Latest News

മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയ കലാപ പ്രതികളെ ഒറ്റപ്പെടുത്തണമെന്ന് സമാധാന കമ്മിറ്റി ആഹ്വാനം

കാസര്‍കോട്: ജില്ലയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നവരെയും അതില്‍ പങ്കാളികളാകുന്നവരെയും രാഷ്ട്രീയപാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തണമെന്ന് സര്‍വകക്ഷി സമാധാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികളാകുന്നവരെ ഒരു തരത്തിലും സഹായിക്കുകയോ പിന്തുണയ്ക്കാനോ പാടില്ലെന്നും കേസിന്റെ അന്വേഷണം കുറ്റവാളികളെ സാമ്പത്തികമായി സഹായിക്കുന്നവരിലേക്ക് നീളുമെന്നും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു.
www.malabarflash.com
കുറ്റം ചെയ്തവരും, ക്രിമിനലുകളും ഒറ്റപ്പെടുന്നതോടെ കുറ്റങ്ങള്‍ കുറയും. എല്ലാ മതവിഭാഗക്കാരും രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ കാസര്‍കോടിനെ എളുപ്പത്തില്‍ സമാധാനാന്തരീക്ഷത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിയും. ജില്ലയില്‍ ഏതെങ്കിലും ഒരു ആഘോഷത്തിന്റെ ഭാഗമായുളള കൊടിതോരണങ്ങള്‍ പരിപാടിയുടെ രണ്ട് ദിവസം മുമ്പ് മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂ. ഉത്സവം കഴിഞ്ഞ് 24 മണിക്കൂറിനകം സ്ഥാപിച്ചവര്‍ തന്നെ അതുമാറ്റണം. അല്ലാത്ത പക്ഷം കൊടിതോരണങ്ങള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കും.

കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങണം. നബിദിനത്തിന്റെ ഭാഗമായി ഇതിനകം സ്ഥാപിച്ച കൊടിതോരണങ്ങളെക്കുറിച്ച് പോലീസില്‍ വിവരം അറിയിക്കണം. ആരാധാനാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലേക്ക് കൊടിതോരണങ്ങള്‍ പരിമിതപ്പെടുത്തണം. വര്‍ഗീയ സംഘര്‍ഷം കുറച്ചുകൊണ്ടുവരാന്‍ മതനേതാക്കന്‍മാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒരു കൂട്ടായ്മ രൂപപ്പെടുത്തണം. നബിദിന പരിപാടികള്‍ സമാധാനപരമായി നടത്താനും അക്രമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും എല്ലാവരും സംയമനം പാലിക്കണം. വെള്ളിയാഴ്ച പളളികളില്‍ പ്രത്യേക ബോധവത്ക്കരണ സന്ദേശം നല്‍കുമെന്ന് മതനേതാക്കന്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് ചിലര്‍ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കും കിംവദന്തികള്‍ക്കും ചെവികൊടുക്കരുതെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തില്‍ പ്രചരണം നടത്തുന്ന ഗ്രൂപ്പുകള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചു.

എല്ലാ മതവിഭാഗക്കാരും പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം സമാധാനം തകര്‍ക്കുന്നതിനായി ശ്രമിക്കുന്നു. വര്‍ഗീയതയുടെ പേരില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല. അക്രമം നടത്തുമ്പോള്‍ നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളെ മാത്രം ഉന്നംവെച്ച് സ്ഥിരമായി അക്രമിക്കുന്നവരെ പിടികൂടാനുളള നടപടികള്‍ സ്വീകരിക്കും. ഈകുറ്റ കൃത്യങ്ങളുടെ ഗൂഢാലോചനയില്‍ ഉള്‍പെട്ടവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും.

ഇത്തരം സംഭവങ്ങളില്‍ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മതം മാത്രം നോക്കി ആക്രമിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കാന്‍ സമൂഹം തയ്യാറാകണം. ജില്ലയിലെ പോലീസ് സേനയിലെ ഓരോ അംഗവും രാപകലന്യേ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് നഗരത്തില്‍ രാത്രി 10 മണിക്കുശേഷം കടകള്‍ അടക്കാന്‍ നിര്‍ബന്ധിതമായത്.

അക്രമങ്ങള്‍ക്ക്് പിന്നിലുള്ള ക്വട്ടേഷന്‍ സംഘം, മദ്യം, ലഹരി, മറ്റു മാഫിയകള്‍ എന്നിവയെ നിലയ്ക്ക് നിര്‍ത്താനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോലീസിന് നേരെ ആക്രമങ്ങള്‍ അഴിച്ചുവിടുന്നവരെ പൊറുപ്പിക്കില്ല. ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ വിചാരണ നടത്തി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താന്‍ ഒരു സ്‌പെഷ്യല്‍ കോര്‍ട്ട് ആരംഭിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കണമെന്നും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാനും കസ്റ്റഡി ട്രയല്‍ നിര്‍ബന്ധമാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. പോലീസ് സ്വീകരിച്ച എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

യോഗത്തില്‍ എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന എന്‍. ദേവീദാസ്, തഹസില്‍ദാര്‍മാരായ എന്‍. പ്രഭാകര, കെ. ശശിധരഷെട്ടി, അഡീഷണല്‍ തഹസില്‍ദാര്‍ കെ.വി രാമചന്ദ്രന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.സി ഖമറുദ്ദീന്‍, എ. അബ്ദുര്‍ റഹിമാന്‍, സി. അഹമ്മദ് ഷറഫ്, എ. കുഞ്ഞിരാമന്‍ നായര്‍, എ.കെ മൊയ്തീന്‍കുഞ്ഞി, ബി.എം സുഹൈല്‍, സുരേഷ്‌കുമാര്‍ ഷെട്ടി, പി. മുഹമ്മദലി, ടി. കൃഷ്ണന്‍, ഹരീഷ് ബി നമ്പ്യാര്‍, അസീസ് കടപ്പുറം, ഉമ്മര്‍ ഫാറൂഖ്, എം.വി കോമന്‍ മാസ്റ്റര്‍, പി. മുഹമ്മദലി, മുഹമ്മദ്, കെ. ശ്രീകാന്ത്, വിവിധ പള്ളിക്കമ്മിറ്റി ഭാരവാഹികളായ എ. ഹാരിസ്, എന്‍.എ അബ്ദുല്‍ ഖാദര്‍, കെ.എം ഇബ്രാഹിം, വി. മുഹമ്മദ്, സുലൈമാന്‍ ഹാജി, എ.കെ അബൂബക്കര്‍, കെ.എം. അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ്മാന്‍ മധൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.