തം അക്രമത്തെ മൂടി വെക്കുന്നതിന് വേണ്ടിയാണ്. 

ബി.ജെ.പിയുടെ ഈ ദുഷ്ട നീക്കം തിരിച്ചറിയണമെന്ന് മുഴുവനാളുകളോടും സി.പി.ഐ.എം ഉദുമ ഏരിയാ കമ്മിറ്റി ഈ പ്രസ്താവനനയിലൂടെ അഭ്യര്‍ത്ഥിക്കുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.