Latest News

ഹക്കീം വധക്കേസ്; പോലീസിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്

പയ്യന്നൂര്‍: ഹക്കീം വധക്കേസ് അട്ടിമറിക്ക് പിന്നില്‍ പോലീസെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. കേസന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ബാഹ്യശക്തികളുടെ നിയന്ത്രണത്തിന് വിധേയരായ പോലീസ് ഉന്നതരുടെ ഒത്തുകളിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ അബ്ദുള്‍ റഹീമിന്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആരോപണം. 

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ യശസ്സിന് മങ്ങലേല്‍പിക്കും. ആഭ്യന്തരവകുപ്പ് അറിയാതെ ഒരു ഹക്കീം വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഇവരെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളെയും അടിയന്തര അന്വേഷണത്തിലൂടെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു.
ഹക്കീം വധം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കൊലപാതകികള്‍ അറസ്റ്റിലാവുമെന്ന് ഭയപ്പെടുന്ന ചില കേന്ദ്രങ്ങളാണ് അട്ടിമറി കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ച് രാഷ്ട്രീയ മുതലെടുപ്പിനായി കള്ളപ്രചരണം നടത്തുന്നതെന്നും യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റിലാവുമ്പോള്‍ ചിലരുടെ രാഷ്ട്രീയ മുഖംമൂടികള്‍ അഴിഞ്ഞുവീഴുമെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നു. 

എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് എ പി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. കെ പി സി സി എക്‌സി അംഗം എം നാരായണന്‍കുട്ടി, ഡി സി സി വൈസ് പ്രസിഡന്റ് വി എന്‍ എരിപുരം, എം കെ രാജന്‍, പി സി നാരായണന്‍, അഡ്വ. സി കെ ഗോപിനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.
അതേസമയം ഹക്കീം വധക്കേസ് അന്വേഷണസംഘാംഗമായ സി ഐ അബ്ദുള്‍ റഹീമിനെ അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ആലക്കോടേക്ക് സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്തതില്‍ അവകാശവാദങ്ങളുമായി കണ്ണൂര്‍ ഡി സി സിയും പയ്യന്നൂര്‍ എം എല്‍ എ സി കൃഷ്ണന്റെ ഓഫീസും രംഗത്ത് വന്നിരുന്നുവെങ്കിലും ഇതേവരെ നടപടി റദ്ദ് ചെയ്തിട്ടില്ലെന്നാണറിവ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.