Latest News

ദേശീയപാത, കെഎസ്ടിപി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം

കാസര്‍കോട്: ചന്ദ്രഗിരി തീരദേശപാത നിര്‍മാണവും തകര്‍ന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണിയും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) ഭാഗമായി 133 കോടി രൂപ ചെലവില്‍ ലോകബാങ്ക് സഹായത്തോടെ നിര്‍മിക്കുന്ന ചന്ദ്രഗിരി തീരദേശപാതയുടെ നിര്‍മാണം അവതാളത്തിലാണിപ്പോള്‍. നിലവില്‍ കാസര്‍കോടിനും പാലക്കുന്നിനും ഇടയിലുള്ള അഞ്ച് കിലോമീറ്ററില്‍ ഒരുവശത്തുള്ള റോഡിന്റെ ഡെന്‍സ് ബിറ്റുമിന്‍ മെക്കാഡം ജോലി മാത്രമാണ് പൂര്‍ത്തിയായത്. ഇതിലൂടെ താത്കാലിക ഗതാഗതമാത്രമാണ് സാധ്യമാവുന്നത്. ഇതിനിടെ ടാര്‍ ലഭിക്കാതായതും റോഡ് പണി വൈകിച്ചു.

ഈ റോഡില്‍ മണ്ണിടിയുന്നത് തടയാനും അടിയന്തിര നടപടി വേണം. 2013 സപ്തംബറില്‍ തുടങ്ങിയ തുടങ്ങിയ നിര്‍മാണം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഉറപ്പ്. എന്നാല്‍ ഒരുവര്‍ഷവും നാല് മാസവുമായിട്ടും നിര്‍മാണം എങ്ങുമെത്താത്ത നിലയിലാണ്.

 തലപ്പാടി മുതല്‍ നീലേശ്വരം വരെയുള്ള ദേശീയപാത ഉടന്‍ നന്നാക്കണമെന്നും ഈ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതയിലെ യാത്ര ദുഷ്‌കരവും പേടിപ്പെടുത്തുന്നതുമായിട്ട് കാലങ്ങളായി. തലപ്പാടി മുതല്‍ നീലേശ്വരം വരെയുള്ള ജില്ലയിലെ ദേശീയപാതയില്‍ പൊട്ടിപൊളിയാത്ത ഭാഗം വളരെ കുറവാണ്. ഇതുമൂലം ദേശീയപാതയില്‍ ഗതാഗത തടസവും പതിവാണ്. ടാങ്കര്‍, ചരക്കുലോറികള്‍ കുടുങ്ങിയാല്‍ ഏറെ സമയം കഴിഞ്ഞുമാത്രമാണ് തടസം നീങ്ങുന്നത്.

കാസര്‍കോട്‌നിന്ന് മംഗളൂരുവിലേക്ക് യാത്രാസമയം ഇരട്ടിയിലധികമായി. ജീവന്‍ പണയംവെച്ചാണ് ഇതുവഴി വാഹനം ഓടിക്കുന്നത്. കുമ്പള ടൗണ്‍, ആരിക്കാടി പാലം, പെരിയ, കുണിയ എന്നിവിടങ്ങളിലൊന്നും റോഡില്ലാതായി.

മുമ്പൊന്നും റോഡില്‍ ഇത്ര വലിയ കുഴികള്‍ ഉണ്ടായിട്ടില്ല. എല്ലാവര്‍ഷവും മെക്കാഡം ടാറിങ് നടത്തുന്ന ദേശീയപാത ഇങ്ങനെ പൊട്ടിപ്പൊളിഞ്ഞത് എങ്ങനെയെന്ന ചോദ്യമാണുയരുന്നത്. റോഡ് പണിയില്‍ ഉണ്ടായ വന്‍ അഴിമതിയാണ് ഇത്ര മോശമാകാന്‍ കാരണം- അടിയന്തിര നടപടിയെടുത്ത് റോഡ് തകര്‍ച്ചക്ക് പരിഹാരമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.